മഹാരാഷ്ട്രയില്‍ ബി ജെ പി നേതാക്കളുമായി മോഡിയുടെ ചര്‍ച്ച; ഗാഡ്കരി വിട്ടുനിന്നു

Posted on: June 28, 2013 7:27 am | Last updated: June 28, 2013 at 7:27 am
SHARE

gadkari 2മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി മഹാരാഷ്ട്രയിലെ ബി ജെ പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗാഡ്കരി വിട്ടുനിന്നത് ശ്രദ്ധേയമായി. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ മേധാവിയായി അവരോധിതനായ ശേഷം മോഡിയുടെ ആദ്യ മഹാരാഷ്ട്ര സന്ദര്‍ശനമായിരുന്നു ഇത്.
ബി ജെ പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡി, ദേശീയ വക്താവ് പ്രകാശ് ജാവദേകര്‍, ലോക്‌സഭയിലെ പാര്‍ട്ടി ഉപനേതാവ് ഗോപിനാഥ് മുണ്ടെ, സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫദന്‍വിസ്, പ്രതിപക്ഷ നേതാവ് ഏക്‌നാഥ് ഖാദ്‌സെ, നിയമസഭാ കൗണ്‍സില്‍ അംഗം വിനോദ് താവ്‌ദെ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. എന്നാല്‍, ഗാഡ്കരിയുടെ അഭാവം പല സംശയങ്ങള്‍ക്കും ഇടയാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിയും സംഘടനാ കാര്യങ്ങളും ശിവസേനയുമായുള്ള സഖ്യം തുടങ്ങിയവയാണ് ചര്‍ച്ച ചെയ്തത്.
എല്ലാ സംസ്ഥാനത്തും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയാണ് മോഡിയെന്ന് യോഗത്തിന് മുമ്പ് ജാവദേകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ്, സഖ്യരൂപവത്കരണം എന്നിവ സംബന്ധിച്ചുമായിരിക്കും ചര്‍ച്ച. മഹാരാഷ്ട്രയില്‍ സേന- ബി ജെ പി സഖ്യം ശക്തമാണ്. 2009ല്‍ നഷ്ടപ്പെട്ട മുംബൈ, പൂനെ, മറാത്താവാഡ എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ ജയിക്കാന്‍ ശ്രമങ്ങള്‍ നടത്തും. ജാവദേകര്‍ പറഞ്ഞു.
അതിനിടെ, മോഡി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ, അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയില്‍ ചെന്നു കണ്ടു. കഴിഞ്ഞ ദിവസം, ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നരേന്ദ്ര മോഡി സ്വീകരിച്ച നിലപാടിനെ ഉദ്ധവ് താക്കറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇരകളുടെ സംസ്ഥാനമോ ജനനമോ മതമോ നോക്കിയല്ല മറിച്ച് മനുഷ്യര്‍ എന്ന പരിഗണനയിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. എന്തെങ്കിലും കാര്യലാഭത്തിന് വേണ്ടിയല്ല മറ്റ് സംസ്ഥാനങ്ങളും സഹായം പ്രഖ്യാപിച്ചത്. ഇത്തരമൊരു ദുരന്തം നേരിടുമ്പോള്‍ അതവരുടെ ചുമതലയാണ്. മോഡി ഉത്തരാഖണ്ഡ് സന്ദര്‍ശിച്ച ദിവസം, 15,000 ഗുജറാത്തികളെ രക്ഷപ്പെടുത്തിയെന്ന തരത്തില്‍ വന്‍തോതില്‍ പ്രചാരണം നടത്തിയതിനെയാണ് താക്കറെ വിമര്‍ശിച്ചത്. ഭാവിയിലെങ്കിലും മോഡിയുടെ സില്‍ബന്തികള്‍ ഇത്തരം പ്രചാരവേലകള്‍ അവസാനിപ്പിച്ചിരുന്നെങ്കിലെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.