Connect with us

International

മ്യാന്‍മര്‍ കലാപം: രണ്ട് ബുദ്ധ സന്ന്യാസിമാര്‍ക്ക് തടവ് ശിക്ഷ

Published

|

Last Updated

യാങ്കൂണ്‍: മ്യാന്‍മറില്‍ വര്‍ഗീയ കലാപത്തിന് നേതൃത്വം നല്‍കിയ രണ്ട് ബുദ്ധ സന്ന്യാസിമാര്‍ക്ക് ഏഴ് വര്‍ഷം തടവ്. നിരവധി റോഹിംഗ്യ മുസ്‌ലിംകള്‍ കൊല്ലപ്പെട്ട കലാപം ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു നടന്നത്. മെയിക്തില ജില്ലാ കോടതിയാണ് സന്ന്യാസിമാര്‍ക്ക് തടവ് വിധിച്ചതെന്ന് പ്രാദേശിക വക്താക്കള്‍ വെളിപ്പെടുത്തി. മെയിക്തില പ്രദേശത്ത് 44 പേരുടെ മരണത്തിനിടയാക്കിയ കലാപവുമായി ബന്ധപ്പെട്ട് ജൂണ്‍ 28ന് അറസ്റ്റിലായ 24 കാരനാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പിടിക്കപ്പെട്ട ബുദ്ധ സന്ന്യാസി. ഗൗരവമായ കുറ്റമാണ് ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ടതെന്ന് മെയിക്തില്ല ജില്ലാ ചെയര്‍മാന്‍ ടിന്‍ മോംഗ് സു പറഞ്ഞു. ശിക്ഷ വിധിക്കപ്പെട്ട രണ്ടാമത്തെ സന്ന്യാസി 21കാരനാണ്. ഇയാള്‍ക്ക് ഏഴ് വര്‍ഷം തടവും ഒരു വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ച സന്ന്യാസിമാരുടെ പ്രവര്‍ത്തനം രാജ്യത്തുട നീളം ലഹള പടര്‍ത്താന്‍ കാരണമായതായി കോടതി നിരീക്ഷിച്ചു. കലാപത്തെ തുടര്‍ന്ന് നിരവധി കടകളും, ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. ആയിരക്കണക്കിന് മുസ്‌ലിംകള്‍ക്ക് വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടതായും വന്നിരുന്നു.
കലാപവുമായി ബന്ധപ്പെട്ട് പത്തോളം മുസ്‌ലിംകള്‍ തടവിലാക്കപ്പെട്ടിരുന്നു. ബുദ്ധ ആരാധനാലയം ആക്രമിച്ചതിന് ഇവരില്‍ ഏഴോളം പേര്‍ക്കെതിരെ രണ്ട് മുതല്‍ 28 വര്‍ഷം വരെ തടവും വിധിച്ചിട്ടുണ്ട്.

 

Latest