Connect with us

Kerala

മുഖ്യമന്ത്രിയുടെ ശിപാര്‍ശക്കത്ത് കൈയിലുണ്ടെന്ന വെളിപ്പെടുത്തല്‍ ഹസ്‌ക്കര്‍ തിരുത്തി

Published

|

Last Updated

കൊല്ലം: മുഖ്യമന്ത്രിയുടെ ശിപാര്‍ശക്കത്ത് ബിജു രാധാകൃഷ്ണന്റെ കൈയിലുണ്ടെന്ന് വെളിപ്പെടുത്തിയ അഭിഭാഷകന്‍ ബി എന്‍ ഹസ്‌ക്കര്‍ ഒടുവില്‍ പ്രസ്താവന തിരുത്തി. ശിപാര്‍ശക്കത്ത് ബിജുവിന്റെ കൈയിലുണ്ടെന്ന് ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന അതിരുവിട്ടതിന് മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹസ്‌ക്കര്‍ പറഞ്ഞു.
കൊട്ടാരക്കര സബ്ജയിലില്‍ ബിജുവിനെ കണ്ട ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് അഡ്വ. ഹസ്‌ക്കര്‍ വിവാദ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രിയുടെ ശിപാര്‍ശക്കത്ത് ജോപ്പന്‍ സംഘടിപ്പിച്ചു നല്‍കിയിട്ടുണ്ടെന്നും ഇത് ബിജുവിന്റെ കൈയിലുണ്ടെന്നും ഹസ്‌ക്കര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു കത്ത് ബിജുവിന്റെ കൈയിലോ തന്റെ കൈയിലോ ഇല്ലെന്ന് അഡ്വ. ഹസ്‌ക്കര്‍ പറഞ്ഞു.
സര്‍ക്കാറിന് ഒരു പ്രതിസന്ധിയും ഉണ്ടാക്കണമെന്ന് കരുതിയിരുന്നില്ലെന്നും അഡ്വ. ഹസ്‌ക്കര്‍ വ്യക്തമാക്കി. അഭിഭാഷകന്‍ എന്നതിനപ്പുറം ബിജുവുമായി ഒരു ബന്ധവുമില്ല. 2006 വരെ ബിജുവിന്റെ അഭിഭാഷകനായിരുന്നു. എന്നാല്‍ 2006 മുതല്‍ 2013 വരെ ബിജുവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അന്വേഷണ സംഘത്തിന് രേഖകള്‍ പരിശോധിക്കാമെന്നും ഹസ്‌ക്കര്‍ വ്യക്തമാക്കി. ബിജുവിന്റെ തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ല.
ചെന്നെയിലെ മലയാളി വ്യവസായിയുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ഇത് അഭിഭാഷകന്‍ എന്ന നിലയില്‍ ബിജുവിന്റെ ബാധ്യത തീര്‍ക്കാന്‍ വേണ്ടിയായിരുന്നുവെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ഹസ്‌ക്കര്‍ പറഞ്ഞു.