കോണ്‍ഗ്രസ്-ലീഗ് തര്‍ക്കത്തിന് വിരാമം

Posted on: July 3, 2013 6:18 am | Last updated: July 3, 2013 at 8:48 am

***അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്ന് ലീഗ്

***പരസ്യപ്രസ്താവനകള്‍ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കും കെ പി സി സി വിലക്ക്
തിരുവനന്തപുരം:കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ലീഗിനെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഉടലെടുത്ത കോണ്‍ഗ്രസ്-ലീഗ് മുന്നണി തര്‍ക്കത്തിന് താത്കാലിക വിരാമം. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുകൂട്ടരും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ഇന്നലെ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ ലീഗ് നേതാക്കളുമായും രമേശ് ചെന്നിത്തലയുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുവിഭാഗവും നിലപാടുകള്‍ മയപ്പെടുത്താന്‍ തയ്യാറായത്. അതേസമയം, ചെന്നിത്തലയുടെ പ്രസ്താവനക്ക് ഉപരിയായി പരിഹരിക്കപ്പെടേണ്ട അടിസ്ഥാനപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചര്‍ച്ചക്ക് ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഇന്നലെ ഒരു ദിവസം മൊത്തം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മുന്‍ നിലപാട് തിരുത്തി ലീഗ് യു ഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്നും ലീഗുമായി പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ പരസ്യപ്രസ്താവനകളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും ഇക്കാര്യത്തില്‍ കെ പി സി സി വിലക്ക് ഏര്‍പ്പെടുത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ശനിയാഴ്ച ചെന്നിത്തല ലീഗിനെതിരെ കോഴിക്കോട് നടത്തിയ പരാമര്‍ശമാണ് മുന്നണി ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ രൂക്ഷമായത്. വീണുകിട്ടിയ അവസരം മുതലെടുത്ത് ലീഗിനെതിരെ ആര്യാടന്‍ മുഹമ്മദും കെ മുരളീധരനും പരസ്യപ്രസ്താവനകള്‍ നടത്തിയതോടെ തര്‍ക്കം രൂക്ഷമായി.
ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ പലതും വര്‍ഗീയമായി ചിത്രീകരിക്കപ്പെടുന്നെന്നും ലീഗ് മന്ത്രിമാര്‍ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നു തന്നെ ഉയര്‍ന്നുവരുന്നതായും മുന്നണിയിലെ രണ്ടാം കക്ഷിയായ തങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നുമുള്ള പാര്‍ട്ടിയുടെ പരാതി ചര്‍ച്ചയില്‍ പങ്കെടുത്ത കെ പി എ മജീദും കുഞ്ഞാലിക്കുട്ടിയും പങ്കുവെച്ചു. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലുള്ള നിലപാട് നാളെ ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റിന് ശേഷം വ്യക്തമാക്കാമെ ന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗ് യു ഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്നും ഘടകകക്ഷികളെ അപമാനിക്കാന്‍ കോണ്‍ഗ്രസ് ആരേയും അനുവദിക്കില്ലെന്നും ഇന്നലെ രാവിലെ ലീഗ് നേതാക്കളുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ഇതേത്തുടര്‍ന്നാണ് വൈകീട്ട് ലീഗ് നേതാക്കളുമായും ചെന്നിത്തലയുമായും ഒന്നിച്ച് ചര്‍ച്ചകള്‍ നടത്തി തര്‍ക്കം താത്കാലികമായി പരിഹരിച്ചത്.