വീണ്ടും ചൈനീസ് കരുത്ത്‌

Posted on: July 7, 2013 11:52 pm | Last updated: July 8, 2013 at 12:09 am

RELAY1പൂനെ: 20താമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചൈന കിരീടം നിലനിര്‍ത്തി. 16 സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും നേടിയാണ് ചൈനയുടെ മുന്നേറ്റം. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവുമായി ബഹ്‌റൈന്‍ രണ്ടാം സ്ഥാനത്തും നാല് സ്വര്‍ണം ആറ് വെള്ളി പത്ത് വെങ്കലവുമായി ജപ്പാന്‍ മൂന്നമതുമെത്തി. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യ മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തിയത് ആശ്വാസത്തിന് വക നല്‍കുന്നു. കഴിഞ്ഞ 15 ഏഷ്യന്‍ മീറ്റുകളിലായി ചാമ്പ്യന്‍പട്ടം സ്വന്തമാക്കി കുതിക്കുന്ന ചൈന ഏഷ്യയിലെ അത്‌ലറ്റിക്‌സ് പവര്‍ ഹൗസ് തങ്ങളാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു. ജപ്പാന്‍ അവസാന ദിവസം നടത്തിയ കുതിപ്പാണ് അവരെ മൂന്നാം സ്ഥാനത്തെത്തിച്ചത്. സഊദി അറേബ്യ നാലാം സ്ഥാനത്തും ഉസ്‌ബെക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്തും എത്തി.
നാലാം ദിനത്തില്‍ ഒറ്റ മെഡല്‍ പോലുമില്ലാതെ നിരാശയിലാണ്ട ഇന്ത്യക്ക് അവസാന ദിനത്തില്‍ ആഹ്ലാദവും നിരാശയും ഒരുമിച്ചായിരുന്നു. വനിതകളുടെ 4+400 മീറ്റര്‍ റിലേയില്‍ ഇന്ത്യ സുവര്‍ണ നേട്ടം സ്വന്തമാക്കിയതാണ് ശ്രദ്ധേയമായത്. മലയാളി താരങ്ങളായ ടിന്റു ലൂക്ക, അനു മറിയം ജോസ് എന്നിവരുടെ കരുത്തിലാണ് ഇന്ത്യ വീണ്ടും സ്വര്‍ണം നേടിയതെന്നത് കേരളത്തിന് അഭിമാന നേട്ടമായി. അവസാന ദിനത്തില്‍ ഈ സ്വര്‍ണമുള്‍പ്പെടെ രണ്ട് വെള്ളിയും അഞ്ച് വെങ്കല മെഡലുകളും ഇന്ത്യ സ്വന്തമാക്കി. നേരത്തെ വികാസ് ഗൗഡ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടിയിരുന്നു.
ട്രിപിള്‍ ജംപില്‍ ഇന്ത്യയുടെ മലയാളി താരം രഞ്ജിത് മഹേശ്വരി, പുരുഷന്‍മാരുടെ ഹൈജംപില്‍ മലയാളി താരം ജിതിന്‍ പി തോമസ് എന്നിവര്‍ വെള്ളി നേടി. ട്രിപ്പിള്‍ ജംപില്‍ വെങ്കലവും ഇന്ത്യക്കാണ് അര്‍പീന്ദര്‍ സിംഗാണ് നേട്ടം സ്വന്തമാക്കിയത്. വനിതകളുടെ 800 മീറ്ററില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ടിന്റു ലൂക്കക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷ പുലര്‍ത്താതിരുന്ന 200 മീറ്ററില്‍ ആശ റോയ് വെള്ളിയും ദ്യുതി ചന്ദ് വെങ്കലവും നേടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സതീന്ദര്‍ സിംഗ് വെങ്കലം നേടിയതും നേട്ടമായി.
മലയാളി കരുത്തില്‍
റിലേ സ്വര്‍ണം
വിലക്ക് തീര്‍ന്ന് അശ്വിനി അകുഞ്ജി തിരിച്ചെത്തിയപ്പോള്‍ 4+400 റിലെ ടീമില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ കൊണ്ടുപിടിച്ച് ശ്രമിച്ചത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഒടുവില്‍ എതിര്‍പ്പിനെ തുടര്‍ന്ന് അവസാന നിമിഷത്തിലാണ് ടിന്റു ലൂക്കക്ക് ടീമിലിടം കിട്ടുന്നത്. ആ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു റിലേയില്‍ ടിന്റു കാഴ്ച്ച വെച്ചത്. ഒപ്പം അനു മറിയം ജോസിന്റെ കുതിപ്പ് സുവര്‍ണ നേട്ടത്തിലേക്ക് ഇന്ത്യന്‍ കുതിപ്പില്‍ നിര്‍ണായകമായി. നിര്‍മല, ടിന്റു, അനു, പൂവമ്മ എന്നിവരായിരുന്നു റിലേ ടീം. ആദ്യ ലാപ്പില്‍ നിര്‍മല തുടങ്ങിയ ഓട്ടം രണ്ടാം ലാപ്പില്‍ ബാറ്റണ്‍ ടിന്റുവിലേക്ക് കൈമാറി. വേഗത കുറയാതെ ശ്രദ്ധിച്ച ടിന്റു മൂന്നാമതായി നിന്ന അനുവിലേക്ക്. അനുവിന്റെ ഈ കുതിപ്പാണ് സ്വര്‍ണം ഏറെക്കുറെ ഉറപ്പിച്ചത്. എതിരാളിയെ ബഹുദൂരം പിന്നില്ലാക്കി മുന്നേറിയ അനു ബാറ്റണ്‍ പൂവമ്മക്ക് കൈമാറി. വേവലാതികളില്ലാതെ പൂവമ്മ ഫിനിഷ് ചെയ്തതോടെ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം സ്വന്തമായി. ഈയിനത്തില്‍ 2005, 2007 വര്‍ഷങ്ങളില്‍ ഇന്ത്യ സുവര്‍ണ നേട്ടം സ്വന്തമാക്കിയ ഇന്ത്യക്ക് 2009, 2011 കാലയളവില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തപ്പെടേണ്ടി വന്നിരുന്നു.
സുവര്‍ണ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ വനിതാ റിലേ സംഘം ആഗസ്റ്റ് മാസം മോസ്‌കോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും യോഗ്യത സ്വന്തമാക്കിയത് ഇരട്ടി മധുരം നല്‍കുന്നു.
നിരാശപ്പെടുത്തി പ്രീജ, ജെയ്ഷ
ട്രിപിള്‍ ജംപില്‍ ഇന്ത്യയുടെ മലയാളി താരം രഞ്ജിത് മഹേശ്വരി വെള്ളി സ്വന്തമാക്കി. 16.76 മീറ്റര്‍ ദൂരം ചാടിയാണ് രഞ്ജിത്തിന്റെ നേട്ടം. ഒരു സെന്റിമീറ്റര്‍ വ്യത്യാസത്തിലാണ് രഞ്ജിത്തിന് സ്വര്‍ണം നഷ്ടമായത്. ഈയിനത്തില്‍ വെങ്കലവും ഇന്ത്യ നേടി. അര്‍പീന്ദര്‍ സിംഗാണ് ഇന്ത്യയ്ക്ക് വേണ്ടി നേട്ടം സ്വന്തമാക്കിയത്.
വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയ്ക്ക് വെങ്കല മെഡല്‍. 2:4:48 സെക്കന്‍ഡിലാണ് ടിന്റു ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്നു ടിന്റു. ആദ്യ ലാപ്പ് മുതല്‍ കുതിച്ച ടിന്റു മികച്ച പ്രകടനം നടത്തുമെന്ന പ്രതീതി ഉണര്‍കത്തിയെങ്കിലും അവസാന ലാപ്പില്‍ പുറകിലാകുന്ന ശീലം ടിന്റു ആവര്‍ത്തിച്ചു. ചൈനയുടെ വാംഗ് ചുന്‍യു സ്വര്‍ണവും ബ്രൂണെയുടെ ജെന്‍സെബ് ഷൂമി വെള്ളിയും സ്വന്തമാക്കി.
അതേസമയം 5,000 മീറ്ററിലെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം പ്രീജ ശ്രീധരന്‍ നിരാശപ്പെടുത്തി. ഏഴാം സ്ഥാനത്താണ് പ്രീജ ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ മത്സരിച്ച മറ്റൊരു മലയാളി താരം ഒ പി ജെയ്ഷയും നിരാശയാണ് സമ്മാനിച്ചത്. ജെയ്ഷക്ക് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.