അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി ക്ഷേമനിധി വരുന്നു

Posted on: July 4, 2013 6:00 am | Last updated: July 4, 2013 at 12:15 am

workers in keralaതിരുവനന്തപുരം:അന്യസംസ്ഥാന തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്ന നിയമത്തിന്റെ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയ ശേഷം ഇതു സഭയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ചു തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഓരോ ഗുണഭോക്താവും തൊഴിലുടമയും പ്രതിമാസം നൂറ് രൂപ വീതം അംശദായമായി കുടിയേറ്റ തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കണം. തൊഴിലുടമ ശമ്പള ദിവസം മുതല്‍ ഇരുപത്തിയൊന്ന് ദിവസത്തിനകം നിധിയിലേക്ക് നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. തൊഴിലുടമ വിഹിതം അടയ്ക്കാതിരുന്നാല്‍ വര്‍ഷത്തില്‍ പന്ത്രണ്ട് ശതമാനം നിരക്കിലുള്ള പലിശ സഹിതം തൊഴിലുടമയില്‍ നിന്ന് ഈടാക്കും. ക്ഷേമ കാര്‍ഡ് ഇല്ലാത്ത ഏതെങ്കിലും കുടിയേറ്റ തൊഴിലാളിയെ ഒരു വേതന കാലയളവില്‍ കൂടുതല്‍ ജോലിക്കായി ഏര്‍പ്പെടുത്തിയാല്‍ ഓരോ കുടിയേറ്റ തൊഴിലാളിക്കും രണ്ടായിരം രൂപയില്‍ കുറയാത്ത പിഴയും തുടര്‍ച്ചയായ ലംഘനത്തിന് ഓരോ കുടിയേറ്റ തൊഴിലാളിക്കും അയ്യായിരം രൂപ പിഴയും തൊഴിലുടമയില്‍ നിന്ന് ഈടാക്കുമെന്നും കരടില്‍ വ്യവസ്ഥ ചെയ്യുന്നു.
കുടിയേറ്റതെഴിലാളിക്കു നല്‍കിയ അംശദായത്തിന്റെ മാസം തോറുമുള്ള വിശദ വിവരങ്ങള്‍ നിശ്ചിത ഫാറത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദേ്യാഗസ്ഥന് നല്‍കണം. ആറ് മാസമെങ്കിലും തുടര്‍ച്ചയായി അംശദായം അടച്ചിട്ടുള്ള ഗുണഭോക്താവിന് ചികിത്സാ സഹായവും മരണമടയുന്ന ഗുണഭോക്താവിന്റെ കുടുംബത്തിന് ഇന്‍ഷുറന്‍സ് ധനസഹായവും നല്‍കും. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ചിട്ടുള്ള ഗുണഭോക്താവിന് തൊഴിലില്‍ തുടരുവാന്‍ കഴിയാതെ വരുമ്പോള്‍ അയാള്‍ക്ക്, ജോലിചെയ്ത വര്‍ഷങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സഞ്ചിത തുക നല്‍കും. അംഗത്വം നിഷേധിക്കപ്പെട്ടതോ അംഗത്വം റദ്ദാക്കപ്പെട്ടതോ ആയ ആള്‍ക്ക് അപ്പീല്‍ നല്‍കാം. നിയമം നടപ്പായി മുപ്പത് ദിവസത്തിനുള്ളില്‍ കുടിയേറ്റ തൊഴിലാളികളുടെ പേരുകള്‍ തൊഴിലുടമ ബന്ധപ്പെട്ട ഉദേ്യാഗസ്ഥന്റെ മുന്‍പാകെ രജിസ്റ്റര്‍ ചെയ്യണം. കുടിയേറ്റത്തൊഴിലാളിക്ക് നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ഉദേ്യാഗസ്ഥന്‍ ക്ഷേമകാര്‍ഡുകള്‍ വിതരണം ചെയ്യണം.
തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ആഫീസറില്‍ കുറയാത്ത പദവിയിലുള്ള ഉദേ്യാഗസ്ഥരെ കുടിയേറ്റതൊഴിയലാളികളെ രജിസ്റ്റര്‍ ചെയ്യുന്നതിനും ക്ഷേമ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനും നിയമിക്കാം. ആക്റ്റ് പ്രാബല്യത്തില്‍ വന്നശേഷം ഒരു തൊഴിലുടമയും ക്ഷേമ കാര്‍ഡ് കൂടാതെ കുടിയേറ്റതൊഴിലാളിയെ ജോലിക്ക് വെക്കാന്‍ പാടില്ല. ആക്ടിന്റെ ആവശ്യങ്ങള്‍ക്കായി ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാം. അവര്‍ക്ക് തൊഴില്‍ സ്ഥാപനങ്ങളില്‍ പ്രവേശിച്ച് റിക്കാര്‍ഡുകള്‍ പരിശോധിക്കാം.
തൊഴില്‍ ഉപേക്ഷിച്ചു പോകുകയോ, തൊഴിലില്‍ നിന്നും നീക്കം ചെയ്യപ്പെടുകയോ, അറുപത് വയസ് പൂര്‍ത്തിയാക്കുകയോ, മാസവേതനം പതിനയ്യായിരം രൂപയില്‍ കവിയുകയോ ചെയ്യുന്ന കുടിയേറ്റതൊഴിലാളിക്ക് അംശദായം നല്‍കുവാന്‍ തൊഴിലുടമ ബാധ്യസ്ഥനല്ല. അഞ്ചോ അതിലധികമോ കുടിയേറ്റത്തൊഴിലാളികളെ ജോലിക്കായി നിയോഗിക്കുന്ന തൊഴിലുടമ അവര്‍ക്ക് താമസസൗകര്യം നല്‍കണം.
ക്ഷേമ കാര്‍ഡ് നല്‍കിയിട്ടുള്ള കുടിയേറ്റതൊഴിലാളിയുടെ പേരില്‍ ബോര്‍ഡില്‍ നിക്ഷേപിച്ചിട്ടുള്ള തുകക്ക് ആറ് ശതമാനം നിരക്കിലോ അല്ലെങ്കില്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ വിജ്ഞാപനം ചെയ്യാവുന്ന നിരക്കുകളിലോ പലിശ ലഭിക്കും.