പട്ടികജാതി വികസന വകുപ്പിന് കീഴിലെ തട്ടിപ്പ്: ആരോപണം അടിസ്ഥാനരഹിതമെന്ന്‌

Posted on: July 8, 2013 8:24 am | Last updated: July 8, 2013 at 8:24 am

കൊടുവള്ളി: ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഒന്നര കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേരള പട്ടികജാതി വര്‍ഗ ഐക്യവേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
2012-13 വര്‍ഷം കൊടുവള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ഭൂമി വാങ്ങാനുള്ള പദ്ധതി പ്രകാരം 230 ഗുണഭോക്താക്കള്‍ക്കാണ് ധനസഹായം അനുവദിച്ചത്. 133 പേര്‍ പുതുപ്പാടി പഞ്ചായത്തില്‍പ്പെട്ടവരാണ്. ഇതില്‍ ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം 199.5 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതില്‍ ഒന്നര കോടി രൂപയുടെ തട്ടിപ്പ് നടന്നതായുള്ള ആരോപണം തെറ്റാണ്. ചില ഗുണഭോക്താക്കള്‍ ചൂഷണം ചെയ്യപ്പെട്ടതായുള്ള പരാതി ശരിയാണ്. അതേപ്പറ്റി വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിച്ചത് കൊടുവള്ളിയിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസില്‍ നിന്നാണ്. ശരിയായ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമേ പണം നല്‍കിയിട്ടുള്ളൂവെന്നാണ് ഓഫീസ് രേഖകള്‍ പരിശോധിച്ചപ്പോള്‍ സംഘടനക്ക് ബോധ്യമായത്.
പത്രസമ്മേളനത്തില്‍ പി ഗോവിന്ദന്‍, പി കെ കുഞ്ഞിക്കണ്ണന്‍, എം കെ മോഹിനി, എന്‍ ഷണ്‍മുഖന്‍, വേലായുധന്‍ കായലുംപാറ പങ്കെടുത്തു.