Connect with us

Kerala

രണ്ട് വര്‍ഷത്തിനിടെ നേട്ടങ്ങളുടെ നെറുകയില്‍ വിനോദ സഞ്ചാര മേഖല

Published

|

Last Updated

തിരുവനന്തപുരം : കേരള ടൂറിസത്തിന് രണ്ട് വര്‍ഷം ചരിത്ര നേട്ടങ്ങളുടെത്. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തെത്തിയത് രണ്ടു കോടിയിലധികം വിനോദസഞ്ചാരികളാണ്. ടൂറിസം മേഖലയില്‍ നിന്നുള്ള സര്‍ക്കാറിന്റെ വരുമാനം 40,000 കോടി കവിഞ്ഞു. കേരള ടൂറിസ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയനേട്ടമാണിത്. രണ്ട് വര്‍ഷങ്ങളിലും ഓരോ കോടിയിലധികം ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളാണ് പല ഭാഗങ്ങളിലായി എത്തിയത്.
2011-12 വര്‍ഷത്തില്‍ 1,01,14,440 പേരാണ് കേരളത്തിലെത്തിയത്. ഇതില്‍ 93,81,445 പേര്‍ ആഭ്യന്തര ടൂറിസ്റ്റുകളും 7,32,985 പേര്‍ വിദേശ ടൂറിസ്റ്റുകളുമാണ്. 4,221.99 കോടിയുടെ വിദേശ നാണ്യമാണ് ഈ വര്‍ഷം കേരളത്തിന് ലഭിച്ചത്. 2012-13ല്‍ 1,08,66,552 പേരാണ് സംസ്ഥാനത്തെത്തി.ഇതില്‍ 1,00,76,854 പേര്‍ ആഭ്യന്തര ടൂറിസ്റ്റുകളും 7,89,698പേര്‍ വിദേശീയരുമാണ്. 45,48.66 കോടിയുടെ വിദേശ നാണ്യമാണ് 2012-13ല്‍ ടൂറിസത്തില്‍ നിന്ന് ലഭിച്ചത്. 2013-14 വര്‍ഷത്തില്‍ വരുമാനം ഇതിലും കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി ആരംഭിച്ച സംരംഭങ്ങള്‍ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിപ്പിക്കുന്ന തരത്തിലുള്ളതാണ്.
മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം റഷ്യയില്‍ നിന്ന് വിനോദസഞ്ചാരികളുമായി ചാര്‍ട്ടേര്‍ഡ് വിമാനം തലസ്ഥാനത്തെത്തുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ഒക്‌ടോബര്‍ മുതല്‍ അടുത്ത ഏപ്രില്‍ വരെയായി 17 വിമാനങ്ങളാണ് കേരളത്തിലേക്ക് ചാര്‍ട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ എര്‍പ്പെടുത്തിയ വിസ ഓണ്‍ അറൈവല്‍ പദ്ധതിയും ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ ഏറെ ഗുണം ചെയ്യും. വിസ ഓണ്‍ അറൈവല്‍ പ്രകാരം സിംഗപ്പൂര്‍, ജപ്പാന്‍, ഫിന്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, ന്യൂസിലാന്‍ഡ്, ഫിലിപ്പൈന്‍സ്, കമ്പോഡിയ, ലാവോസ്, വിയറ്റ്‌നാം, മ്യാന്‍മാര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് കേരളത്തില്‍ എത്തിയ ശേഷം വിസ നേടിയാല്‍ മതി എന്ന സാഹചര്യം ഉണ്ടാകും. വന്‍ തോതില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ഇത് സഹയാകമാകും.
2012 ല്‍ മികച്ച ഒമ്പത് അവാര്‍ഡുകളാണ് കേരള ടൂറിസത്തിനു ലഭിച്ചത്. താജ് മഹലിനെ പിന്തള്ളി ഗൂഗിള്‍ സെര്‍ച്ചില്‍ കേരളത്തെ ഒന്നാമതെത്തിച്ചു എന്നതും മറ്റൊരു നേട്ടമാണ്.
ഗൂഗിളിന്റെ സെറ്റ് ഗീസ്റ്റ് സൈറ്റില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സെര്‍ച്ച് രേഖപ്പെടുത്തുന്ന പത്ത് കേന്ദ്രങ്ങളില്‍ ഒന്നാമതായി മൂന്നാര്‍ എത്തിയിരുന്നു. രണ്ട് വര്‍ഷത്തിനിടെ നാല്‍പ്പതിലധികം പുതിയ ടൂറിസം ഡെസ്റ്റിനേഷനുകളാണ് കണ്ടെത്തിയത്. ഇവിടങ്ങളിലേക്കും നിരവധി പേര്‍ എത്തുന്നുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകളാണ് പുതുതായി കണ്ടെത്തിയ സ്ഥലങ്ങളില്‍ കൂടുതല്‍ എത്തുന്നത്.
അരിപ്പ, ആഢ്യന്‍പാറ, ഫോര്‍ട്ട് വൈപ്പ്, കടലുകാണിപ്പാറ, കോഡൂര്‍ നദി, മൂവാറ്റുപുഴ, മാവിലാന്‍തോട്, താഴത്തങ്ങാടി, കബനീ തീരം, വണ്ടൂര്‍, കായിക്കര, അഴീക്കല്‍, കൊല്ലം, വെട്ടുകാട്, ചിറയിന്‍കീഴ്, മണപ്പുറം, മണിച്ചിറ, അരിപ്പാറ, കീരാനെല്ലൂര്‍, കുയുലി, പെരുവണ്ണാമൂഴി, കക്കയം, തമ്പൂരാന്‍പാറ, തുമ്പൂര്‍മൂഴി, ചെല്ലാര്‍കോവില്‍, കുരുമല, അരിവാളം, മീശപ്പുലിമല, കമ്പമല, ഇലവീഴാപൂഞ്ചിറ, അയ്യന്‍പാറ, ഇന്ദ്രന്‍ചിറ, മാള, കളിമാലി, ഭൂതത്താന്‍കെട്ട്, മാവേലിപുരം, തലയോലപ്പറമ്പ്, ശ്രീനാരായണപുരം, ബാണാസുര ഡാം, കാഞ്ഞിരംകൊല്ലി, കല്ലാര്‍, കാരാപ്പുഴ, കരുവാരകുണ്ട് എന്നിവയാണ് രണ്ടു വര്‍ഷത്തിനിടെ പുതുതായി കണ്ടെത്തിയ ടൂറിസം കേന്ദ്രങ്ങള്‍. ചരിത്രത്തിലാദ്യമായി കെ ടി ഡി സിയുടെ വിറ്റുവരവ് കഴിഞ്ഞ വര്‍ഷം 100 കോടി രൂപ കടന്നിരുന്നു എന്നതും പ്രത്യേകതയാണ്.