Connect with us

Kozhikode

കര്‍ഷക കുടുംബങ്ങളെ കുടിയിറക്കാന്‍ നീക്കം: 30ന് മലയോര ഹര്‍ത്താല്‍

Published

|

Last Updated

പേരാമ്പ്ര: വന്യജീവി സംരക്ഷണവും പരിസ്ഥിതി പ്രശ്‌നവും ഉന്നയിച്ച് മലയോര മേഖലയില്‍ പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന കര്‍ഷക കുടുംബങ്ങളെ കുടിയിറക്കാന്‍ വനംവകുപ്പ് നീക്കം നടത്തുന്നുവെന്നാരോപിച്ച് ഈ മാസം 30ന് മലയോര ഹര്‍ത്താല്‍ നടത്താന്‍ മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ച് കര്‍ഷകരെ മനഃപൂര്‍വം ദ്രോഹിക്കുന്ന വനംവകുപ്പിന്റെ നിലപാടിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും തുടര്‍ന്ന് ഓഫീസ് ഉപരോധിക്കാനും കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പെരുവണ്ണാമൂഴി റിസര്‍വോയര്‍ പരിസരത്ത് നിന്ന് രാവിലെ 10ന് മാര്‍ച്ച് ആരംഭിക്കും.
കുടിയേറ്റ മേഖലയുടെ സര്‍വ പുരോഗതിക്കും കാരണക്കാരായ കര്‍ഷക സമൂഹത്തെ കൈയേറ്റക്കാരും കൊള്ളക്കാരുമായി ചിത്രീകരിച്ച് കള്ളക്കേസില്‍ കുടുക്കുകയും കര്‍ഷകരെ നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് വര്‍ഷങ്ങളായി വനംവകുപ്പ് സ്വീകരിക്കുന്നത്.
കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപാറ വില്ലേജുകളിലെ ഒട്ടേറെ കുടുംബങ്ങള്‍ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലാണെന്നും വനംവകുപ്പിന്റെ കര്‍ഷക ദ്രോഹ നടപടിയുടെ ഭാഗമാണിതെന്നും ഭാരവാഹികള്‍ ആരോപിച്ചു.

Latest