Connect with us

Articles

നടുക്കടലില്‍ ജീവിതവും മരണവും മുഖാമുഖം

Published

|

Last Updated

നടുക്കടലില്‍ കാറ്റിലും കോളിലും പെട്ട് ലോഞ്ച് ആടിയുലഞ്ഞ രംഗം ഓര്‍ത്തെടുക്കുകയാണ് അറുപത്തിയേഴുകാരനായ കൊടിഞ്ഞി തച്ചറമ്പന്‍ രായിന്‍കുട്ടി ഹാജി. നാല്‍പ്പത്തിയേഴ് വര്‍ഷം മുമ്പായിരുന്നു അത്. 21-ാം വയസ്സിലാണ് മണലാരണ്യം സ്വപ്‌നം കണ്ട് ഈ സാഹസത്തിനിറങ്ങിയത്. മുംബൈയില്‍ ഹോട്ടല്‍ ജോലി ചെയ്യുകയായിരുന്ന സഹപ്രവര്‍ത്തകരായ പലരും ദുബൈയിലേക്ക് പോയതറിഞ്ഞാണ് രായിന്‍കുട്ടി ഹാജിയുടെ മനസ്സിലും ഗള്‍ഫ് മോഹം മുളപൊട്ടിയത്.
ഏജന്റിന് അഞ്ഞൂറ് രൂപ നല്‍കി ലോഞ്ചില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. രണ്ട് തവണ കടല്‍ തീരത്ത് പോയി തിരിച്ചുവന്നു. ഒരിക്കല്‍ കടല്‍ക്ഷോഭം കാരണം ലോഞ്ച് കരക്കണയാന്‍ സാധിക്കാത്തതിനാലും മറ്റൊരിക്കല്‍ ലോഞ്ച് എത്താത്തതിനാലും യാത്ര മുടങ്ങുകയായിരുന്നു. പിറ്റേ ദിവസം ലോഞ്ച് വരുന്നുണ്ടെന്നറിഞ്ഞു. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് അടുത്ത ദ്വീപിലേക്ക് പോകുന്ന ഉല്ലാസ യാത്രക്കുള്ള ബോട്ടില്‍ കൊണ്ടുപോയി. അവിടെവെച്ചാണ് ലോഞ്ചില്‍ കയറ്റിയതെന്ന് രായിന്‍കുട്ടി ഓര്‍ക്കുന്നു. ഗുജറാത്ത് സ്വദേശിയുടെതായിരുന്നു ലോഞ്ച്. ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് കൊണ്ടുപോകുന്ന പലചരക്കു സാധനങ്ങളും ഇതില്‍ ഉണ്ടായിരുന്നു. നൂറോളം പേരാണ് ഇതില്‍ കയറിയത്. ഒരു നേരത്തെ ഭക്ഷണമാണ് ബോംബൈയില്‍ നിന്ന് കിട്ടിയിരുന്നത്.
മൂന്നാം ദിവസം രാത്രി ലോഞ്ച് നടുക്കടലിലൂടെ നീങ്ങുന്നതിനിടെ ശക്തമായ കാറ്റ് വീശാന്‍ തുടങ്ങി. ലോഞ്ച് ആടാനും ചെരിയാനും തുടങ്ങിയതോടെ ഞങ്ങള്‍ പേടിച്ച് നിലവിളിച്ചു. കാറ്റിന്റെ ശക്തി കൂടിക്കൊണ്ടിരുന്നു. ലോഞ്ചിന് നിയന്ത്രണം തെറ്റി. ഡ്രൈവര്‍ നിസ്സഹായനായി പകച്ചു നില്‍ക്കുന്ന കാഴ്ച. കാറ്റ് തടയാന്‍ കെട്ടിയ പായയെല്ലാം കയര്‍ പൊട്ടിവീണു. അത് സ്ഥാപിച്ചിരുന്ന തൂണ്‍ തെറിച്ചുവീണ് ലോഞ്ചിന്റെ ഒരു ഭാഗം തകര്‍ന്നു. അതോടെ കൂട്ട നിലവിളിയായി.
അന്ന് പുലരുവോളം കടലിന്റെ കലിതുടര്‍ന്നു കൊണ്ടിരുന്നു. അല്‍പ്പം ശമനം വന്നതോടെ ലോഞ്ച് പതുക്കെ വീണ്ടും യാത്ര തുടങ്ങി. മസ്‌കത്തിനടുത്തുള്ള സൂര്‍ എന്ന പ്രദേശത്തെ് മലയുടെ സമീപം എത്തിയപ്പോള്‍ ലോഞ്ചിന് തകരാറാണെന്നും മസ്‌കത്തില്‍ പോയി നന്നാക്കി വരുന്നതുവരെ ഇവിടെ ഇറങ്ങിനില്‍ക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. ആള്‍താമസം പോലുമില്ലാത്ത സ്ഥലമായിരുന്നു ആ പ്രദേശം. രണ്ട് ദിവസമായിട്ടും ലോഞ്ച് തിരിച്ചുവന്നില്ല. വിശപ്പും ദാഹവും കാരണം എല്ലാവരും തളര്‍ന്നിട്ടുണ്ട്. ഒരുതുള്ളി ശുദ്ധജലം പോലും കിട്ടാനില്ല. കടല്‍വെള്ളമാണ് കുടിക്കുന്നത്. പലരുടെയും സമനില തെറ്റാന്‍ തുടങ്ങി. ജീവിതം മരണത്തെ മുഖാമുഖം കണ്ട നിഷങ്ങള്‍. ഇതിനിടയില്‍ നടുക്കടലിലൂടെ മറ്റൊരു ലോഞ്ച് കടന്നുപോകുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ബസറയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഈത്തപ്പഴവുമായി വരുന്ന ലോഞ്ചായിരുന്നു അത്. ഞങ്ങള്‍ കൈയിലുള്ള തുണി വീശിക്കാണിച്ചു. ആ ലോഞ്ച് അവിടെ നിര്‍ത്തി രണ്ട് പേര്‍ ഒരു ബോട്ടില്‍ ഞങ്ങളുടെ അടുത്തെത്തി. തങ്ങളുടെ നിസ്സഹായാവസ്ഥ പറഞ്ഞ് മനസ്സിലാക്കി.
എല്ലാവരുടെയും കൈയിലുള്ള നാണയത്തുട്ടുകള്‍ ശേഖരിച്ച് അവരുടെ ബോട്ടില്‍ കയറി ആ ലോഞ്ചിലേക്ക് പോയി. അറബികളാണ് എല്ലാവരും. അവര്‍ ഇടക്കിടെ ഇന്ത്യയില്‍ വരുന്നവരായതിനാല്‍ അല്‍പ്പമൊക്കെ ഉറുദു അറിയും. എനിക്ക് ഉറുദു അറിയുന്നതിനാല്‍ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. കുറേ ഈത്തപ്പഴവും വെള്ളവും തന്നതിനാല്‍ വിശന്ന് മരിക്കാതെ രക്ഷപ്പെട്ടു. ദിവസങ്ങള്‍ പലത് കഴിഞ്ഞിട്ടും ഞങ്ങളെ ഇറക്കിയ ലോഞ്ച് തിരിച്ചു വന്നില്ല. പലരും വീണ്ടും അവശരായി. പിന്നീട് നാലഞ്ചു ദിവസം കഴിഞ്ഞ ശേഷമാണ് ലോഞ്ച് വന്നത്. വീണ്ടും കടലിലൂടെയുള്ള യാത്ര. റാസല്‍ ഖൈമയില്‍ എത്തി. അവിടെ പോലീസാണ് ഞങ്ങളെ ലോഞ്ചില്‍ നിന്ന് ഇറക്കിയത്. എങ്ങോട്ടു വേണമെങ്കിലും പോകാം. ഞാന്‍ ദുബൈയിലേക്ക് പോയി. അന്നത്തെ ദുബൈയുടെ ചിത്രം മറ്റൊന്നായിരുന്നു. ഇന്നത്തെ പോലെ കെട്ടിടങ്ങളില്ല. ഒരു ചായക്കട പോലുമില്ല. കഴുതപ്പുറത്ത് വെച്ച് ചിലര്‍ വെള്ളം കൊണ്ടുവരും. നാലരയണ കൊടുത്താല്‍ ഒരു ടിന്‍ വെള്ളം കിട്ടും. എനിക്ക് അവിടെ നിന്ന് കുറച്ച് അകലെയുള്ള യുനൈറ്റഡ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് സ്റ്റീല്‍ കമ്പനിയില്‍ ജോലി കിട്ടി. ലബനാനി മുഖേനയാണ് ജോലി ലഭിച്ചത്. എട്ട് രൂപയായിരുന്നു ശമ്പളം. ദുബൈയില്‍ ഈ വിധം നിരവധി ആളുകളുണ്ടായിരുന്നു. ആര്‍ക്കും അവിടെ വരുന്നതിന് തടസ്സമുണ്ടായിരുന്നില്ല. വരുന്നവരെ പോലീസ് സ്വീകരിക്കുന്ന കാഴ്ച മാത്രം.
ദുബൈയില്‍ അന്ന് കോണ്‍സുലേറ്റ് ഇല്ല. മസ്‌കത്ത് എംബസി മുഖേന പാസ്‌പോര്‍ട്ട് എടുത്ത് മൂന്ന് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചു. ബസറയില്‍ നിന്ന് പുറപ്പെട്ട് എല്ലാ രാജ്യങ്ങളുടെയും അതിര്‍ത്തികളിലൂടെ പോയിരുന്ന കപ്പലിലായിരുന്നു മടക്കം. ജീവിതം കരക്കടുപ്പിക്കാന്‍ വീണ്ടും ദുബൈയിലേക്ക് തന്നെ തിരിച്ചുപോകാനുള്ള തീരുമാനവുമായാണ് ബോംബെയില്‍ തിരിച്ചിറങ്ങിയത്. അവധി കഴിഞ്ഞ് പോകാന്‍ കൈയിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട് വഴി കഴിഞ്ഞില്ല. ദുബൈയില്‍ നിന്ന് പോരാനുള്ള ഔട്ട്പാസ് ആയിരുന്നു അന്ന് ലഭിച്ചത്. അതോടെ യാത്ര വീണ്ടും ലോഞ്ച് വഴിയാക്കേണ്ടി വന്നു.
ഗുജറാത്തിലെ വില്ലി മുറിയില്‍ നിന്നും ലോഞ്ച് വഴി ദുബൈയിലേക്ക് തിരിച്ചു. ദിവസങ്ങള്‍ സഞ്ചരിച്ച ശേഷം രാത്രി ഖൊര്‍ഫുഖാനിനടുത്തെത്തി. അകലെ കര കാണുന്നു എന്ന് മാത്രം. കഴുത്തിനും അതിന് മീതെയും വെള്ളമുണ്ട്. ജീവനക്കാര്‍ ഞങ്ങളോട് ഇറങ്ങാന്‍ പറഞ്ഞു. പലര്‍ക്കും ഇറങ്ങാന്‍ ഭയം. അവരെ പിടിച്ചു പുറത്തേക്ക് തള്ളുകയാണുണ്ടായത്. തിരമാലകളെ ജയിച്ച് ഞങ്ങള്‍ നീന്തി കരയിലെത്തി. അവിടെ ഒരു ഈത്തപ്പനയുടെ ചുവട്ടിലിരുന്ന് ഞാന്‍ നേരം വെളിപ്പിച്ചു. പിറ്റേന്ന് ദുബൈയിലേക്ക് പോയി ജോലി തരപ്പെടുത്തി. ദുബൈ ഡിഫന്‍സിലായിരുന്നു ജോലി. അതിനിടെ ദുബൈ രാജാവ് ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍മഖ്തൂമിന്റെ ഉല്ലാസ കപ്പലില്‍ ജോലികിട്ടി. വേനല്‍ കാലങ്ങളില്‍ രാജാവ് കുടുംബസമേതം പല രാജ്യങ്ങളിലേക്കും ഈ കപ്പലിലാണ് യാത്ര പോയിരുന്നത്. മലയാളികള്‍ ആറ് പേരാണ് കപ്പലില്‍ ജോലിക്കുണ്ടായിരുന്നത്. 1988 ലാണ് വര്‍ഷങ്ങള്‍ നീണ്ട പ്രവാസം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച് നാട്ടിലെത്തിയത്.
(നാളെ: കടം വാങ്ങിയ കടല്‍ യാത്ര)

---- facebook comment plugin here -----

Latest