കിഡ്‌നി രോഗികള്‍ക്ക് 525 രൂപ പെന്‍ഷന്‍: മന്ത്രി മുനീര്‍

Posted on: June 30, 2013 8:17 am | Last updated: June 30, 2013 at 8:17 am
SHARE

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ജീവകാരുണ്യ സംരംഭമായ സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ രണ്ടാമത് ഡയാലിസിസ് സെന്റര്‍ കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ യാഥാര്‍ഥ്യമാകുമെന്ന് പഞ്ചായത്ത്, സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍. കുറ്റിയാടിയില്‍ തുടങ്ങുന്ന ഡയാലിസിസ് സെന്റര്‍ വയനാട്, നാദാപുരം, വടകര, പേരാമ്പ്ര ഭാഗങ്ങളിലുളള കിഡ്‌നി രോഗികള്‍ക്ക് വലിയ ആശ്വസമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന 525 രൂപ പെന്‍ഷന്‍ നല്‍കുമെന്നും കോക്ലിയര്‍ ഇംപ്ലാന്റേഷനിലൂടെ വരും വര്‍ഷം ആയിരം കുട്ടികള്‍ക്ക് കേള്‍വി ശക്തി നല്‍കുമെന്നും മന്ത്രി അറിയിച്ചു. ആല്‍ഡ്രിന്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എം ഡി റാഡോപോള്‍ ഒരു കോടി രൂപ ചെലവില്‍ 10 മെഷീനുകളുളള സെന്റര്‍ തുടങ്ങുന്നതിനുളള സമ്മതപത്രം കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സമ്മതപത്രം മുന്‍ ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാറിന് കൈമാറി.
ജനകീയ വിഭവസമാഹരണം വഴി സ്‌നേഹസ്പര്‍ശം ഫണ്ടിലേക്ക് 1.25 കോടി രൂപ നല്‍കിയതിന് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ഉപഹാരം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ മുഹമ്മദ് ഫൈസലിന് മന്ത്രി സമ്മാനിച്ചു. ഏറ്റവും കൂടുതല്‍ ധന സമാഹരണം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ മണിയൂര്‍, പെരുവയല്‍, പയ്യോളി ഗ്രാമ പഞ്ചായത്തുകളിലെ സി ഡി എസ് പ്രസിഡന്റുമാര്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌നേഹസ്പര്‍ശത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ മുന്‍ ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാറിന് മന്ത്രി മൊമെന്റോ നല്‍കി.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മാവൂര്‍ സി ഡി എസ് അംഗത്തിന്റെ മകള്‍ ആതിര ബാബുവിനെ ചടങ്ങില്‍ അനുമോദിച്ചു. കെ എം സി ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് സ്‌നേഹസ്പര്‍ശം പദ്ധതിക്കായി സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സി എ ലത, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത നടേമ്മല്‍, കുറ്റിയാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നഫീസ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി സംബന്ധിച്ചു.