ലാറ്റിനമേരിക്കന്‍ യുദ്ധം

Posted on: June 26, 2013 7:24 am | Last updated: June 26, 2013 at 7:27 am
SHARE

BRASIL-URUGUAYബെലൊ ഹൊറിസോന്റെ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഇന്ന് ലാറ്റിനമേരിക്കന്‍ യുദ്ധം. കോപ അമേരിക്ക ചാമ്പ്യന്‍മാരായ ഉറുഗ്വെയും ആതിഥേയരായ ബ്രസീലും ഇന്ന് ആദ്യ സെമിഫൈനലില്‍ നേര്‍ക്കുനേര്‍. ടൂര്‍ണമെന്റ് ഫോം സ്‌കൊളാരിയുടെ മഞ്ഞപ്പടക്ക് ഫൈനല്‍ കളിക്കാനുള്ള സാധ്യത നല്‍കുന്നു. ഓസ്‌കര്‍ ടബരെസിന്റെ ഉറുഗ്വെന്‍ നിരയെ എഴുതിത്തള്ളാനൊക്കില്ല. ലൂയിസ് സുവാരസ്, കവാനി, ഫോര്‍ലാന്‍ എന്നീ സ്‌ട്രൈക്കിംഗ് ത്രയങ്ങള്‍ ബ്രസീലിന്റെ പ്രതിരോധനിരയെക്കാള്‍ ശക്തരാണ്. നെയ്മര്‍ എന്ന പുതുവിസ്മയത്തിന്റെ തോളിലേറിയാണ് ബ്രസീല്‍ ടൂര്‍ണമെന്റിലുടനീളം മേധാവിത്വം പ്രകടിപ്പിച്ചത്. എന്നാല്‍, ഇറ്റലിക്കെതിരെ നെയ്മര്‍ കളം വിട്ടതിന് ശേഷവും ബ്രസീലിന്റെ മുന്നേറ്റത്തിന്റെ മുനയൊടിഞ്ഞില്ലെന്നത് ശ്രദ്ധേയം. ഫ്രെഡ് മുന്നണിപ്പോരാളിയാണെന്ന് തെളിയിച്ച മത്സരമായിരുന്നു ഇറ്റലിക്കെതിരെ.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടയുന്ന ഉറുഗ്വെക്ക് കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടാന്‍ സാധിച്ചാല്‍ വലിയൊരു ആത്മവിശ്വാസമാകും. ബ്രസീലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മാനോ മെനെസസില്‍ നിന്ന് പരിശീലക സ്ഥാനമേറ്റെടുത്ത സ്‌കൊളാരിക്ക് തന്റെ കീഴില്‍ ബ്രസീല്‍ ഭദ്രമാണെന്ന് തെളിയിക്കാനുള്ള ആദ്യപടിയാണ് ഈ ടൂര്‍ണമെന്റ്. തുടക്കത്തില്‍ കാര്യമായ ജയങ്ങളൊന്നും സാധിച്ചില്ലെങ്കിലും മാറക്കാനയില്‍ സൗഹൃദമത്സരത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചതിന് ശേഷം കാനറികള്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏറ്റവുമൊടുവില്‍ ഇറ്റലിയുടെ വലയില്‍ നാലു ഗോളുകള്‍ അടിച്ചു കയറ്റിയത് ഏറെ ശ്രദ്ധേയം.
തുടര്‍ജയങ്ങളുടെ ആനന്ദത്തില്‍ യാഥാര്‍ഥ്യം മറന്നുപോകരുതെന്ന് ഗോളി ജൂലിയോ സീസര്‍ സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മത്സരം സ്വന്തം വരുതിയിലാക്കാന്‍ പോന്ന ലോകോത്തര മുന്നേറ്റനിരക്കാര്‍ ഉറുഗ്വെക്കുണ്ട്. ചെറിയൊരു പിഴവ് മതി എല്ലാം തകിടം മറിയാന്‍. ബ്രസീലാണ് മികച്ച ടീമെന്ന് പറയുന്നത് ശരിയല്ല. ഉറുഗ്വെ 2011 കോപ അമേരിക്ക ചാമ്പ്യന്‍മാരാണ്. ആ നിലക്ക് അവരും മികച്ച ടീമാണ് – സീസര്‍ പറഞ്ഞു.
ബ്രസീലിലെ മൂന്നാമത്തെ വലിയ നഗരമാണ് ബെലൊ ഹോറിസോന്റെ. മിനാസ് ഗിറെ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ബെലൊ ഹോറിസോന്റെയില്‍ ആഴ്ചകള്‍ക്ക് മുമ്പ് ചിലിക്കെതിരെ സമനില വഴങ്ങിയ ബ്രസീലിനെ കാണികള്‍ കൂക്കി വിളിച്ചിരുന്നു. നെയ്മറിനെ അവര്‍ വെറുതെ വിട്ടില്ല. കണക്കിന് പരിഹസിച്ചു. എന്നാല്‍, അന്നത്തെ ബ്രസീല്‍ അല്ല ഇപ്പോള്‍. കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നു. ഉറുഗ്വെ കോച്ച് ടബരെസ് ബ്രസീലിനാണ് സാധ്യത കാണുന്നത്. ഗ്രൂപ്പ് ഘട്ടം കടന്നുകിട്ടുക എന്നത് മാത്രമയാരുന്നത്രെ ടബരെസിന്റെ ലക്ഷ്യം. ബ്രസീലിനെതിരെ കളിക്കുക എളുപ്പമല്ല. പ്രത്യേകിച്ച് അവരുടെ മണ്ണില്‍ വെച്ചാകുമ്പോള്‍. എന്നാല്‍, ഫുട്‌ബോളില്‍ അസാധ്യമായിട്ടൊന്നുമില്ല- ടബരെസ് നേരിയ പ്രതീക്ഷ നിലനിര്‍ത്തുന്നു.
2001 ലാണ് ഉറുഗ്വെ അവസാനമായി ബ്രസീലിനെതിരെ ജയം നേടിയത്. ശേഷം ആറ് മത്സരങ്ങളില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ നാല് ജയവും രണ്ട് സമനിലയുമായി ബ്രസീലിന് വ്യക്തമായ മുന്‍തൂക്കം. ബ്രസീല്‍-ഉറുഗ്വെ ഫുട്‌ബോള്‍ ചരിത്രത്തിലെ എഴുപത്തൊന്നാം മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. 63 വര്‍ഷം മുമ്പ് മാറക്കാനയില്‍ ബ്രസീലിനെതിരെ നേടിയ അട്ടിമറി ജയമാണ് ഉറുഗ്വെക്ക് എന്നുമെന്ന പോലെ മാനസിക മുന്‍തൂക്കം നല്‍കുന്നത്. 1950 ലോകകപ്പില്‍ സീസീഞ്ഞോയുടെ ബ്രസീലിനായിരുന്നു സര്‍വസാധ്യത.
ഉറുഗ്വെ തട്ടിയും മുട്ടിയും കലാശക്കളിക്ക് യോഗ്യത നേടിയവര്‍. സമനില നേടിയാല്‍ പോലും ബ്രസീലിന് ലോകചാമ്പ്യന്‍മാരാകാം. ഫ്രെയ്കയുടെ ഗോളില്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ ലീഡെടുത്തു. ജുവാന്‍ ആല്‍ബര്‍ട്ടോ ഷിയാഫിനോയിലൂടെ ഉറുഗ്വെ സമനില പിടിച്ചു. എഴുപത്തൊമ്പതാം മിനുട്ടില്‍ ബ്രസീല്‍ ഗോളി ബാര്‍ബോസയെ കീഴടക്കി അല്‍സിഡെസിന്റെ വിജയഗോള്‍. മാറക്കാനയിലെത്തിയ രണ്ട് ലക്ഷം കാണികളെ നിശബ്ദരാക്കി ഉറുഗ്വെ ലോകകിരീടമുയര്‍ത്തി. ജപ്പാന് ഹിരോഷിമ സംഭവം പോലെ ബ്രസീലിന് മാറക്കാനയെന്ന് ബ്രസീലിയന്‍ പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ നെല്‍സന്‍ റോഡ്രിഗസ് വിശേഷിപ്പിച്ചു.
ബ്രസീല്‍ 1950 ലെ പരാജയത്തിന് മധുരപ്രതികാരം ചെയ്തത് 1989 ല്‍ കോപ അമേരിക്ക ഫൈനലില്‍. വേദി മാറക്കാന തന്നെ. നിറഞ്ഞുതുളുമ്പിയ മാറക്കാനയില്‍ റൊമാരിയോയുടെ ഹെഡര്‍ ഗോളില്‍ ബ്രസീല്‍ 1-0ന് ഉറുഗ്വെയെ കീഴടക്കി.

ബ്രസീല്‍-ഉറുഗ്വെ ക്ലാസിക് പോരാട്ടങ്ങള്‍

1950 : ഉറുഗ്വെ 2-1 ബ്രസീല്‍ – ഫിഫ ലോകകപ്പ് ഫൈനല്‍ റൗണ്ട്. മഹത്തായ നേട്ടങ്ങള്‍ക്ക് പിറകില്‍ വേദനയേകുന്ന വലിയൊരു നഷ്ടസ്വപ്‌നമുണ്ടാകുമെന്ന ആപ്തവാക്യം ശരിവെച്ച മത്സരം. ഞെട്ടിക്കുന്ന ഈ തോല്‍വിക്ക് ശേഷമാണ് ബ്രസീല്‍ ലോകഫുട്‌ബോള്‍ കീഴടക്കിയത്. അന്ന് ഫൈനല്‍ തോറ്റ ടീമിലെ കളിക്കാരെ ബ്രസീല്‍ ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് തള്ളി. പുതുനിരയുമായി അവര്‍ തിരിച്ചുവന്നു.
1970: ബ്രസീല്‍ 3-1 ഉറുഗ്വെ – ഫിഫ ലോകകപ്പ് സെമിഫൈനല്‍. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകവേദിയില്‍ വെച്ച് ബ്രസീല്‍ ഉറുഗ്വെയോട് കണക്ക് തീര്‍ത്തു. പത്തൊമ്പതാം മിനുട്ടില്‍ ലൂയിസ് കുബിലയിലൂടെ ഉറുഗ്വെയാണ് ലീഡെടുത്തത്. ക്ലോഡാല്‍ഡോ, ജെര്‍സീഞ്ഞോ, റിവെലിനോ എന്നിവരിലൂടെ ബ്രസീല്‍ തിരിച്ചടിച്ചു. കുറിയ പാസിംഗ് ഗെയിമിലൂടെ ബ്രസീല്‍ ശ്രദ്ധ പിടിച്ചുപറ്റി. പെലെയുടെ മാസ്മരികതയും ലോകം കണ്ടു.

1976: ബ്രസീല്‍ 2-1 ഉറുഗ്വെ – സൗഹൃദം പേരിലൊതുങ്ങി. ക്ലാസിക്കായി മാറി മാറക്കാനയിലെ ഈ മത്സരം. സീക്കോ എന്ന ബ്രസീല്‍ യുവവിസ്മയം അവതരിച്ചു. ഇരുഭാഗത്തേക്കും ആക്രമണഫുട്‌ബോളിന്റെ മനോഹാരിത.

1993: ബ്രസീല്‍ 2-0 ഉറുഗ്വെ- ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട്. റൊമാരിയോയുടെ മത്സരമെന്ന് അറിയപ്പെടുന്നത് ഇതാണ്. ബാഴ്‌സലോണയുടെ ഗോള്‍ മെഷീനായി റൊമാരിയോ വിലസുന്ന കാലം. ഉറുഗ്വെയുടെ വലയില്‍ റൊമാരിയോ എത്തിച്ച രണ്ട് ഗോളുകള്‍ ആ പ്രതിഭയുടെ മാറ്ററിയിച്ചു. മാന്‍ ഓഫ് ദ മാച്ചായതും റൊമാരിയോ. ഈ മികവായിരുന്നു തൊട്ടടുത്ത വര്‍ഷം ബ്രസീലിന് ലോകകിരീടം സമ്മാനിച്ചത്.

1995: ഉറുഗ്വെ 1-1 ബ്രസീല്‍ (5-3 പെനാല്‍റ്റി) – കോപ അമേരിക്ക ഫൈനല്‍. മത്സരപ്രാധാന്യമുള്ള ടൂര്‍ണമെന്റില്‍ ബ്രസീലിനെതിരെ ഉറുഗ്വെ നേടിയ അവസാന ജയം ഇതാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ ഷൂട്ടൗട്ടില്‍ കീഴടക്കിയ ബ്രസീല്‍ സെമിയില്‍ അതിഥി ടീമായ അമേരിക്കയെ തോല്‍പ്പിച്ചാണ് ഫൈനലിന് യോഗ്യത നേടിയത്.
ഉറുഗ്വെ, അന്നത്തെ കരുത്തരായ ബൊളിവിയ, കൊളംബിയ ടീമുകളെ ക്വാര്‍ട്ടറിലും സെമിയിലും തോല്‍പ്പിച്ച് കലാശക്കളിക്ക് യോഗ്യത നേടി.
ടുലിയോയുടെ ഗോളില്‍ ബ്രസീല്‍ ലീഡെടുത്തു. പാബ്ലോ ബെനെഗോചെ ഉറുഗ്വെക്ക് സമനില നേടി.
ഷൂട്ടൗട്ടില്‍ ടുലിയോയുടെ കിക്ക് പാഴായി. ഉറുഗ്വെ അഞ്ച് കിക്കും വലയിലെത്തിച്ച് കോപ അമേരിക്ക ചാമ്പ്യന്‍മാരായി.