Connect with us

Malappuram

അഭയാര്‍ഥി ക്യാമ്പില്‍ അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ല; ചേനപ്പാടിക്കാരുടെ പുനരധിവാസം വൈകുന്നു

Published

|

Last Updated

കാളികാവ്: ചേനപ്പാടി ആദിവാസി കോളനിക്കാരുടെ പുനരധിവാസം വൈകുന്നു. അപകടാവസ്ഥയില്‍ ദുരിതം പേറി ജീവിച്ചിരുന്ന കോളനിക്കാരെ മാറ്റിപ്പാര്‍പ്പിച്ച അഭയാര്‍ഥി ക്യാമ്പിലേക്ക് അധികാരികള്‍ തിരിഞ്ഞ് നോക്കിയില്ല. പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എയുടെയും, പിന്നീട് കോളനിയില്‍ എത്തിയ സ്ഥലം എം എല്‍ എയും മന്ത്രിയുമായ എ പി അനില്‍കുമാറിന്റേയും ഇടപെടലിനെ തുര്‍ന്ന് കോളനിക്കാരെ താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
കോളനിക്കാര്‍ക്ക് സ്ഥലം നല്‍കുമെന്നും വീട് വെക്കുന്നതിന് സഹായം നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ട് പോലുമില്ല. ഇവരെ ചോക്കാട് ഗിരിജന്‍ കോളനിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ട് ഒരു മാസമാകാറായിട്ടും ഐ ടി ഡി പി അധികൃതരോ ഗ്രാമപഞ്ചായത്ത് അധികൃതരോ തിരിഞ്ഞ് നോക്കിയിട്ടില്ല. കോളനിക്കാര്‍ക്ക് ജോലിയില്ലാത്തതിനാല്‍ കടുത്ത ദാരിദ്ര്യത്തിലാണ്. സ്ഥലം മാറിവന്നതിനാല്‍ ജോലിക്ക് പോകാനാകാതെ ആഴ്ചകളോളം സ്‌കൂളില്‍ തന്നെ നില്‍കേണ്ടി വന്നു. ഇതോടെ പട്ടിണിയിലായ കുടുംബങ്ങള്‍ നാല്‍പത് സെന്റ് കോളനിക്കാരില്‍ നിന്നും പണം കടംവാങ്ങിയാണ് കഴിയുന്നത്. ചേനപ്പാടി കോളനിയിലുള്ള സാധനങ്ങള്‍ പൂര്‍ണമായി കൊണ്ട് വരുന്നതിനും പണമില്ലാത്തതിനാല്‍ സാധിച്ചിട്ടില്ല.
കാട്ടില്‍ അവശനായി കഴിഞ്ഞിരുന്ന കോളനിയിലെ മൂപ്പനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഐ ടി ഡി പി ക്കാരുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഒരാഴ്ചക്കാലം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂപ്പന്‍ സ്‌കൂളില്‍ എത്തിയിട്ടുണ്ട്. ചേനപ്പാടിയില്‍ ആയിരുന്ന സമയത്ത് സുമനസുകളും സ്‌കൂള്‍കുട്ടികളും, അധ്യാപകരും പലവിധ സഹായങ്ങളും നല്‍കിയിരുന്നു. ക്യാമ്പിലെത്തിയതോടെ സഹായവും കിട്ടാതായി എന്ന് അധികൃതരുടെ അവഗണനയില്‍ നിരാശരായ കോളനിക്കാര്‍ പറഞ്ഞു.

Latest