റയ്യാന്‍ കവാടം പ്രകാശിച്ച് നില്‍ക്കുകയാണ്

Posted on: July 9, 2013 11:40 pm | Last updated: July 10, 2013 at 4:38 pm

ramazan 1റമസാന്‍ സമാഗതമാകുന്നതിന്റെ മുമ്പേ ഒരുങ്ങി നിന്നാണ് നാം വിശുദ്ധ മാസത്തെ സ്വീകരിച്ചത്. സമ്പൂര്‍ണമായ ആത്മവിശുദ്ധി നേടാനുള്ള അടങ്ങാത്ത അഭിലാഷവുമായി റജബിലും ശഅബാനിലും അനുഗ്രഹ വര്‍ഷം ചൊരിയേണമേ എന്ന പ്രാര്‍ഥന നിര്‍വഹിക്കാനും പുണ്യ റമസാനില്‍ തറാവീഹിനും നോമ്പുകര്‍മങ്ങള്‍ക്കും ഖുര്‍ആന്‍ പാരായണത്തിനും മറ്റു സുകൃതങ്ങള്‍ക്കും പ്രത്യേകം അവസരം നല്‍കേണമേ എന്ന് മാനസികസജ്ജരായി കാത്തിരിക്കാനും നബി (സ) നിര്‍ദേശിച്ചതനുസരിച്ചായിരുന്നുവല്ലോ നമ്മുടെ ഈ ഒരുക്കങ്ങളൊക്കെ.
ആത്മസംസ്‌കരണത്തിന്റെ അസുലഭാവസരങ്ങളുമായി വീണ്ടുമൊരു വിശുദ്ധ റമസാനിനെ വരവേല്‍ക്കാന്‍ അല്ലാഹു നമുക്ക് മഹാ ഭാഗ്യം നല്‍കി. മഹത്തായ ഈ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കേണ്ടത് നിരന്തര ആരാധനകളിലൂടെ ഈ മാസത്തെ കര്‍മനിരതമാക്കിയാകണം. നമ്മെ വരിഞ്ഞു മുറുക്കിയ ആധുനിക ലോകത്തിന്റെ എല്ലാ ആസക്തികളെയും മാറ്റിനിര്‍ത്താന്‍ സാധിക്കണം.
വിശ്വാസി, നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട പഞ്ച സ്തംഭങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് വിശുദ്ധ റമസാനിലെ പുണ്യ വ്രതം. ‘മുന്‍കാലക്കാര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയതു പോലെ നിങ്ങളുടെ മേലിലും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു’വെന്നാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.
പ്രാര്‍ഥനക്കുത്തരമായി നമുക്ക് കനിഞ്ഞു തന്ന മാസത്തെ യഥോചിതം സ്വീകരിക്കാനും ആരാധനകള്‍ കൊണ്ട് ധന്യമാക്കാനും കഴിയാത്തവര്‍ എത്ര ഹതഭാഗ്യരായിരിക്കും! പുണ്യമാസത്തിന്റെ ആദരവിന് കോട്ടം തട്ടുന്നതൊന്നും ചെയ്യില്ലെന്ന പ്രതിജ്ഞയോടെയാകണം വിശ്വാസിയുടെ ഓരോ പ്രവര്‍ത്തനയും. അരുതാത്തതിലേക്ക് കണ്ണോ മനസ്സോ കാതോ തിരിയുമ്പോഴെല്ലാം താനൊരു നോമ്പുകാരനാണെന്ന ഉള്‍പ്രഖ്യാപനത്തോടെ മാറി നില്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ റമസാന്‍ നമുക്ക് അനുഗുണമായി സാക്ഷി നില്‍ക്കുകയുള്ളൂ.
മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്ന വിചാരങ്ങളുടെ വിഹാര കേന്ദ്രമായിരിക്കും പലപ്പോഴും മനസ്സ്. മനസ്സിനെ വലയം ചെയ്ത പൈശാചികതയാണിതിനു കാരണം. വ്രതം തെറ്റുകള്‍ തടുക്കാനുള്ള പരിചയാണെന്നാണ് പ്രവാചകാധ്യാപനം. സംസ്‌കാരസമ്പന്നനാകണമെങ്കില്‍ തെറ്റുകളില്‍ നിന്നും മുക്തനാകണം. റമസാന്‍ അതിനു തുണക്കട്ടെ.
ഈമാനോടെയും ‘ഇഹ്തിസാബോ’ടെയും വ്രതം അനുഷ്ഠിക്കുന്നവന്റെ പൂര്‍വ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി (സ) ഓര്‍മപ്പെടുത്തിയത് നമുക്ക് പ്രതീക്ഷയും പ്രചോദനവുമാകണം. അല്ലാഹുവിനെക്കുറിച്ചുണ്ടാകേണ്ട ശരിയായ വിശ്വാസവും അവനില്‍ മാത്രം പൂര്‍ണ പ്രതീക്ഷ അര്‍പ്പിക്കുക എന്ന തവക്കുലുമാണ് ഈമാന്‍ കൊണ്ടര്‍ഥമാക്കുന്നത്. തന്റെ ഏത് പ്രവര്‍ത്തനത്തെയും മത ആദര്‍ശങ്ങളുമായി എല്ലായ്‌പ്പോഴും തുലനം ചെയ്ത് ആത്മവിചാരണ ചെയ്യുക എന്നതാണ് ഇഹ്തിസാബ് കൊണ്ടുള്ള വിവക്ഷ. ‘അന്ത്യനാളില്‍ നിങ്ങള്‍ വിചാരണ ചെയ്യപ്പെടും മൂമ്പ് സ്വയം വിചാരണ ചെയ്യുക’ എന്ന വിശുദ്ധ അധ്യാപനത്തിന്റെ നിര്‍വഹണ വേദിയാകണം വിശുദ്ധ റമസാന്‍ രാപ്പകലുകള്‍.
പ്രാര്‍ഥനകളാല്‍ റമസാന്റെ രാപ്പകലുകളെ സജീവമാക്കുക. രാത്രികളില്‍ ഏകനായിരുന്ന് തെറ്റു കുറ്റങ്ങള്‍ നാഥനോട് കരഞ്ഞു പറയുക. നിസ്‌കാരശേഷമുള്ള പ്രാര്‍ഥനകള്‍ ദീര്‍ഘിപ്പിക്കുക. നരകത്തിന്റെ ഭയാനകതയില്‍ നിന്ന് രക്ഷ തേടി സ്വര്‍ഗം ചോദിച്ചുകൊണ്ടിരിക്കണം. ആദ്യ പത്തില്‍ അനുഗ്രഹങ്ങള്‍ ചോദിച്ചു വാങ്ങണം. രണ്ടാം പത്തില്‍ പാപമോചനവും മൂന്നാം പത്തില്‍ വിടുതിയും ഒപ്പം സ്വര്‍ഗവും കരഗതമാകണം. അല്ലാഹു ഉത്തരം നല്‍കും എന്ന ഉറച്ച മനസ്സോടെ ചോദിക്കുക. പ്രാര്‍ഥനയെ ഏറെ ഇഷ്ടപ്പെടുന്നവനാണല്ലാഹു.
ഇസ്‌ലാം നിര്‍ദേശിച്ച നിയമതത്വങ്ങള്‍ക്ക് വിധേയമായി റമസാനിനെ വരവേറ്റവര്‍ക്ക് സ്വര്‍ഗപൂങ്കാവനമാണ് പ്രതിഫലം. അല്‍ റയ്യാന്‍ പുണ്യ കവാടം പ്രകാശിച്ചു നില്‍ക്കുന്നത് നോമ്പ്കാരെ വരവേല്‍ക്കാനാണ്. അല്ലാഹു തന്നെ പറഞ്ഞല്ലോ നോമ്പ് എനിക്കുള്ളതാണ്, അതിന് പ്രതിഫലം നല്‍കുന്നത് ഞാന്‍ തന്നെയാണ്. ‘റമസാന്‍ ആഗതമാകുന്നതോടെ സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടും. നരകങ്ങള്‍ കൊട്ടിയടക്കപ്പെടും.’ (ബുഖാരി മുസ്‌ലിം).
വിശുദ്ധ മാസം അനുഗുണമായി സാക്ഷി നില്‍ക്കുന്നവരില്‍ അല്ലാഹു നമ്മെയും കുടുംബത്തെയും മശാഇഖുമാരെയും പെടുത്തട്ടെ. ആമീന്‍