പെട്ടി തുറന്നപ്പോള്‍ പരാതി പ്രളയം

Posted on: July 2, 2013 7:57 am | Last updated: July 2, 2013 at 7:57 am

മലപ്പുറം: അഴിമതിനിവാരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ പരാതി പ്രളയം. 22 പരാതികളാണ് പെട്ടി തുറന്നപ്പോള്‍ ലഭിച്ചത്. എ ഡി എം പി മുരളീധരന്‍ ജില്ലാതല അഴിമതി നിവാരണ സമിതി അംഗങ്ങളായ പി ഗൗരി, സി പി വത്സന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചത്. തുടര്‍ന്ന് പരാതികള്‍ അതത് വകുപ്പ് മേധാവികള്‍ക്ക് കൈമാറി.

കോട്ടപ്പടി ജി ബി എച്ച് എസിലെ വിദ്യാര്‍ഥിക്ക് എം എം എല്‍ എസ് സ്‌കോളര്‍ഷിപ്പ് ലഭിച്ചില്ലെന്ന് അറിയിക്കാന്‍ ചെന്ന രക്ഷിതാവിനോട് സ്‌കൂള്‍ അധികൃതര്‍ മോശമായിപ്പെരുമാറിയെന്നുള്ള പരാതി അന്വേഷിക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ക്കും തൃപ്പനച്ചി സ്‌കൂള്‍ പടിയിലെ വ്യാജമദ്യ-ലഹരി വില്‍പ്പനയെക്കുറിച്ചുള്ള പരാതി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കൈമാറി. കടലുണ്ടിപ്പുഴയിലെ മണല്‍വാരലുമായി ബന്ധപ്പെട്ട പരാതി ഡെപ്യൂട്ടി കലക്ടര്‍ക്ക് (ദുരന്ത നിവാരണം) നല്‍കി. വളമംഗലം അങ്ങാടിയില്‍ വെള്ളം റോഡിലേക്കൊഴുക്കുന്നുവെന്ന പരാതി പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.
തിരൂരങ്ങാടി പോസ്റ്റ് ഓഫീസ് റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്നപരാതിയും എടവണ്ണ ഗ്രമാപഞ്ചായത്ത് ഓഫീസിലെ മൂന്ന് ജീവനക്കാര്‍ക്ക് മണല്‍മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കും.
മഞ്ചേരി മുബാറക് സ്‌കൂളില്‍ അവധിക്കാല ശമ്പളം ലഭിക്കാത്ത അധ്യാപികമാര്‍ ശമ്പളമാവശ്യപ്പെട്ടപ്പോള്‍ പിരിച്ച്‌വിട്ടെന്നുമുള്ള പരാതി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷിക്കും. പുത്തനത്താണി നഗരത്തില്‍ ഹോം ഗാര്‍ഡ് പണം വാങ്ങി ചില ബസുകളിലേക്ക് കൂടുതല്‍ ആളെക്കയറ്റുന്നുവെന്ന് പരാതിയും വാഴക്കാട് ചെറുവട്ടൂരില്‍ പണം വെച്ചുള്ള ചീട്ടുകളി നടത്തുന്നുവെന്ന പരാതിയും ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. അങ്ങാടിപ്പുറം തളിക്ഷേത്ത്രിന്റെ മുമ്പിലൂടെയുള്ള റോഡ് രണ്ട് മീറ്റര്‍ വീതിയില്‍ 40 മീറ്റര്‍ ദൂരം കൈയേറി മതില്‍ നിര്‍മിച്ചുവെന്ന പരാതിയും മഞ്ചേരി താലൂക്ക് ഓഫീസില്‍ ടാക്‌സി വാഹനം ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയും നടുവട്ടം വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ക്കെതിരെയുള്ളപരാതിയും എ ഡി എം പി. മുരളീധരന്‍ അന്വേഷിക്കും. കൊളത്തൂര്‍ പഞ്ചായത്തിലെ കറുപ്പത്താലില്‍ പോസ്റ്റ് ഓഫീസിന് അക്വയര്‍ ചെയ്ത സ്ഥലത്ത് മാലിന്യം തള്ളുന്നത് സംബന്ധിച്ച് ഡി.എം.ഒ. അന്വേഷിക്കും. പെരിന്തല്‍മണ്ണയില്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നുവെന്ന പരാതി കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അന്വേഷിക്കും.
മലപ്പുറം നഗരസഭയിലെ വടക്കേപുറം അങ്കണവാടി ജീവനക്കാര്‍ക്കെതിരെയുള്ള പരാതി ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്കും പൂക്കോട്ടൂര്‍ വഴി കോണ്ടോട്ടി, മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്ക് പെര്‍മിറ്റെടുത്ത ബസുകള്‍ രാവിലെയും രാത്രിയും സര്‍വീസ് നടത്തുന്നില്ലെന്ന പരാതി മലപ്പുറം ആര്‍ ടി ഒക്ക് കൈമാറി.