Connect with us

National

ഡല്‍ഹി കൂട്ടബലാത്സംഗം: കൗമാരക്കാരന്റെ വിചാരണ പൂര്‍ത്തിയായി

Published

|

Last Updated

ന്യൂഡല്‍ഹി: ഡിസംബറില്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ ആറ് പ്രതികളില്‍ ഒരാളായ കൗമാരക്കാരന്റെ വിചാരണ പൂര്‍ത്തിയാക്കി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധി പറയാന്‍ വെച്ചു.
രാഷ്ട്ര തലസ്ഥാനത്ത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഡിസംബര്‍ 16ന് നടന്ന അതിക്രമത്തില്‍ യുവതിയെ ഏറെ മൃഗീയമായി പീഡിപ്പിച്ചത് ഈ കൗമാരക്കാരനാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. വിചാരണ വെള്ളിയാഴ്ച പൂര്‍ത്തിയായി.~പ്രോസിക്യൂഷനും പ്രതിഭാഗത്തിനും കൂടുതല്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അത് ഈ മാസം 11ന് ആകാം.~അന്നോ അതിനു ശേഷമോ പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിക്കും. കുറ്റവാളിയെന്ന് തെളിയുന്ന പക്ഷം ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കൗമാരക്കാരന് ലഭിക്കാവുന്ന കൂടിയ ശിക്ഷ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ മൂന്ന് വര്‍ഷം തടവാണ്.
കേസിലെ മറ്റ് മുതിര്‍ന്ന നാല് പ്രതികളുടെ വിചാരണയും പൂര്‍ത്തിയായി വരികയാണ്. പ്രതികളിലൊരാളായിരുന്ന രാം സിംഗ് മാര്‍ച്ച് മാസം തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. കേസിലെ അവസാനത്തെ പ്രോസിക്യൂഷന്‍ സാക്ഷിയായ മരപ്പണിക്കാരന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി.
കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങളെ അനുവദിക്കണമെന്ന ഒരു സംഘം വിദേശ പത്രലേഖകരുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. നേരത്തെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചപ്പോള്‍ അവര്‍ കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ചിരുന്നുവെന്ന് ഡല്‍ഹി പോലീസ് ചൂണ്ടിക്കാട്ടി. ഉത്തരവുകള്‍ക്ക് വിരുദ്ധമായി ചില വിദേശപത്രങ്ങള്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേര് പ്രസിദ്ധീകരിച്ചിരുന്നു.