Connect with us

International

നൈജീരിയയില്‍ സ്‌കൂളിന് നേരെ ആക്രമണം; 29 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ യോബെയില്‍ ബോര്‍ഡിംഗ് സ്‌കൂളിന് നേരെ ആക്രമണം. 29 വിദ്യാര്‍ഥികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടം അക്രമികള്‍ ബോംബിട്ട് തകര്‍ത്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. കെട്ടിടത്തില്‍ ബോംബിട്ട ശേഷം, രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബോക്കോ ഹറാം ഏറ്റെടുത്തിട്ടുണ്ട്. കുട്ടികളും അധ്യാപകരും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് യോബെയിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ ആക്രമണം നടന്നത്. കൊല്ലപ്പെട്ട നിരവധി കുട്ടികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
അല്‍ഖാഇദയുമായി ബന്ധമുള്ള നൈജീരിയയിലെ നിരോധിത സംഘടനയാണ് ബോക്കോ ഹറാം. ബോക്കോ ഹറാമിനെതിരെ നടക്കുന്ന സൈനിക ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടന്നത്. രണ്ട് മാസം മുമ്പ് ആരംഭിച്ച സൈനിക നടപടിക്കിടെ നിരവധി ബോക്കോ ഹറാം കേന്ദ്രങ്ങള്‍ പിടിച്ചെടുത്തിരുന്നു. സൈനിക ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇത് മൂന്നാം തവണയായണ് നൈജീരിയയിലെ സ്‌കൂളിന് നേര്‍ക്ക് ആക്രമണം നടത്തുന്നത്.
ബോക്കോ ഹറാം അക്രമികളുടെ ആക്രമണത്തെ തുടര്‍ന്ന് നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്‌ലുക് ജോനാദന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലൊന്നാണ് യോബെ. ബോക്കോ ഹറാമിന്റെ ആക്രമണം തുടരുന്നതിനിടയിലും വേണ്ടത്ര സുരക്ഷാ സംവിധാനം സജ്ജമാക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലേക്ക് അധിക സൈന്യത്തെ നിയോഗിച്ചിട്ടും ആക്രമണത്തെ നേരിടാന്‍ സൈന്യത്തിനായിട്ടില്ലെന്ന് ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2010 മുതല്‍ രാജ്യത്ത് ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെയായി 1,600 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ മാസം മൈദുഗുരി നഗരത്തിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, തര്‍ബാ സംസ്ഥാനത്ത് പോലീസിനു നേരെ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പോലീസുകാര്‍ക്ക് നേരെ നിറിയൊഴിച്ച ശേഷം ദേശീയ ബേങ്കായ ഫസ്റ്റ് ബേങ്കിന്റെ ശാഖക്ക് നേരെയും ആക്രമണം നടന്നു. ബേങ്ക് കൊള്ളയടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Latest