Connect with us

Articles

പതിനാറ് വയസ്സുള്ള 'ശിശു'

Published

|

Last Updated

16 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം എങ്ങനെയാണ് “ശൈശവ” വിവാഹമാകുന്നത്? അഞ്ച് വയസ്സ് വരെയുള്ള പ്രായമാണ് സാധാരണയില്‍ ശൈശവം. ശൈശവവും ബാല്യവും കൗമാരവും പിന്നിട്ട് യൗവനത്തില്‍ തൊട്ടുനില്‍ക്കുന്ന പ്രായമാണ് മധുരപ്പതിനാറ്. ഈ പ്രായക്കാരുടെ കൈയില്‍ കുപ്പിപ്പാല് പിടിപ്പിച്ചു ശിശുവാക്കുന്നതിന്റെ പൊരുള്‍ ഏറെയൊന്നും ആലോചിക്കാതെ തന്നെ മനസ്സിലാകും. വിഷയം മുസ്‌ലിം പെണ്‍കുട്ടികളുടെതാണ്. വിവാഹപ്രായം 16 ആക്കുന്നതില്‍ മാത്രമേ ഇവിടെ ചിലര്‍ക്ക് എതിര്‍പ്പുള്ളൂ. വിവാഹപ്രായം 18 ആക്കണമെന്നു ശാഠ്യം പിടിക്കുന്ന ഒരാളും വ്യഭിചാര പ്രായം 16 ആക്കുന്നതില്‍ പ്രതിഷേധിച്ചതായി കണ്ടില്ല. 16-ാം വയസ്സില്‍ വ്യഭിചാരം തുടങ്ങിയാല്‍ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങുമോ? സിഫിലിസ് തുടങ്ങി എയിഡ്‌സ് വരെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ?

പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം എങ്ങനെയാണ് “ശൈശവ” വിവാഹമാകുന്നത്? അഞ്ച് വയസ്സ് വരെയുള്ള പ്രായമാണ് സാധാരണയില്‍ ശൈശവം. ചിലരിത് ഉദാരമാക്കി 6-8 വയസ്സ് വരെ ശൈശവം കണക്കാക്കുന്നുണ്ട്. ഈയുള്ള പ്രായം കഴിഞ്ഞാല്‍ 10-12 വയസ്സ് വരെ ബാല്യമാണ്. 16-18 വയസ്സ് വരെയാണ് കൗമാരം. 40 വയസ്സ് വരെ യൗവനവും. അപ്പോള്‍ ശൈശവവും ബാല്യവും കൗമാരവും പിന്നിട്ട് യൗവനത്തില്‍ തൊട്ടുനില്‍ക്കുന്ന പ്രായമാണ് മധുരപ്പതിനാറ്. ഈ പ്രായക്കാരുടെ കൈയില്‍ കുപ്പിപ്പാല് പിടിപ്പിച്ചു ശിശുവാക്കുന്നതിന്റെ പൊരുള്‍ ഏറെയൊന്നും ആലോചിക്കാതെ തന്നെ മനസ്സിലാകും. വിഷയം മുസ്‌ലിം പെണ്‍കുട്ടികളുടെതാണ്. മുസ്‌ലിം പെണ്‍കുട്ടി, മുസ്‌ലിം സ്ത്രീ എന്നൊക്കെ കേട്ടാല്‍ നിന്ന നില്‍പ്പില്‍ വികാരഭരിതരാകുന്ന ചിലരുണ്ട് നമ്മുടെ നാട്ടില്‍. മുസ്‌ലിം വനിതകളുടെ ഭാഗ്യം; ഇവര്‍ ഒരുക്കുന്ന “ഇസഡ് കാറ്റഗറി”യിലും മുന്തിയ സുരക്ഷയുടെ വലയത്തിലുമാണ് നമ്മുടെ സ്ത്രീകള്‍.

രാജ്യത്ത് മുസ്‌ലിം സ്ത്രീകള്‍ക്ക് മാത്രമേ പ്രശ്‌നങ്ങളുള്ളൂ. മറ്റു മതസ്ഥരായ സ്ത്രീകളെല്ലാം സുരക്ഷിതരാണ്. സ്ത്രീപ്രശ്‌നങ്ങള്‍ ചര്‍ച്ചക്ക് വരുമ്പോള്‍ അതിനു മുമ്പില്‍ “മുസ്‌ലിം” എന്ന വിശേഷണമുണ്ടോ എന്നു ലെന്‍സ് വെച്ച് പരിശോധിക്കുന്ന കുറച്ചുപേരുണ്ടിവിടെ. ഈ വിഭാഗത്തെ ആവേശഭരിതരാക്കിക്കൊണ്ടാണ് “മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം” സംബന്ധിച്ച ഒരു സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇറക്കിയത്. നിമിഷങ്ങള്‍ക്കകം സര്‍ക്കുലറിന് തീ പിടിച്ചു. ഒരു വേള, സോളാര്‍ വിവാദത്തെ തള്ളിമാറ്റി സര്‍ക്കുലര്‍ വിവാദം ഒന്നാം നിരയില്‍ വന്നുനിന്നു. പ്രതിപക്ഷ നേതാവ് ഉഷാറായി, കാരശ്ശേരി മാഷ് ഉടുമുണ്ട് മടക്കിക്കുത്തി കുപ്പായക്കൈ തെറുത്തുകയറ്റി ഗോദയിലിറങ്ങി. ചാനലുകള്‍ കണ്ണീരൊഴുക്കി, പത്രങ്ങള്‍ തലവാചകത്തിന് വെണ്ടക്ക തിരഞ്ഞു. പൊതു സ്വഭാവമുള്ള ഒരു സര്‍ക്കുലറിന് മുമ്പില്‍ “മുസ്‌ലിം” എന്നു ചേര്‍ത്തു കൊടുത്തത് “മുസ്‌ലിം സ്ത്രീ സംരക്ഷകരെ” മുന്നില്‍ കണ്ടുകൊണ്ടുതന്നെയായിരുന്നോ എന്ന് സംശയിക്കണം.
2006ലെ ശൈശവ വിവാഹ നിരോധ നിയമപ്രകാരം പുരുഷന്റെ വിവാഹപ്രായം 21ഉം സ്ത്രീയുടെത് 18ഉമായി നിജപ്പെടുത്തിയിട്ടുണ്ട്. വധൂവരന്മാര്‍ നിശ്ചിത പ്രായത്തിനു താഴെയുള്ളവരാണെങ്കില്‍ വിവാഹം നടത്തിക്കൊടുത്ത മാതാപിതാക്കള്‍ കുറ്റക്കാരാകും; ശിക്ഷിക്കപ്പെടുകയും ചെയ്യും. വരന്‍ നിശ്ചിത പ്രായം തികഞ്ഞയാളും വധു തികഞ്ഞിട്ടില്ലാത്തവളുമായാല്‍ വരനും ശിക്ഷിക്കപ്പെടും. നേരെ വിപരീതം സംഭവിച്ചാലോ? അതായത് വധു പ്രായം തികഞ്ഞവളും വരന്‍ തികയാത്തയാളുമാണെങ്കില്‍; അങ്ങനെയും സംഭവിക്കാമല്ലോ. ഈ കേസില്‍ വധു ശിക്ഷിക്കപ്പെടുമോ എന്നു വ്യക്തമല്ല. 2006ല്‍ കേന്ദ്ര നിയമം നിലവില്‍ വന്നെങ്കിലും, 18നു മുമ്പുള്ള വിവാഹം വ്യാപകമായിത്തന്നെ രാജ്യത്ത് നടന്നുവെന്നാണ് മനസ്സിലാകുന്നത്. യൂനിസെഫിന്റെ പോപ്പുലേഷന്‍ ഫണ്ട് പുറത്തിറക്കിയ 2012 നവംബറില്‍ പുതുക്കിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 47-56 ശതമാനം വിവാഹങ്ങളിലും വധുവിന്റെ പ്രായം 18 വയസ്സിനു താഴെയാണ്. അപൂര്‍വം ചിലപ്പോള്‍ ഇത്തരം വിവാഹങ്ങള്‍ പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് തടഞ്ഞതായി വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. ചില കേസുകള്‍ ഉത്ഭവിച്ചിട്ടുമുണ്ട്. ജലസേചന മന്ത്രിയായിരുന്ന എം പി ഗംഗാധരന്‍ മകള്‍ ബിന്ദുവിനെ 18നു മുമ്പ് വിവാഹം ചെയ്തുകൊടുത്തത് 1986ല്‍ കേസായി. മന്ത്രി രാജി വെക്കേണ്ടതായും വന്നു. എന്നാല്‍, ഏറ്റവും കൗതുകകരമായ വിശേഷം 47 ശതമാനം വരെ (ഇതും പൊതുകണക്കാണ്, ഗ്രാമങ്ങളില്‍ തോത് 56 ശതമാനമാണ്) നിയമവിരുദ്ധമായ വിവാഹങ്ങള്‍ നടന്നിട്ടും രാജ്യത്ത് ഇതുവരെ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
ഇങ്ങനെ ചാകാതെയും പുല്ല് തിന്നാതെയും കിടന്ന 2006ലെ നിയമം തൊന്തരവായത് 2008ലാണ്. എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നു നിര്‍ദേശിച്ചുകൊണ്ട് കേരളം ഒരു നിയമം കൊണ്ടുവന്നു. പുതിയ നിയമമനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ചെന്നവര്‍ പുലിവാല് പിടിച്ചു. നിയമവിരുദ്ധമായി നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ വിസമ്മതിച്ചു. 2006ലെ കേന്ദ്ര നിയമ പ്രകാരം നിശ്ചിത പ്രായത്തിനു മുമ്പ് വിവാഹം നടന്നാല്‍ ബന്ധപ്പെട്ടവര്‍ ശിക്ഷിക്കപ്പെടുമെന്നല്ലാതെ വിവാഹം അസാധുവാകുന്നില്ല. വിവാഹിതര്‍ക്കോ അതില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്കോ നിയമപ്രകാരമുള്ള ഒരാനുകൂല്യവും തടയുന്നുമില്ല. വിവാഹപ്രായ നിയന്ത്രണം സംബന്ധിച്ച 1875ലെയും 1929ലെയും 1978ലെയും നിയമങ്ങളിലും ശൈശവ വിവാഹം കുറ്റമേ ആകുന്നുള്ളൂ. വിവാഹം അസാധുവാകുന്നില്ല. 1939ലെ മുസ്‌ലിം വിവാഹ നിയമപ്രകാരവും ഇങ്ങനെത്തന്നെ.
മുസ്‌ലിം വ്യക്തിനിയമത്തിലെ സെക്ഷന്‍ 2(Vll) സ്ത്രീയുടെ വിവാഹപ്രായം പതിനാറാണ്. 16നു മുമ്പ് മാതാപിതാക്കള്‍ ഇടപെട്ട് നടത്തുന്ന വിവാഹം നിലനില്‍ക്കും. എന്നാല്‍ 16 തികഞ്ഞ ശേഷം ബന്ധം ഉപേക്ഷിക്കാന്‍ പെണ്ണിന് അവകാശമുണ്ട്. പ്രായം തികയും മുമ്പ് മാതാപിതാക്കള്‍ നടത്തിയ വിവാഹം തുടരാന്‍ തനിക്ക് താത്പര്യമില്ലെന്നു പെണ്ണ് പറഞ്ഞാല്‍ വിവാഹം അസാധുവാകും. 16നു ശേഷം ബന്ധം തുടരാന്‍ അവള്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായും വിവാഹം നിയമപരമാകുകയും ചെയ്യും. 2006ലെ കേന്ദ്ര നിയമം ക്രിമിനല്‍ നടപടിക്രമത്തിന്റെ ഭാഗമായതിനാല്‍ കുറ്റക്കാര്‍ക്ക് വ്യക്തിനിയമങ്ങളുടെ പരിരക്ഷ ലഭിക്കില്ല. അതതു മത വ്യക്തിനിയമങ്ങള്‍ എന്തു പറഞ്ഞാലും 2006ലെ ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ച് ജാതിമത ഭേദമില്ലാതെ രാജ്യത്തെ ഏത് പൗരനും ശിക്ഷിക്കപ്പെടും. അതേസമയം, വിവാഹം അസാധുവാകാത്തതിനാല്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നിയമ പരിരക്ഷ ലഭിക്കുകയും ചെയ്യും. ഇപ്പോള്‍ പുറപ്പെടുവിച്ച ഗുലുമാല്‍ സര്‍ക്കുലറിന് പിന്നില്‍ ബന്ധപ്പെട്ടവര്‍ പറയുന്നത് ഈ നിയമപരിരക്ഷയാണ്.
വിവാഹം നടക്കുമ്പോള്‍ പെണ്ണിന് നിയമാനുസൃതമായ പ്രായം തികഞ്ഞിരുന്നില്ല എന്ന് കാരണം പറഞ്ഞുകൊണ്ട് തിരുവനന്തപുരം കൈതൂര്‍ക്കോണം സ്വദേശിനി ഫസീലയുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ വിസമ്മതിച്ചു. ഇതിനെതിരെ ഫസീല ഹൈക്കോടതിയെ സമീപിച്ചു. വിവാഹം നടക്കുമ്പോള്‍ നിശ്ചിത പ്രായം തികഞ്ഞിരുന്നില്ലെങ്കിലും ഈ ബന്ധം തുടര്‍ന്നുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് തന്റെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതു തടയാന്‍ കോര്‍പറേഷന് അധികാരമില്ലെന്നായിരുന്നു ഫസീലയുടെ വാദം. ഈ വാദം കോടതി അംഗീകരിച്ചു. നിശ്ചിത പ്രായം തികയുന്നതിനു മുമ്പ് മാതാപിതാക്കള്‍ മുന്‍കൈയെടുത്ത് നടത്തുന്ന വിവാഹങ്ങള്‍, പ്രായം തികഞ്ഞ ശേഷം നിലനിറുത്താനോ ഉപേക്ഷിക്കാനോ സ്ത്രീകള്‍ക്കവകാശമുണ്ടെന്ന മുസ്‌ലിം വ്യക്തിനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതി ഫസീലയുടെ ഹരജി അനുവദിച്ചത്. നിയമപരമായി നിലനില്‍ക്കുന്ന ഒരു വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് തടയാന്‍ കോര്‍പറേഷന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. 2013 ഫെബ്രുവരി 13നായിരുന്നു ഈ വിധി. കഴിഞ്ഞ വര്‍ഷം സമാനമായ മറ്റൊരു വിധി ഡല്‍ഹി ഹൈക്കോടതിയും പുറപ്പെടുവിച്ചു.
മേല്‍പ്പറഞ്ഞ നിയമങ്ങളുടെയും കോടതി വിധികളുടെയും സത്തയാണ് കേരള സര്‍ക്കാറിന്റെ പുതിയ സര്‍ക്കുലറിന്റെ പശ്ചാത്തലമെന്നാണ് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. അപ്പോള്‍ പിന്നെ ഈ സര്‍ക്കുലറിന്റെ തലപ്പത്ത് “മുസ്‌ലിം” എന്ന് എഴുതിപ്പിടിപ്പിച്ചതെന്തിന്? മുസ്‌ലിം എന്നു കണ്ടാല്‍ ഹാലിളകുന്നവര്‍ അമേരിക്കയില്‍ മാത്രമല്ല ഇവിടെയുമുണ്ടല്ലോ. സര്‍ക്കാറിന്റെ തന്നെ വിശദീകരണമനുസരിച്ച് നിയമാനുസൃതമല്ലാത്ത വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിച്ചവരില്‍ എല്ലാ മതക്കാരുമുണ്ട്. ഒരു പൊതു സര്‍ക്കുലറായിരുന്നില്ലേ ഇറക്കേണ്ടിയിരുന്നത്? ഒരാവശ്യവുമില്ലാത്ത ഒരു പദം വെറുതെ എഴുതിച്ചേര്‍ത്തതിന്റെ പേരില്‍ കാരശ്ശേരി മാഷിന്റെ ഊര്‍ജം എത്രയാണ് ചോര്‍ന്നുപോയത്?
വയനാട്ടിലെ അവിവാഹിതരായ ആദിവാസി അമ്മമാരുടെ എണ്ണം ദിനേന ഏറുകയും അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ കൂട്ടത്തോടെ മരിച്ചൊടുങ്ങുകയും ചെയ്യുന്നതറിഞ്ഞിട്ട് ഈ ആക്ടിവിസ്റ്റുകള്‍ക്ക് ഒരു കുളിരും തോന്നുന്നില്ലല്ലോ. ഐക്യരാഷട്ര സഭയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ നടക്കുന്ന വിവാഹങ്ങളില്‍ 47-56 ശതമാനം “ശൈശവ” വിവാഹമാണത്രേ. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് രാജസ്ഥാനിലെ മുന്തിയ വര്‍ഗങ്ങളും ബീഹാറിലെയും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഗോത്രവര്‍ഗങ്ങളുമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവിടെയൊന്നും “തട്ടത്തിന്‍ മറ” ഇല്ലാത്തതുകൊണ്ട് അടുത്തൂണ്‍ പറ്റിയ മലയാള വാധ്യാന്മാര്‍ക്ക് ഒരു ചാന്‍സുമില്ല.
ഈ വിവാദങ്ങള്‍ക്കിടയില്‍ കാന്തപുരത്തിന്റെ ചോര നുണയാന്‍ കിട്ടുമോ എന്നാണ് ചിലരുടെ നോട്ടം. വിവാഹപ്രായം പതിനാറാക്കി ചുരുക്കുന്നതാണുചിതമെന്നാണ് കാന്തപുരം പറഞ്ഞത്. രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കിയ സ്ത്രീപീഡനങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ കാന്തപുരത്തിന്റെ അഭിപ്രായം തീര്‍ത്തും യുക്തിസഹവും ദീര്‍ഘവീക്ഷണത്തോടു കൂടിയതുമാണ്. വിവാഹം സുരക്ഷയാണ് എന്നാണ് ഈ അഭിപ്രായം തരുന്ന സന്ദേശം. രാജ്യത്തെ മുഴുവന്‍ പെണ്‍കുട്ടികളെയും 16 തികയുമ്പോള്‍ പിടിച്ചു നിര്‍ബന്ധമായി കെട്ടിച്ചുവിടണം എന്നൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. വിവാഹപ്രായം വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു വിടുന്നതാണുചിതം. മുസ്‌ലിം സമുദായത്തിലുള്‍പ്പെടെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പൊതുവെ ഉയര്‍ന്നിട്ടുണ്ട്. ശരാശരി 18-22 വയസ്സ് വരെ ആയിട്ടുണ്ട്. അപൂര്‍വമായെങ്കിലും 18നു താഴെയുള്ള വിവാഹങ്ങളും നടക്കുന്നുണ്ട്. വിവാഹത്തിലേര്‍പ്പെടുന്ന ഇണകളുടെ മാനസികവും ശാരീരികവുമായ പക്വതയും പ്രകൃതിപരമായ പ്രായപൂര്‍ത്തിയുമാണ് ഈ വിഷയത്തില്‍ പരിഗണിക്കേണ്ടത്. പതിനാറില്‍ നടക്കുന്ന വിവാഹങ്ങള്‍ പരാജയപ്പെടുന്നുണ്ടാകാം. പ്രായവും പക്വതയും അറിവും സമൂഹത്തില്‍ ഉയര്‍ന്ന പദവിയുമുള്ളവരുടെ വിവാഹങ്ങളും പരാജയപ്പെടുന്നില്ലേ? വൈവാഹിക ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സൗഹൃദപൂര്‍വമുള്ള നിയമത്തിന്റെ ഇടപെടലാണ് ഉചിതമാകുക.
യൂനിസെഫിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ “ശൈശവ” വിവാഹ നിരക്ക് 47 ശതമാനത്തിനും 56 ശതമാനത്തിനും ഇടക്കാണ്. രാജ്യത്ത് ശരാശരി ദിനം പ്രതി 39,000 ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. അതായത് വര്‍ഷം ഒന്നരക്കോടിയോളം. ഈ നിയമഭഞ്ജകരെയെല്ലാം അടച്ചുപൂട്ടാന്‍ രാജ്യത്തെ ജയിലുകള്‍ മതിയാകാതെ വരും. 18നു മുമ്പുള്ള വിവാഹം ഒരാഗോള പ്രതിഭാസമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വര്‍ഷം പ്രതി 14 കോടി വിവാഹങ്ങള്‍ 18 വയസ്സിന് താഴെയാണ്. ഇതില്‍ അഞ്ച് കോടിയും 15 വയസ്സിനു താഴെയാണത്രേ. ലോകത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത് നൈജറിലാണ്; 75 ശതമാനം. ഛാഢില്‍ 68 ശതമാനവും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 66 ശതമാനവും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു. പരമ ദരിദ്രമായ സോമാലിയക്കും (45 ശതമാനം) നേപ്പാളിനും എത്രോപ്യക്കും (41 ശതമാനം) മുന്നിലാണ് നമ്മുടെ രാജ്യം എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അപ്പോള്‍ നിയമത്തിനു ഉദ്ദേശ്യശുദ്ധിയും പ്രായോഗികതയും വേണം. “മുസ്‌ലിം സ്ത്രീ” എന്നു കേള്‍ക്കുമ്പോള്‍ വാളെടുക്കുന്നവര്‍ക്ക് ഇതു രണ്ടും വേണ്ട.
വിവാഹത്തോടെ വിദ്യാഭ്യാസവും ആരോഗ്യവും നഷ്ടപ്പെടുമെന്നു പറയുന്നതും വസ്തുതാപരമല്ല. ഇപ്പോള്‍ ഉപരിപഠനത്തിനെത്തുന്ന പെണ്‍കുട്ടികളില്‍ നല്ലൊരു ശതമാനം വിവാഹിതകളാണ്. പ്രൊഫഷനല്‍ കോഴ്‌സുകളില്‍ “അമ്മ”മാരുടെ സാന്നിധ്യവും അപൂര്‍വമല്ലാതായിട്ടുണ്ട്. വിവാഹം കൊണ്ട് വിദ്യാഭ്യാസം മുടങ്ങുന്ന അപൂര്‍വം സംഭവങ്ങള്‍ ഉണ്ടായേക്കാം. സത്യത്തില്‍ വിദ്യാഭ്യാസം നിറുത്തിക്കിട്ടാന്‍ വേണ്ടി വിവാഹത്തില്‍ എത്തിപ്പെടുന്നവരാണ് നല്ലൊരു ശതമാനം. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ശരിയായ തടസ്സം, ദാരിദ്ര്യവും സാമൂഹികാവസ്ഥയുമാണ്. തട്ടത്തിന്റെയോ പര്‍ദയുടെയോ മറയില്ലാത്തതുകൊണ്ടാകാം അടിസ്ഥാനപരമായ ഇത്തരം വസ്തുതകള്‍ ചര്‍ച്ചയാകാതെ പോകുന്നത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഡല്‍ഹി സംഭവത്തില്‍ ചെന്നുനിന്നപ്പോള്‍ പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായം 16 ആയി പുനര്‍നിര്‍ണയിക്കാന്‍ തകൃതിയായ ശ്രമങ്ങള്‍ നടന്നു. ഇതിനുള്ള ബില്‍ തയ്യാറാകുകയും പ്രാഥമിക ചര്‍ച്ചയില്‍ തള്ളപ്പെടുകയും ചെയ്തു. പരസ്പര സമ്മതത്തോടെ… എന്നു പറഞ്ഞാല്‍ നമ്മുടെ സംസ്‌കാരത്തില്‍ അതിനു പറയുന്ന പേര് വ്യഭിചാരം എന്നാണ്. വിവാഹപ്രായം 18 ആക്കണമെന്ന് ശാഠ്യം പിടിക്കുന്ന ഒരാളും വ്യഭിചാര പ്രായം 16 ആക്കുന്നതില്‍ പ്രതിഷേധിച്ചതായി കണ്ടില്ല. പ്രതിപക്ഷ നേതാവോ മലയാളം വാധ്യാരോ നാവനക്കിയില്ല. പുരോഗമന പ്രസ്ഥാനങ്ങളൊക്കെ അര്‍ഥഗര്‍ഭമായ മൗനത്തിലാണ്ടു. 16-ാം വയസ്സില്‍ വ്യഭിചാരം തുടങ്ങിയാല്‍ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങുമോ? സിഫിലിസ് തുടങ്ങി എയിഡ്‌സ് വരെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ? “സെക്‌സ് വര്‍ക്കര്‍” എന്ന മാന്യപ്പേരില്‍ ഒരു ചേരിസമൂഹം കാണക്കാണേ വളര്‍ന്നുവരുന്നത് ആപത്‌സൂചനയല്ലേ? വിവാഹപ്രായത്തിന്റെ പേരില്‍ ഹാലിളകുന്നവരാരും ഇതേക്കുറിച്ചൊന്നും പറയുന്നില്ല.
“പരിഷ്‌കൃത” രാജ്യങ്ങള്‍ എത്തിപ്പെട്ട ലൈംഗിക അരാജകത്വത്തിലേക്ക് നമ്മുടെ നാടിനെയും തള്ളിവിടുകയാണ് ചിലരുടെ ലക്ഷ്യം. പരസ്പരസമ്മതത്തോടെയുള്ള വേഴ്ചക്കു വയസ്സിളവ് പ്രഖ്യാപിക്കണം എന്ന ആശയവും ഇങ്ങനെ ബന്ധം സ്ഥാപിച്ച സ്ത്രീയെയും പുരുഷനെയും വിവാഹിതരായി കണക്കാക്കണമെന്ന കോടതി വിധിയും നല്‍കുന്ന മുന്നറിയിപ്പ് ആപത്തിന്റെതാണ്. സഊദി, യു എ ഇ, യമന്‍, ഇറാന്‍ തുടങ്ങിയ അപൂര്‍വം രാജ്യങ്ങള്‍ മാത്രമാണ് വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ നിയമപരമായി വിലക്കിയിട്ടുള്ളത്. മുസ്‌ലിം രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന പല രാജ്യങ്ങളിലും വിവാഹേതര ലൈംഗിക ബന്ധം കുറ്റമല്ല. വിവാഹപ്രായത്തിന്റെ പേരില്‍ അങ്കത്തിനു വരുന്ന ആര്‍ക്കും സ്വതന്ത്ര ലൈംഗിക സംസ്‌കാരത്തോട് ഒരു വിരോധവുമില്ല. ജപ്പാന്‍, കൊറിയ തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ 13-ാം വയസ്സില്‍ വ്യഭിചാരം തുടങ്ങാന്‍ അനുമതിയുണ്ട്. കിഴക്കനമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ മിനിമം വയസ്സ് പന്ത്രണ്ടാണ്. ചൈന, ജര്‍മനി, ബള്‍ഗേറിയ, ബ്രസീല്‍, ചിലി, ബര്‍മ തുടങ്ങിയ രാജ്യങ്ങളില്‍ 14-ാം വയസ്സ് തന്നെ ധാരാളം. 15 വയസ്സ് പരിധി നിശ്ചയിച്ചിരിക്കുന്നത് ഡന്മാര്‍ക്ക്, ഗ്രീസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ്. അമേരിക്ക, ബെല്‍ജിയം, ഫിന്‍ലാന്‍ഡ് തുടങ്ങിയ പത്തോളം രാജ്യങ്ങളില്‍ 16 വയസ്സ് കണക്കാക്കിയിട്ടുണ്ട്. ഇവയില്‍ ചില രാജ്യങ്ങളില്‍ കോടതിയുടെയോ പ്രാദേശിക ഭരണകൂടങ്ങളുടെയോ അനുമതി വാങ്ങണം എന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന 18ഉം 20ഉം വയസ്സ് 15ഉം 14ഉമായി ചുരുക്കിയ രാജ്യങ്ങളുമുണ്ട്.
വിവാഹപ്രായം 16 ആക്കുന്നതില്‍ മാത്രമേ ഇവിടെ ചിലര്‍ക്ക് എതിര്‍പ്പുള്ളൂ. മേഞ്ഞുനടക്കാന്‍ 12-ാം വയസ്സില്‍ കൂട് തുറന്നുവിട്ടാല്‍ ഒരു പരാതിയുമില്ല. അതുകൊണ്ട് വിദ്യാഭ്യാസം മുടങ്ങുകയില്ല, ആരോഗ്യം തകരുകയില്ല. മൂന്ന് വയസ്സുള്ള കുഞ്ഞിനെ ബലാത്കാരം ചെയ്യുന്ന നാട്ടില്‍ അതൊരു അടിസ്ഥാനപ്രായമാക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഒട്ടും അതിശയിക്കാനില്ല.

Latest