Connect with us

International

സദ്ദാം ഹുസൈന്റെ അര്‍ധസഹോദരന്‍ അന്തരിച്ചു

Published

|

Last Updated

ബഗ്ദാദ്: ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ അര്‍ധസഹോദരന്‍ സബ്ആവി ഇബ്‌റാഹിം അല്‍ ഹസന്‍ അന്തരിച്ചു. ബഗ്ദാദിലെ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. അര്‍ബുദരോഗബാധിതനായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നുവെന്ന് ഇറാഖ് നീതികാര്യ ഉപമന്ത്രി ബുഷൊ ഇബ്‌റാഹിം അറിയിച്ചു.
സദ്ദാം ഹുസൈന്‍ ഇറാഖ് പ്രസിഡന്റായിരിക്കെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശില്‍പ്പികളിലൊരാളായിരുന്ന അല്‍ ഹസന്‍ ഇറാഖിലെ അമേരിക്കന്‍ അധിനിവേശക്കാലത്ത് ഐക്യ സേനക്കെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് സംഘടിപ്പിച്ചവരില്‍ പ്രധാനിയായിരുന്നു. ഭരണകാല അതിക്രമങ്ങളുടെ പേരില്‍ അമേരിക്കന്‍ അധിനിവേശ സൈനിക ഭരണകൂടം അല്‍ ഹസനെ നിരവധി കേസുകളില്‍ പ്രതിയാക്കി വധശിക്ഷക്ക് വിധിച്ചിരുന്നു. തൂക്കു കയര്‍ കാത്തിരിക്കെയാണ് മരണം സംഭവിച്ചത്.
സദ്ദാം ഹുസൈന്റെ പതനത്തെ തുടര്‍ന്ന് ജയിലിലായിരുന്ന അല്‍ ഹസനെ രോഗം മൂര്‍ച്ഛിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പിന്നീട് അദ്ദേഹത്തിന്റെ കുടുംബത്തിന് വിട്ടുകൊടുത്തു.
2003ല്‍ ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് സിറിയയില്‍ പ്രവാസ ജീവിതം നയിച്ച അദ്ദേഹത്തെ 2005ല്‍ സിറിയന്‍ സര്‍ക്കാര്‍ ഇറാഖിലേക്ക് തന്നെ നാടുകടത്തിയിരുന്നു. ഇറാഖിലെ സദ്ദാം ഹുസൈന്‍ അനുയായികള്‍ക്ക് സിറിയയിലിരുന്ന് അല്‍ ഹസന്‍ സാമ്പത്തിക സഹായം ലഭ്യമാക്കുകയും അമേരിക്കന്‍ സേനക്കെതിരെ ചെറുത്തു നില്‍പ്പിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Latest