നയാനന്ദകര കാഴ്ചയൊരുക്കി ഗുണ്ടല്‍പേട്ടിലെ സൂര്യകാന്തിപ്പാടങ്ങള്‍

Posted on: July 9, 2013 12:29 am | Last updated: July 9, 2013 at 12:29 am

Wandoor akbar sunflower photoഗുണ്ടല്‍പേട്ട്:സഞ്ചാരികള്‍ക്ക് നയനമനോഹര കാഴ്ചയൊരുക്കി ഗുണ്ടല്‍പേട്ടിലെ സൂര്യകാന്തിപ്പാടങ്ങള്‍ പൂത്തുലഞ്ഞു. ഗുണ്ടല്‍പേട്ടിലെ നൂറുക്കണക്കിന് ഏക്കര്‍ വയലുകളിലാണ് മഞ്ഞവിരിച്ച് സൂര്യകാന്തിപ്പൂക്കള്‍ സഞ്ചാരികളുടെ മനം കവരുന്നത്. പൂക്കളെ തൊട്ടുതലോടി ചിത്രമെടുത്തും വാങ്ങിയും നിരവധി സഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. പൂക്കള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ ഒന്നാണ് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്.

പാചക എണ്ണയുത്പാദനത്തിനാണ് സൂര്യകാന്തി വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നത്. പൂക്കള്‍ ഉണങ്ങിയ ശേഷമാണ് ഇവ വിളവെടുക്കുക. നാരുകള്‍ കൂടുതലുള്ളതിനാല്‍ പേപ്പര്‍ നിര്‍മാണത്തിനും കാലിത്തീറ്റ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കുന്നുണ്ട്. അമേരിക്കയാണ് ജന്മദേശമെങ്കിലും ഇന്ത്യയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്ന പ്രദേശമാണ് ഗുണ്ടല്‍പേട്ട്.
സൂര്യകാന്തിപ്പൂക്കളുടെ വിളവെടുപ്പിന് ശേഷം ഓണത്തിനുള്ള പൂക്കളുടെ കൃഷിയിറക്കുന്ന രീതിയും ഇവിടെ പതിവാണ്. ചിലര്‍ തക്കാളി കൃഷി ചെയ്തിരുന്ന വയലുകളില്‍ വിളവെടുപ്പിന് ശേഷം ചെണ്ടുമല്ലി പൂക്കളും കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്.