കാലവര്‍ഷം കനത്തു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

Posted on: July 4, 2013 12:43 am | Last updated: July 4, 2013 at 12:43 am

മലപ്പുറം/മഞ്ചേരി: ജില്ലയില്‍ ചെറിയ ഇടവേളക്ക് ശേഷം കാലവര്‍ഷം വീണ്ടും ശക്തി പ്രാപിച്ചു. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ മഴ ഇന്നലെ പകല്‍ സമയം തുടര്‍ച്ചയായി പെയ്തതോടെ നാടും നഗരവും വെള്ളത്തില്‍ മുങ്ങി. നദികളിലെല്ലാം വേഗത്തില്‍ ജലനിരപ്പ് ഉയരുകയും നിരവധി വീടുകളില്‍ വെളളം കയറുകയും ചെയ്തു. ടൗണുകളില്‍ വൈകുന്നേരത്തോടെ വെള്ളം കയറിയതോടെ വാഹന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള ജനം ബുദ്ധുമുട്ടി. പലയിടത്തും ഗതാഗതം തന്നെ മണിക്കൂറുകള്‍ മുടങ്ങി. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് വൈദ്യുതിയും നിലച്ചു.

തിരൂരില്‍ ഒരാളെയും കാളികാവില്‍ ഒന്നര വയസുള്ള കുഞ്ഞിനെയും കാണാതായി. തിരൂരങ്ങാടിയിലും ഒരു കുഞ്ഞിനെയും കാണാതായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലായി. പലയിടങ്ങളിലും മണ്ണിടിഞ്ഞും വെള്ളം കയറിയും ഗതാഗതം തടസ്സപ്പെട്ടു. കിഴക്കന്‍ ഏറനാട്ടിലെ ഊര്‍ങ്ങാട്ടിരി വില്ലേജില്‍ മൂര്‍ക്കനാട് തൂക്കുപാലം അപകട ഭീഷണിയിലായി.
പാലത്തിന് സമീപം മണ്ണിടിഞ്ഞതാണ് കാരണം. ഏറനാട് ഡെപ്യൂട്ടി തഹസീല്‍ദാല്‍ കെ വി ഗീതക്കിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം സന്ദര്‍ശിച്ചു. വിദഗ്ധ സംഘം ഇന്ന് മൂര്‍ക്കനാടെത്തി പാലം സുരക്ഷ സംബന്ധമായി ആവശ്യമായ നടപടി സ്വീകരിക്കും. മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു.
എസ് ഐ കെ വി ശിവാനന്ദന്റെ നേതൃത്വത്തില്‍ പൊലീസെത്തി ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കല്‍ പ്രവൃത്തി ആരംഭിച്ചു. മഞ്ചേരി നെല്ലിപ്പറമ്പിലും ജസീല ജംങ്ഷനിലും റോഡില്‍ വെള്ളം കയറി ഗതാഗത തടസ്സം സൃഷ്ടിച്ചു. ഏറനാട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ മഴയിലും കാറ്റിലും മരം വീണ് ഏതാനും വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചാതായി റിപ്പോര്‍ട്ടുണ്ട്.