ബലിയിടാനെത്തിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Posted on: July 7, 2013 7:15 am | Last updated: July 7, 2013 at 7:15 am

തിരുന്നാവായ: അച്ഛന് ബലിടിയിനായി അമ്മയോടൊപ്പം നവാമുകുന്ദ ക്ഷേത്രക്കടവിലെത്തിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണതായി. കല്‍പകഞ്ചേരി മാമ്പ്ര സ്വദേശി പരേതനായ വലിയവീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ സുരേഷിനെ(28)യാണ് ഇന്നലെ നിളയില്‍ ഒഴുക്കില്‍പെട്ട് കാണാതായത്.
രാവിലെ ഏഴു മണിയോടെയാണ് സംഭവം. അമ്മ വിദ്യാലതയുടെ ബലി കര്‍മങ്ങള്‍ക്ക് ശേഷം നിളയില്‍ സ്‌നാനം ചെയ്യുന്നതിനിടെ സുരേഷ് അടിയൊഴുക്കില്‍പ്പെടുകയായിരുന്നു. ഇതിനിടെ രണ്ട് തവണ ഇയാള്‍ പൊങ്ങിവന്നെങ്കിലും ക്ഷേത്ര ജീവനക്കാര്‍ ഇട്ടുകൊടത്ത ലൈഫ് ജാക്കറ്റ് പിടിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് തിരൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ്, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രി വരെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. വെളിച്ചകുറവ് മൂലം തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
മുംബൈയിലെ സ്വകാര്യ കപ്പല്‍ കമ്പനിയിലെ ജീവനക്കാരനാണ് കാണാതായ സുരേഷ്. മൂന്ന് മാസം മുമ്പ് ലീവിന് വന്ന ഇയാള്‍ നാളെ മുംബൈയിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം വന്നെത്തിയത്. തിരൂര്‍ തഹസില്‍ദാര്‍ സി രാധാകൃഷ്ണന്‍, ആര്‍ ഡി ഒ ഗോപാലന്‍, സി മമ്മുട്ടി എം എല്‍ എ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ക്ഷേത്ര കടവിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക ഫണ്ടനുവദിക്കുമെന്നും എം എല്‍ എ അറിയിച്ചു.