കൊച്ചി മെട്രോ: രണ്ടാം ഘട്ടം പഠിക്കാന്‍ ഏജന്‍സിയെ നിയമിച്ചു

Posted on: July 6, 2013 6:00 am | Last updated: July 5, 2013 at 11:53 pm

kochi metroകൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ട വികസന പദ്ധതിയുടെ സാധ്യതാപഠനം നടത്താന്‍ റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക് സര്‍വീസസ് (റൈറ്റ്്്‌സ്) എന്ന ഏജന്‍സിയെ ചുമലതലപ്പെടുത്തി. എട്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഏജന്‍സിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര നഗര വികസന വകുപ്പ് സെക്രട്ടറി സുധീര്‍ കൃഷ്ണ പറഞ്ഞു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റിഡിന്റെ പതിമൂന്നാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം പത്രക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ഘട്ട വികസനത്തില്‍ കാക്കനാട്, അങ്കമാലി, വിമാനത്താവളം, പശ്ചിമ കൊച്ചി എന്നിവിടങ്ങളിലേക്ക് റെയില്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ റൂട്ടുകളുടെ സാധ്യതയാണ് റൈറ്റ്‌സ് പരിശോധിക്കുക. രണ്ടാം ഘട്ടത്തിന്റെ സാധ്യതാ പഠനത്തിന് 6.57 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മെട്രോ അനുബന്ധ ഗതാഗത സംവിധാനങ്ങളുടെ ഭാഗമായി മോണോ റെയിലിന്റെയും ട്രാംവേയുടെയും സെമി ഓട്ടോമാറ്റിക് ബസ്സിന്റെയും സാധ്യത പരിശോധിക്കുമെന്ന് സുധീര്‍ കൃഷ്ണ പറഞ്ഞു. ഗ്രേറ്റര്‍ കൊച്ചി മാസ്റ്റര്‍ പ്ലാനിന് അന്തിമ രൂപം നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. കൊച്ചി മെട്രോയുടെ സഹകരണവും ഇതിനുണ്ടാകും. വിശാല കൊച്ചിക്ക് മുഴുവന്‍ മെട്രോയുടെ പ്രയോജനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും വേഗത്തിലാക്കും.
മെട്രോയുടെ ഭാഗമായി ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയമനിര്‍മാണത്തിനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും സുധീര്‍കൃഷ്ണ ചൂണ്ടിക്കാട്ടി. മെട്രോയും യൂനിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയും യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
മെട്രോ സ്‌റ്റേഷനുകള്‍ മള്‍ട്ടി മോഡല്‍ആക്ടിവിറ്റി കേന്ദ്രങ്ങളാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. മെട്രോക്ക് അനുബന്ധമായി ഷോപ്പിംഗ് കോംപ്ലക്‌സുകളുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കും. മെട്രോ ലാഭകരമാക്കാനുദ്ദേശിക്കുന്നത് ഇത്തരത്തിലുള്ള അനുബന്ധ മാര്‍ഗങ്ങളിലൂടെയാണ്. മെട്രോ ബിസിനസ്സ് ഡിസ്ട്രിക്ടും മെട്രോ വില്ലേജുമെല്ലാം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടപ്പള്ളി മേല്‍പ്പാലത്തിന് 30 കോടി രൂപ നല്‍കാനും മെട്രോ പദ്ധതിക്കായി സ്ഥലവും മറ്റും വിട്ടുനല്‍കേണ്ടിവന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിന് അംഗീകാരം നല്‍കാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സംയോജിത നഗരവികസന പദ്ധതിക്കും കെ എം ആര്‍ എല്‍ അംഗീകാരം നല്‍കി. സര്‍ക്കാറിന്റെ പുനരധിവാസ പാക്കേജിന് അനുസൃതമായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.