സ്‌ഫോടനം: സി ഐ എസ് എഫിനെ വിന്യസിക്കണമെന്ന് നിതീഷ്‌

Posted on: July 8, 2013 8:08 am | Last updated: July 8, 2013 at 8:08 am

nitishഗയ: ബുദ്ധ്ഗയയിലെ മഹാബോധി ക്ഷേത്രത്തില്‍ നടന്ന സ്‌ഫോടന പരമ്പരയെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശക്തമായി അപലപിച്ചു. ലോകപ്രസിദ്ധമായ ബുദ്ധ ക്ഷേത്രം സംരക്ഷിക്കുന്നതിന് സി ഐ എസ് എഫിനെ വിന്യസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിരവധി പേരുടെ ആരാധനാലയവും ആ മതവിഭാഗത്തില്‍ ഭയം സൃഷ്ടിക്കുകയും ലക്ഷ്യമിട്ട് നടത്തിയ സ്‌ഫോടനത്തെ സാധ്യമായ ശക്തമായ വാക്കുകളില്‍ അപലപിക്കുന്നു. ഗയ ജില്ലയിലെ മഹാബോധി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല. അത്തരം വാര്‍ത്തകള്‍ ശരിയല്ല. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ അവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക്കല്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഈ അന്വേഷണത്തിലൂടെ സ്‌ഫോടനത്തിന് പിന്നിലുള്ളവരെയും ഗൂഢാലോചനയും കുറിച്ച് വൈകാതെ പുറത്തുവരും. സന്ദര്‍ശകര്‍ക്കിടയില്‍ ഭയം നിറക്കുകയും സമൂഹത്തെ വിഭജിക്കുകയും ലക്ഷ്യമിട്ടാണ് ഇവിടെ സ്‌ഫോടനം നടത്തിയത്. നിതീഷ് പറഞ്ഞു.
ഫോറന്‍സിക് വിഭാഗം തെളിവ് ശേഖരിക്കുകയാണ്. ഉച്ചക്ക് ശേഷം എന്‍ ഐ എ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പാറ്റ്‌നയില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴിയാണ് നിതീഷ് ഗയയിലെത്തിയത്. ചീഫ് സെക്രട്ടറി എ കെ സിന്‍ഹ, ഡി ജി പി അഭയാനന്ദ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബുദ്ധ് ഗയയില്‍ സംരക്ഷണം ഏര്‍പ്പെടുത്തുകയെന്നത് സംസ്ഥാന സര്‍ക്കാറിനും പോലീസ് സേനക്കും പ്രയാസമായതിനാലാണ് പ്രധാനമന്ത്രിയോട് സി ഐ എസ് എഫ് സൈന്യത്തെ വിന്യസിക്കാന്‍ ആവശ്യപ്പെട്ടതെന്ന് നിതീഷ് പറഞ്ഞു. ഉടനെ തന്നെ കേന്ദ്ര, സംസ്ഥാന സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തല്‍ ചര്‍ച്ച നടത്തും. സ്‌ഫോടനത്തില്‍ പരുക്കേറ്റ രണ്ട് സന്യാസിമാരെ പ്രവേശിപ്പിച്ച മഗധ് ആശുപത്രിയിലും നിതീഷ് സന്ദര്‍ശനം നടത്തി.
അതേസമയം, ബി ജെ പി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു നിതീഷിന്റെ സന്ദര്‍ശനം. മുന്‍ നഗരവികസന മന്ത്രി പ്രേം കുമാറായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. സാധാരണ നിലക്കുള്ള സുരക്ഷ പോലും ഇവിടെ ഏര്‍പ്പെടുത്തിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വിവേചനം കാണിച്ചെന്നും ബി ജെ പി ആരോപിച്ചു. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.