ഭക്ഷ്യ സുരക്ഷാ ബില്‍ നിയമമാകുമ്പോള്‍

Posted on: July 6, 2013 6:00 am | Last updated: July 5, 2013 at 11:47 pm

SIRAJ.......രാഷ്ട്രപതി ഇന്നലെ ഒപ്പ് വെച്ചതോടെ ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായിക്കഴിഞ്ഞു. ചരിത്രപരമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നതും സോണിയാ ഗാന്ധി പ്രത്യേക താത്പര്യമെടുത്തതുമായ ഈ ബില്‍ രാജ്യത്തെ മൂന്നില്‍ രണ്ട് വരുന്ന ജനവിഭാഗങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് അവകാശവാദം. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെ മുന്‍ഗണനാ വിഭാഗമെന്നും പൊതുവിഭാഗമെന്നും രണ്ടാക്കി തിരിച്ചു മുന്‍ഗണനാ വിഭാഗത്തിന് കിലോക്ക് മൂന്ന് രൂപ നിരക്കില്‍ അരിയും രണ്ട് രൂപക്ക് ഗോതമ്പും ഒരു രൂപക്ക് മറ്റു ധാന്യങ്ങളുമായി മാസത്തില്‍ അഞ്ച് കിലോ ഭക്ഷ്യ ധാന്യങ്ങളും പൊതു വിഭാഗത്തിന് താങ്ങു വിലയുടെ പകുതി നിരക്കില്‍ മൂന്ന് കിലോ ധാന്യങ്ങളുമാണ് ബില്‍ വാഗ്ദാനം ചയ്യുന്നത്. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കു മാസത്തില്‍ ആയിരം രൂപ വീതം ആറ് മാസം ധനസഹായവും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
2009 ജൂണ്‍ നാലിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഭക്ഷ്യ സുരക്ഷാ നിയമം സംബന്ധിച്ച ആദ്യ പ്രഖ്യാപനം വരുന്നത്. പിറ്റേന്നുതന്നെ കരട് നിയമത്തെക്കുറിച്ചുള്ള കുറിപ്പ് സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായത്തിനായി അയച്ചു. 2009 ജൂലൈ 14ന് നിയമനിര്‍മാണത്തിന് കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക ഉന്നതാധികാര സമിതി രൂപവത്കരിച്ചു. ധനമന്ത്രാലയത്തിന്റെ കൂടി അനുമതി തേടിയ ശേഷം 2011 ജൂലൈ 11ന് മന്ത്രിസഭാ സമിതിയുടെ ഒമ്പതാമത് യോഗം ചില മാറ്റങ്ങളോടെ ബില്ലിനു അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് 2011 ഡിസംബര്‍ 22ന് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ചില സംസ്ഥാനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് നിയമനിര്‍മാണം നീളുകയായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കാന്‍ തുനിഞ്ഞെങ്കിലും വിവിധ അഴിമതിക്കേസുകളെ തുടര്‍ന്ന് സഭ പ്രക്ഷുബ്ധമായതിനാല്‍ ആ ശ്രമവും പരാജയപ്പെട്ടപ്പോഴാണ് ഓര്‍ഡിനന്‍സിറക്കാന്‍ യു പി എ തുനിഞ്ഞത്. പാര്‍ലിമെന്റിന്റെ ചര്‍ച്ചയിലിരിക്കുന്ന ബില്ലിന് ധൃതി പിടിച്ചു ഓര്‍ഡിനന്‍സിറക്കിയത് അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ഭീമമായ ചെലവാണ് ബല്ലിനെതിരെ എതിര്‍പ്പുയര്‍ന്നതിന് ഒരു കാരണം. ആദ്യ വര്‍ഷം ഭക്ഷ്യ വസ്തുക്കള്‍ക്കുള്ള സബിസിഡി ഉള്‍പ്പെടെ പ്രതീക്ഷിത ചെലവ് ഒന്നേകാല്‍ ലക്ഷം കോടി രൂപ വരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കടുത്ത ക്ഷീണമേല്‍പ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷ പാര്‍ട്ടികളും അഭിപ്രായപ്പെടുന്നു. ധനമന്ത്രി പി ചിദംബരം പോലും തുടക്കത്തില്‍ ഈ ആശങ്ക പ്രകടിപ്പിച്ചിരുന്നതാണ്. സോണിയാ ഗാന്ധിക്ക് ഈ നിയമ നിര്‍മാണത്തിലുളള അതീവ താത്പര്യത്തെ തുടര്‍ന്ന് അദ്ദേഹം നിലപാട് മാറ്റുകയാണുണ്ടായത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വന്‍കിട വ്യവസായികള്‍ക്ക് അഞ്ച് ലക്ഷം കോടിയുടെ സൗജന്യങ്ങള്‍ അനുവദിച്ച ഒരു രാജ്യത്ത് ദരിദ്ര ജനവിഭാഗത്തിന് വേണ്ടി ഒന്നേകാല്‍ ലക്ഷം കോടി നീക്കി വെക്കുന്നതിനെ വിമര്‍ശിക്കുന്നതില്‍ വലിയ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല, സര്‍ക്കാര്‍ നിരത്തിയ കണക്ക് അതിശയോക്തിപരമാണെന്നും പദ്ധതിക്ക് അത്രയൊന്നും തുക വരില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ കുമിഞ്ഞുകൂടി നശിച്ചു കൊണ്ടിരിക്കുന്നതും പലപ്പോഴും കടലില്‍ ഒഴുക്കിക്കളയുന്നതുമായ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ചു തന്നെ നല്ലൊരു വിഭാഗം ദരിദ്രര്‍ക്ക് കുറഞ്ഞ നിരക്കിലോ സൗജന്യമായി തന്നെയോ ഭക്ഷ്യധാന്യം വിതരണം ചെയ്യാനാകും.
സ്വാതന്ത്ര്യാനന്തരം ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ ജനങ്ങളില്‍ ബഹുഭൂരിഭാഗവും എന്തുകൊണ്ടാണ് ഇന്നും പരിമദരിദ്രരായി തന്നെ അവേശേഷിക്കുന്നതെന്നാണ് ഭക്ഷ്യ സുരക്ഷാ ബില്‍ പോലുള്ള നിയമ നിര്‍മാണങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ചിന്ത. ഏപ്രില്‍ 20ന് ലോക ബേങ്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച ഇന്ത്യയിലാണ് ലോകത്തെ ദരിദ്രരില്‍ മൂന്നിലൊന്നും. രാജ്യത്തെ 12 കോടി പൗരന്മാരും ദിവസം തള്ളിനീക്കുന്നത് കേവലം 17 രൂപ കൊണ്ടാണെന്ന് ദേശീയ സര്‍വേ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു. മൊത്തം സമ്പത്തിന്റെ മൂന്നിലൊന്നും കൈയടക്കി വെച്ചത് രാജ്യത്തെ 54 എണ്ണം മാത്രം വരുന്ന ശതകോടീശ്വരന്മാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ അസന്തുലിതാവസ്ഥ അതേപടി തുടരുകയും ദരിദ്രര്‍ എക്കാലവും സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ സൗജന്യങ്ങള്‍ പറ്റി ജീവിതം തള്ളിനീക്കുകയും ചെയ്താല്‍ മതിയോ? ദാരിദ്ര്യ നിര്‍മാര്‍ജനം (ഗരീബി ഹഠാവോ) പ്രധാന മുദ്രാവാക്യമായി ഉയര്‍ത്തിക്കാണിച്ച ഇന്ദിരാഗാന്ധിയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സജീവ ചിന്തക്കിത് വിഷയീഭവിക്കേണ്ടതുണ്ട്.