Connect with us

Articles

സോളാര്‍: മുഖ്യമന്ത്രി രാജി വെക്കേണ്ടതുണ്ടോ?

Published

|

Last Updated

വിവാദമായ സോളാര്‍ പാനല്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി പ്രതിപക്ഷം പ്രത്യക്ഷമായും പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പ് പരോക്ഷമായും മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് കേരള രാഷ്ട്രീയം കടന്നു പോകുന്നത്. ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതി ആരോപണവിധേയമാകുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യ സംഭവമാണെങ്കിലും കേസിന്റെ അകത്തളങ്ങളിലേക്ക് പോകുമ്പോള്‍ സംഭവത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ കാണാതിരുന്നുകൂടാ. ജനങ്ങളില്‍ വലിയൊരു വിഭാഗം അദ്ദേഹം അങ്ങനെയൊരഴിമതിക്ക് നിന്നുകൊടുക്കുമെന്ന് വിശ്വസിക്കുന്നുമില്ല.

മുഖ്യമന്ത്രിയുടെ ഓഫീസ് പൂര്‍ണമായും അഴിമുക്തമാണെന്നൊന്നും കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ കൂടെ നിന്നവര്‍ ചെയ്ത തട്ടിപ്പിന് മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞ്, രാഷ്ട്രീയമായി കണ്ട് അതിലൂടെ നേട്ടമുണ്ടാക്കുന്നത് ശരിയാണോ? വ്യക്തിഹത്യയിലേക്കും കുടുംബപ്രശ്‌നങ്ങളിലേക്കും ചര്‍ച്ചകളെ കൊണ്ടെത്തിക്കുന്നത് നല്ല പ്രവണതയല്ല എന്നതില്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ രണ്ട് പക്ഷമുണ്ടാകാനിടയില്ല. രാഷ്ട്രീയ പകപോക്കലിന് പ്രതിയോഗിയുടെ കുടുംബത്തിലെ പ്രശ്‌നങ്ങളും മറ്റും നിയമസഭയിലേക്കും പൊതുസമൂഹത്തിനിടയിലേക്കും വലിച്ചിഴക്കുന്ന തരത്തിലുള്ള നീക്കം ഒരു നല്ല കീഴ്‌വഴക്കമല്ല. മാത്രമല്ല, ഒരു മികച്ച പ്രതിപക്ഷത്തിന് യോജിച്ച നടപടിയായും ഇതിനെ കാണാനാകില്ല. നേതാക്കളുടെ പിഴവായാലും പ്രസംഗങ്ങള്‍ തയ്യാറാക്കുന്നവരുടെ പിഴവായാലും കേരള രാഷ്ട്രീയത്തില്‍ ഇതൊരു തെറ്റായ കീഴ്‌വഴക്കത്തിനാണ് വഴിയൊരുക്കുകയെന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. അതേസമയം, പ്രതിപക്ഷ നേതാവൊഴികെ പ്രതിപക്ഷത്തുനിന്ന് ആരും വിഷയം ഉന്നയിക്കാന്‍ തയ്യാറായില്ല എന്നത് ആശ്വാസകമായ വസ്തുതയാണ്.
സമീപകാല രാഷ്ട്രീയത്തില്‍ കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്നത് സത്യമാണ്. മുഖ്യമന്ത്രിയുടെ മരുമകന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ വായിക്കുന്നതിന് മുമ്പുതന്നെ പ്രതിപക്ഷ നേതാവിന്റെ മകളുടെ പി എച്ച് ഡിയും മകന്റെ മക്കാവ് സന്ദര്‍ശനവും രാഷ്ട്രീയ വിവാദത്തിന്റെ ഭാഗമായിരുന്നു. ഇപ്പോഴത്തെ സംഭവം അതിന്റെ നൈരന്തര്യമാണെന്ന് വിശേഷിപ്പിക്കാമെങ്കിലും അത് ന്യായീകരണമാകുന്നില്ല. ഇത്തരം പ്രവണതകള്‍ രാഷ്ട്രീയത്തിന്റെ മാന്യതയെ ബാധിക്കുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ഇങ്ങനെ പോയാല്‍, ആര്‍ക്കാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയുക?
തന്റെ ഓഫീസും വകുപ്പും അഴിമതിമുക്തമാണെന്ന് ഉറപ്പ് വരുത്തേണ്ടത് ഒരു മന്ത്രിയുടെ ബാധ്യത തന്നെയാണ്. എന്നാല്‍ നിലവിലെ ഭരണ വ്യവസ്ഥിതി അനുസരിച്ച് ഇവ നടപ്പിലാക്കല്‍ ഏറെ ശ്രമകരമായ ജോലിയാണെന്ന യാഥാര്‍ഥ്യം നാം വിസ്മരിച്ചുകൂടാ. മാത്രമല്ല, ഉമ്മന്‍ ചാണ്ടിയെപ്പോലെ ജനകീയനായ ഒരാളെ സംബന്ധിച്ചാകുമ്പോള്‍ പ്രത്യേകിച്ചും. ഓഫീസില്‍ വരുന്നവരെയും പോകുന്നവരെയും കാണുന്നവരെയും വിളിക്കുന്നവരെയും ചൂഴ്ന്നുനോക്കി സമീപിക്കാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ല. എല്ലാവരും തട്ടിപ്പുകാരാണെന്ന ഭാവേന ഇടപഴകാന്‍ കഴിയില്ല. അപായം മണക്കുമ്പോള്‍ സൂക്ഷിക്കുക. അത്രമാത്രമേ കഴിയൂ. സ്വന്തം ഓഫീസ് അഴിമതിമുക്തമാക്കാന്‍ പരമാവധി ഇവ നടപ്പിലാക്കാന്‍ ശ്രമിക്കുകയും വീഴ്ചകള്‍ ബോധ്യപ്പെടുമ്പോള്‍ അത് തിരുത്താനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയെ ഒരു നല്ല ഭരണാധികാരിയെന്ന് വിളിക്കാവുന്നതാണ്.
തന്റെ ഓഫീസ് സുതാര്യവും അഴിമതിമുക്തവുമാകണമെന്ന് മുഖ്യമന്ത്രി താത്പര്യപ്പെട്ടിരുന്നു എന്നു തന്നെയാണ് കരുതേണ്ടത്. അതുകൊണ്ടാണ് ഓഫീസ് 24 മണിക്കൂറും തുറന്നിടാന്‍ അദ്ദേഹം സന്നദ്ധനായത്. പിന്നെ എന്താണ് സംഭവിച്ചത്? സുതാര്യതയുടെ പേരില്‍ തന്റെ ഓഫീസും ഭരണ സംവിധാനങ്ങളും ഇരുപത്തിനാല് മണിക്കൂറും തുറന്നിട്ടപ്പോള്‍ തന്റെ സംവിധാനത്തിന് കീഴിലുള്ള ചില പുഴുക്കുത്തുകളെ വേണ്ട പോലെ കാണാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. അത്രമാത്രം. പക്ഷേ ആ ചെറിയ വീഴ്ചയെ മാനുഷിക പരിഗണനയോടെ കാണാവുന്നതാണ്. എന്നാല്‍, ഇതിനപ്പുറം അതിനെ ഒരു സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാനുള്ള, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കമാണ് ശ്രമമാണ് മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്നത്. വീഴ്ചകള്‍ വ്യക്തമായപ്പോള്‍ അത് തിരുത്താന്‍ അദ്ദേഹം കാണിച്ച നല്ല മനസ്സിനെ ആ നിലയില്‍ കാണാന്‍ ആരും മുന്നോട്ട് വന്നില്ല. ഇതോടൊപ്പം സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കും രാഷ്ട്രീയ നേതൃത്വത്തിനും നല്ല പാഠം പഠിക്കാനുണ്ട്. അധികാരത്തിന്റെ ഇടനാഴിയില്‍ അലയുന്നവരെ ഭരണാധികാരികള്‍ തിരിച്ചറിയണമെന്ന വലിയ പാഠം. ഇത് ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാവരും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഖദറിട്ടവരെയെല്ലാവരെയും വിശ്വസിക്കരുത് എന്ന് ഇപ്പോള്‍ മന്ത്രിമാര്‍ക്കെല്ലാം നല്ല ബോധ്യമായിക്കാണും.
എന്നാല്‍ കൂടെ നിന്നവര്‍ ചെയ്ത തെറ്റിന് ഒരു മുഖ്യമന്ത്രി പഴി കേള്‍ക്കുമ്പോള്‍ ഒപ്പം നിന്ന് സംരക്ഷിക്കേണ്ട പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവര്‍, വാഴ വെട്ടുന്ന തിരക്കിലാണ്. ഇതിന്റെ പിന്നിലെ രാഷ്ട്രീയ ലാക്ക് ഏറെക്കുറെ കേരളീയ ജനതക്ക് തിരിച്ചറിയാവുന്നതാണ്. വ്യക്തിപരമായ സ്വാര്‍ഥ താത്പര്യങ്ങളുടെ പകപോക്കാന്‍ ഒരു ഭരണ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമായി ഇതിനെ കാണാവുന്നതാണ്. സോളാര്‍ വിവാദം കത്തുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ നല്ല ഇന്ധനമാണ്. മുമ്പ് പല ആരോപണങ്ങള്‍ നേരിട്ടപ്പോഴും ഇല്ലാത്ത ഇടര്‍ച്ച ഇപ്പോള്‍ ഭരണപക്ഷത്ത് ഇപ്പോള്‍ കാണുന്നതിന് കാരണം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തന്നെയാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ധാര്‍മികതയുടെ പേരിലുള്ള രാജി സംസ്ഥാന ഭരണത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ധാര്‍മികതയുടെ പേരില്‍ രാജി ആവശ്യപ്പെടുന്നവര്‍ സംസ്ഥാനത്തെ ഭരണസ്ഥിരതക്കും ഭരണസ്ഥിരതെയക്കുറിച്ച് വ്യാകുലപ്പെടുന്നവര്‍ രാഷ്ട്രീയ ധാര്‍മികതയുടെ നിലനില്‍പ്പിനും വ്യക്തമായ പോംവഴികള്‍ നിര്‍ദേശിക്കേണ്ടിവരും.
ഇതിന് ഏറ്റവും അനുയോജ്യമായത് ഭരണാധികാരിയെന്ന നിലയില്‍ ആരോപണവിധേയരുടെ അധികാര പരിധിക്കപ്പുറത്തുള്ള ഒരു അന്വേഷണത്തെ സ്വാഗതം ചെയ്യുകയെന്നുള്ളതാണ്. ഇതുവഴി തങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെടാന്‍ കഴിയുമെങ്കില്‍ അത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നതിന് എന്തിന് മടിച്ചു നില്‍ക്കണം?
എന്നാല്‍ നിലനില്‍ക്കുന്ന ഒരു വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ അറിഞ്ഞോ അറിയാതെയോ പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് അത് സംവിധാനിക്കുന്നവര്‍ക്ക് പോലും ശുഭകരമാകില്ല.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest