Connect with us

Malappuram

കാളികാവില്‍ ഒന്നര വയസുകാരനെയും തിരൂരില്‍ യുവാവിനെയും കാണാതായി

Published

|

Last Updated

തിരൂര്‍/കാളികാവ്: തിരൂര്‍ പുഴയില്‍ വീണ് ഒരു യുവാവിനെയും കാളികാവ് മൂച്ചിക്കലില്‍ ഒന്നര വയസുള്ള കുഞ്ഞിനെയും കാണാതായി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് പൊന്‍മുണ്ടം പാറമ്മല്‍ സ്വദേശിയായ നെടുവഞ്ചേരി സുബ്രമണ്യന്‍ എന്ന സുബ്രുവിനെ കാണാതായത്.
കൂട്ടുകാരോടൊപ്പം ഓട്ടോറിക്ഷയില്‍ ബൈപ്പാസ് പരിസരത്തുണ്ടായിരുന്ന ഇയാള്‍ മൂത്രമൊഴിക്കാനായി തിരൂര്‍ പുഴയുടെ തീരത്ത് ഇരിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കനത്ത മഴയുള്ളതിനാല്‍ നല്ല ഒഴുക്കുള്ള സമയമായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം വാഹനത്തില്‍ ഇയാളുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരെ അപകടം സംഭവിച്ചതോടെ കാണാതായത് ദുരൂഹത പടര്‍ത്തി. കൂടെയുണ്ടായിരുന്നവരെ കാണാതായതോടെ വീണയാളെ ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പോലീസിനെ കണ്ടതോടെ സംഘം രക്ഷപ്പെട്ടതായിരിക്കുമെന്നാണ് കരുതുന്നത്. ഏറെ വൈകിയും ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തുന്നുണ്ട്. അഞ്ചച്ചവിടി മൂച്ചിക്കലില്‍ പണിക്കൊള്ളി റസാഖിന്റെ ഒന്നര വയസ്സുള്ള റിയാന്‍ എന്ന കുട്ടിയെ കാണാതായി.
വീടിന്റെ മുന്നിലുള്ള കൈതോട്ടില്‍ ഒഴുക്കില്‍പെട്ടതായി സംശയം. നാട്ടുകാരും അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ സഹോദരി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് എത്തിയപ്പോള്‍ സ്‌കൂളില്‍ നിന്ന് കിട്ടിയ വിത്തിന് വേണ്ടി വാശിപിടിച്ചിരുന്നു. കുട്ടിയെ കാണാതായതോടൊപ്പം ഒരു പുള്ളിക്കുടയും കാണാതായിട്ടുണ്ട്. കുട്ടിയെ ആരോ കടത്തിക്കൊണ്ട് പോയതായി സംശയിക്കുന്നു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്. രണ്ട് ദിവസമായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. തോടുകളും പുഴകളും കരകവിഞ്ഞൊഴുകുന്നുണ്ട്. കുട്ടിയെ കാണാതായ തോട് ഒന്നര കിലോമീറ്റര്‍ ദൂരത്തിലുള്ള പരിയങ്കാട് പുഴയിലാണ് ചേരുന്നത്. അത് വരേയുള്ള ഭാഗങ്ങളില്‍ കുട്ടിയെ കാണാതായ നിമിഷം മുതല്‍ തന്നെ തിരച്ചില്‍ നടത്തി. വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നവര്‍ തോട്ടില്‍ പലഭാഗങ്ങളിലായി ഉണ്ടായിരുന്നു.