Connect with us

International

യു എസ് മുന്‍ ജനറലിനെതിരെ അന്വേഷണം

Published

|

Last Updated

വാഷിംഗ്ടണ്‍: സൈബര്‍ ആക്രമണ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് യു എസ് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് സാധ്യത. ഇറാന്റെ ആണവ പദ്ധതി പരാജയപ്പെടുത്തുന്നതിനായി സൈബര്‍ ആക്രമണം നടത്തിയത് ചോര്‍ത്തിയ വിരമിച്ച ജനറല്‍ ജെയിംസ് കാര്‍ട്ട്‌റൈറ്റിനെതിരെയാണ് അന്വേഷണം നടത്തുന്നത്. യു എസ് സൈന്യത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് കാര്‍ട്ട്‌റൈറ്റിനെതിരെ അന്വേഷണം നടത്തുമെന്ന വാര്‍ത്ത എന്‍ ബി സി ചാനലാണ് പുത്തുവിട്ടത്.
ഇറാന്റെ ആണവ കേന്ദ്രത്തിന് നേരെ “സ്റ്റക്‌സ്‌നെറ്റ്” വൈറസ് ഉപയോഗിച്ച് ആക്രമണം നടത്തിയതാണ് ചോര്‍ത്തിയത്. 2010ലാണ് സൈബര്‍ ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിച്ചിരുന്ന ആയിരത്തോളം സെന്‍ട്രിഫ്യൂഗുകള്‍ ദുര്‍ബലപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. കമ്പ്യൂട്ടറുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനും നശിപ്പിക്കാനും ശേഷിയുള്ള സ്റ്റക്‌സ്‌നെറ്റ് വൈറസ് ഇറാനിലെ നിരവധി കമ്പ്യൂട്ടറുകളെ ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്.
2007 മുതല്‍ 2011 വരെ യു എസ് സൈന്യത്തിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫായി ജെയിംസ് കാര്‍ട്ട്‌റൈറ്റ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്റ്റക്‌സ്‌നെറ്റ് വൈറസ് വികസിപ്പിച്ചെടുക്കുന്നതില്‍ കാര്‍ട്ട്‌റൈറ്റ് മുഖ്യ പങ്ക് വഹിച്ചിരുന്നു. വിവരങ്ങള്‍ ചോര്‍ത്തിയതില്‍ കാര്‍ട്ട്‌റൈറ്റിനുള്ള പങ്ക് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തിലാണ് പരാമര്‍ശിക്കുന്നത്. ഇറാന്‍ ആണവ പദ്ധതിക്കെതിരായ ഒബാമ ഭരണകൂടത്തിന്റെ പ്രധാന ആയുധമായിരുന്നു സ്റ്റക്‌സ്‌നെറ്റ് വൈറസ് എന്നും ലേഖനത്തിലുണ്ടായിരുന്നു. വ്യാവസായിക ആവശ്യത്തിനുള്ള കമ്പ്യൂട്ടറുകളെയാണ് സ്റ്റക്‌സ്‌നെറ്റ് ഉപയോഗിച്ചിരുന്നതെന്നും ഇറാനാണ് പ്രധാന ലക്ഷ്യമെന്നുമുള്ള വാര്‍ത്തകള്‍ 2010ല്‍ പുറത്തുവന്നിരുന്നു.
ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ലെന്നാണ് യു എസ് പ്രസിഡന്റ് ബരാക് ഒബാമ അന്ന് പ്രതികരിച്ചത്. ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഒബാമ പറഞ്ഞിരുന്നു. അന്വേഷണം നടത്തുമെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ജെയിംസ് കാര്‍ട്ട്‌റൈറ്റോ അദ്ദേഹത്തിന്റെ അഭിഭാഷകനോ തയ്യാറായിട്ടില്ല.