കടുങ്ങാത്തുകുണ്ടില്‍ സബ് ട്രഷറി അനുവദിക്കണമെന്ന് പഞ്ചായത്തുകളുടെ പ്രമേയം

Posted on: June 26, 2013 1:32 am | Last updated: June 26, 2013 at 1:32 am
SHARE

കല്‍പകഞ്ചേരി: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കടുങ്ങാത്തുകുണ്ട് ടൗണില്‍ സബ് ട്രഷറി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്തുകളും രംഗത്തെത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന വളവന്നൂര്‍, കല്‍പകഞ്ചേരി പഞ്ചായത്തുകളുടെ ഭരണ സമിതി യോഗത്തില്‍ കടുങ്ങാത്തുകുണ്ട് ടൗണില്‍ സബ് ട്രഷറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. സബ് ട്രഷറി യാഥാര്‍ഥ്യമായാല്‍ പെരുമണ്ണ ക്ലാരി, പൊന്മുണ്ടം, ചെറിയമുണ്ടം, കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളെ ഈ ട്രഷറിക്ക് കീഴിലാക്കമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
ഈ അഞ്ച് പഞ്ചായത്തുകളിലെ മുപ്പതോളം സര്‍ക്കാര്‍ ഓഫീസുകളും 70 വിദ്യാഭ്യാസ സ്ഥാപനങ്ങളും 15 ആരോഗ്യ സ്ഥാപനങ്ങളും ബേങ്കുകളും മറ്റു അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ ട്രഷറിയെ ആശ്രയിക്കാനാകും. വിവിധ സംഘടനകളും നേരത്തെ സ്ഥലം എം എല്‍ എയായ സി മമ്മുട്ടിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ഇവടത്തുകാര്‍ ട്രഷറി ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നത് തിരൂരിലാണ്. ടൗണിലെ ട്രഷറി യാഥാര്‍ഥ്യമാക്കാന്‍ നടപടികളുണ്ടായാല്‍ തിരൂര്‍ ട്രഷറിയിലെ തിരക്കിനും ഏറെ കുറെ പരിഹാരമാകും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ഈ ആവശ്യം പ്രദേശത്തുള്ളവര്‍ അധികൃതര്‍ക്ക് മുന്നില്‍ എത്തിച്ചിരുന്നെങ്കിലും അനൂകൂലമായ തിരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.