പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് മാര്‍ഗരേഖ വേണം: സുപ്രീം കോടതി

Posted on: July 5, 2013 5:12 pm | Last updated: July 5, 2013 at 5:12 pm

supreme courtന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ക്ക് മാനദണ്ഡം പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി. പ്രകടനപത്രികയില്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് പി. സദാശിവവും രഞ്ജന്‍ ഗോഗോയിയും അടങ്ങുന്ന ബെഞ്ചിന്റെതാണ് നിര്‍ദേശം.

വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. എന്നാല്‍ , ജയലളിതയ്‌ക്കെതിരെ നല്‍കിയ ഹര്‍ജി കോടതി തള്ളി. നിലവിലുള്ള നിയമമനുസരിച്ച് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ വിതരണം ചെയ്യുന്നതിനെ അഴിമതിയായി കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് പരമോന്നത കോടതി ഹരജി തള്ളിയത്.

പ്രകടന പത്രികയില്‍ നടത്തുന്ന വാഗ്ദാനങ്ങള്‍ക്ക് നിലവില്‍ യാതൊരു മാര്‍ഗരേഖയുമില്ല. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്ന രീതിയിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് വാദ്‌നങള്‍ നടക്കുന്നത്. ഇതിന് തടയിടാന്‍ പ്രത്യേക നിയമനിര്‍മാണം നടത്താവുന്നതാണെന്നും സുപ്രിം കോടതി വിലയിരുത്തി.