ആദിവാസി കോളനികളിലെ ദുരിതങ്ങളറിയാന്‍ എ ഡി ജി പി. ബി സന്ധ്യയുടെ സന്ദര്‍ശനം

Posted on: July 2, 2013 7:56 am | Last updated: July 2, 2013 at 7:56 am

നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയിലെ ആദിവാസി കോളനികളിലെ ദുരിത ജീവിതം നേരിട്ടറിയാന്‍ പട്ടിക വര്‍ഗക്ഷേമ വകുപ്പിന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ എ ഡി ജി പി ഡോ.ബി സന്ധ്യ കോളനികളില്‍ നേരിട്ടെത്തി. ഞായറാഴ്ച രാത്രിയോടെ നിലമ്പൂരിലെത്തിയ അവര്‍ ഇന്നലെ രാവിലെ ഒമ്പതു മണിയോടെ നിലമ്പൂരില്‍ നിന്നും പോത്തുകല്ല് അപ്പന്‍കാപ്പ് കോളനിയിലേക്കാണ് ആദ്യം പോയത്.
നീര്‍പ്പുഴയുടെ തീരത്തെ കോളനിയിലുള്ള ആദിവാസികള്‍ എ ഡി ജി പിയെ കണ്ടതോടെ പരാതി കെട്ടഴിച്ചു. വണ്ടിക്കൂലിയില്ലാത്തതിനാല്‍ നിരവധി കുട്ടികളാണ് കോളനിയില്‍ സ്‌കൂള്‍ പഠനം മുടങ്ങി നില്‍ക്കുന്നത്.
പത്താം ക്ലാസ് കഴിഞ്ഞ മുപ്പതും പ്ലസ് ടു കഴിഞ്ഞ മൂന്ന് പേരും കോളനിയിലുണ്ട്. എന്നാല്‍ തുടര്‍പഠനം പലര്‍ക്കും പ്രശ്‌നമായിരിക്കയാണ്. പഠനം കഴിഞ്ഞവര്‍ക്ക് ജോലിയും പഠിക്കുന്നവര്‍ക്ക് തുടര്‍പഠനത്തിനുള്ള സൗകര്യങ്ങളും വേണമെന്നാണ് ഇവരുടെ ആവശ്യം. പത്താം ക്ലാസ് കഴിഞ്ഞ പലരും എംപ്ലോയ്‌മെന്റ് ഓഫീസില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനുള്ള സൗകര്യങ്ങളും ചെയ്യേണ്ടതുണ്ട്.
തങ്ക ബാലന്‍, സുമിത്ര എന്നിവര്‍ക്ക് ഇനിയും റേഷന്‍ കാര്‍ഡില്ലെന്ന പരാതിയും ശ്രദ്ധയില്‍പെടുത്തി. വിവിധ ആവശ്യങ്ങള്‍ക്കായി ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള പ്രയാസവും ഇവര്‍ ചൂണ്ടിക്കാട്ടി. ജലനിധി കിണറുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കോളനിയിലുള്ളവരുടെ കുടിവെള്ളം മുട്ടിയിരിക്കയാണ്. കാട്ടരുവികളില്‍ നിന്നും പുഴയുടെ തീരത്ത് ചെറിയ കുഴികള്‍ കുഴിച്ചുമാണ് വെള്ളം ശേഖരിക്കുന്നത്. മഴക്കാലത്ത് പുഴയിലെ വെള്ളം ഉയരുമ്പോള്‍ ഈ ജലസ്രോതസുകളും മലിനമാകും. ഇതോടെ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതകള്‍ കൂടുന്നുമുണ്ട്.
കോളനിക്കകത്തുകൂടിയുള്ള വൈദ്യുതി ലൈനുകള്‍ അപകട ഭീഷണിയുണ്ടാക്കുന്നതായി നേരത്തെ തന്നെ ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ പരിഹാരമുണ്ടായിരുന്നില്ല. ഇതേ പരാതി വീണ്ടും ആവര്‍ത്തിച്ചു. കോളനിയിലെ ആറ് വീടുകള്‍ക്ക് ഇതു വരെ വൈദ്യുതി ലഭിച്ചിട്ടേയില്ല. വൈദ്യുതിയുണ്ടായിരുന്ന 20 വീടുകളുടെ കണക്ഷന്‍, വൈദ്യുതി ചാര്‍ജ്ജ് അടക്കാത്തതിനാല്‍ വേര്‍പെടുത്തുകയും ചെയ്തു. മൂവായിരം രൂപ വരെ അടക്കാനുള്ളവരുണ്ട്.
വീടിനു മുന്നിലെ പ്ലാവ് മുറിച്ചുമാറ്റണമെന്ന് കോളനിവാസി ബാലന്‍ ആവശ്യപ്പെട്ടു. ചക്ക മൂക്കുന്നതോടെ ഇതു തിന്നാനായി കാട്ടാനകള്‍ വരുന്നത് ശല്യമായതിനാലാണ് മരം മുറിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. നീലി കേത്തതന്റെ വീടിന് ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യത്തിന്‍മേലും നടപടിയുണ്ടാകും. 98 കുടുംബങ്ങളുള്ള കോളനിയില്‍ 76 വീടുകളാണുള്ളത്. 328 അംഗങ്ങള്‍ കോളനിയില്‍ താമസിക്കുന്നുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പെട്ടന്ന് പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാനാകുമെന്ന് പരാതികള്‍ കേട്ടതിനുശേഷം ബി സന്ധ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൂക്കോട്ടുംപാടം പാട്ടക്കരിമ്പ കോളനിയിലുംവഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലും എ ഡി ജി പി സന്ദര്‍ശനം നടത്തി ആദിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ടു. ഇന്ന് രാവിലെ പത്തരമണിക്ക് നിലമ്പൂര്‍ നഗരസഭ ഹാളില്‍ വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോാഗത്തില്‍ തീരുമാനമുണ്ടാകും.