നിതാഖാത്ത്: 1,000 പേര്‍ക്ക് ജോലി നല്‍കും – എം എ യൂസുഫലി

Posted on: July 4, 2013 11:58 pm | Last updated: July 5, 2013 at 1:29 am

ma yousuf ali

ദുബൈ: നിതാഖാത്തുമായി ബന്ധപ്പെട്ട് സഊദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട 1,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് നോര്‍ക്കാ റൂട്ട്‌സ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എം ഡിയുമായ എം എ യൂസുഫലി. ദുബൈയിലെ ലുലു ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം യൂസുഫലി നടത്തിയത്.
ഇതുവരെ 50 പേര്‍ക്ക് ജോലി നല്‍കി കഴിഞ്ഞു. അവശേഷിക്കുന്ന 950 പേര്‍ക്ക് വിശുദ്ധ റമസാന് ശേഷം ഗള്‍ഫിലെ ലുലു സ്ഥാപനങ്ങളില്‍ ജോലി നല്‍കും. ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ക്ക് അനുഗ്രഹമാകുന്ന രീതിയില്‍ നിതാഖാത്ത് തീയതി ദീര്‍ഘിപ്പിച്ച സഊദി ഭരണാധികാരിയുടെ ദയാവായ്പ്പിന് നന്ദി പറയുകയാണ്.
ലുലു ഗ്രൂപ്പ് കൊച്ചിയില്‍ ആരംഭിക്കുന്ന ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി പൂര്‍ത്തിയായാല്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴിലില്‍ പ്രഥമ പരിഗണന നല്‍കും.
ഗള്‍ഫിലെ തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നോര്‍ക്കാ റൂട്ട്‌സ് ചെയര്‍മാന്‍ എന്ന നിലയില്‍ സഊദി അറേബ്യ, കുവൈത്ത് എംബസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ പരാതിയുടെ അടിസ്ഥാനത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിയെ കുറ്റപ്പെടുത്താന്‍ പാടില്ല. തിരിച്ചുവരുന്ന വരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രവും സംസ്ഥാനവും പദ്ധതി ആസൂത്രണം ചെയ്യണം. ഇതിനായി സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു എ ഇയുമായി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയതിന് സമാനമായ തൊഴില്‍ കരാറുകള്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കണം. ഇത് തൊഴിലാളികള്‍ വഞ്ചിതരാകുന്നത് തടയാനും മനുഷ്യക്കടത്ത് ഇല്ലാതാക്കാനും ഉപകരിക്കുമെന്നും യൂസുഫലി പറഞ്ഞു.