Connect with us

Gulf

തൊഴിലാളികള്‍ക്ക് താമസം: പൊതുമാനദണ്ഡം വരുന്നു

Published

|

Last Updated

അബുദാബി: രാജ്യാന്തര നിലവാരമുള്ള താമസ സൗകര്യങ്ങള്‍ യു എ ഇയില്‍ ജോലിചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ പൊതുമാനദണ്ഡം വരുന്നു. രാജ്യത്ത് ജോലിചെയ്യുന്ന 200ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ മന്ത്രാലയം പുതിയ മാനദണ്ഡം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇതിനുള്ള മാന്വലിന് യു എ ഇ ഭരണകൂടം അംഗീകാരം നല്‍കിയിരിക്കയാണ്.
പുതിയ മാനദണ്ഡം നടപ്പാവുന്നതോടെ രാജ്യാന്തര നിലവാരത്തിലുള്ള താമസ സൗകര്യം ലഭ്യമാക്കാനുള്ള ചുമതല തൊഴില്‍ ദാതാവിനായിരിക്കും. നിലവില്‍ നിര്‍മാണ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവ നടത്തുന്നവര്‍ പൊതുമാനദണ്ഡം നിഷ്‌കര്‍ശിക്കുന്ന നിലവാരമുള്ള താമസ സൗകര്യം ഒരുക്കേണ്ടി വരും. അബുദാബിയിലെ 23 വര്‍ക്കേഴ്‌സ് സിറ്റികളിലായി 540 കോടി യു എസ് ഡോളറിന്റെ താമസ സൗകര്യമാവും പുതുതായി നിര്‍മിക്കപ്പെടുകയെന്നാണ് അറിയുന്നത്. 3,85,000 തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
തൊഴിലാളികള്‍ക്കായി ഒരുക്കുന്ന താമസ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന കോംപ്ലക്‌സുകളില്‍ സ്വന്തമായി മുഴുവന്‍ സജ്ജീകരണങ്ങളുമുള്ള മെഡിക്കല്‍ ക്ലിനിക്കുകള്‍, മതിയായ പാര്‍ക്കിംഗ് സൗകര്യം, മിനി മാര്‍ക്കറ്റ്, നടപ്പാതകള്‍, ഗ്രീന്‍ സ്‌പെയ്‌സസ്, കളിസ്ഥലം എന്നിവ ഉള്‍പ്പെടുത്തണം. തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മതിയായ സംവിധാനവും തൊഴിലാളിക്ക് ലഭ്യമാക്കണമെന്നും പൊതുമാനദണ്ഡം നിഷ്‌കര്‍ശിക്കുന്നു.

Latest