മസിനഗുഡി പഞ്ചായത്തിലെ കൗണ്‍സിലര്‍മാര്‍ രാജിക്കൊരുങ്ങുന്നു

Posted on: July 4, 2013 12:37 am | Last updated: July 4, 2013 at 12:37 am

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ മസിനഗുഡി പഞ്ചായത്തിലെ ഒമ്പത് കൗണ്‍സിലര്‍മാര്‍ രാജിക്കൊരുങ്ങുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി എം കെയിലെ രാധയുടെ നേതൃത്വത്തിലാണ് ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും കൗണ്‍സിലര്‍മാര്‍ രാജിക്കൊരുങ്ങുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എ ഐ എ ഡി എം കെയിലെ ഫൗസിയ നസീറും ഓഫീസ് ജീവനക്കാരും കൗണ്‍സിലര്‍മാരോട് ആലോചിക്കാതെ ഫണ്ട് അനുവദിക്കുന്നതെന്നും വികസനപ്രവൃത്തികള്‍ നടത്തുന്നതെന്നും ആരോപിച്ചാണ് എ ഡി എം കെയിലെ അഞ്ച് കൗണ്‍സിലര്‍മാരും ഡി എം കെയിലെ നാല് കൗണ്‍സിലര്‍മാരും രാജിവെക്കാനൊരുങ്ങുന്നത്. പ്രസിഡന്റിന്റെ ഏകാദിപത്യത്തില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നത്.

സ്വാമിനാഥന്‍, നാഗരാജ്, ശേഖര്‍, വിജി, വേണി, രാധ, ലക്ഷ്മി, മുബാറക്, സിദ്ദു എന്നി കൗണ്‍സിലര്‍മാരാണ് രാജിവെക്കാനൊരുങ്ങുന്നത്. ഇവര്‍ കലക്ടറെ സമീപിച്ച് രാജിസമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പഞ്ചായത്തില്‍ പ്രസിഡന്റിനെ കൂടാതെ 12 അംഗങ്ങളാണുള്ളത്. ഇതില്‍ ഒരു കൗണ്‍സിലര്‍ നേരെത്തെ തന്നെ രാജിവെച്ചിരുന്നു.
ഡി എം കെ അംഗങ്ങളായ മുരുകന്‍, പടിച്ചി എന്നിവരും ഉടന്‍ രാജിവെക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ രാജിവെച്ചാല്‍ പിന്നെ ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും.