Connect with us

Gulf

പ്രവാസികള്‍ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പാക്കണം: പിണറായി വിജയന്‍

Published

|

Last Updated

ഷാര്‍ജ: രാജ്യത്തിന്റെ വികസന കാര്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനു കേന്ദ്ര-കേരള സര്‍ക്കാറുകള്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മാസ് ഷാര്‍ജയുടെ 30-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും പ്രവാസികളുടെ പങ്ക് നിര്‍ണായകമാണ്. എന്നാല്‍ പ്രവാസികളെ അവഗണിക്കുന്ന നിലപാടാണ് ഭരണവര്‍ഗം സ്വീകരിക്കുന്നത്. പ്രവാസികളെ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് യാത്രാപ്രശ്‌നമാണ്. എന്നാല്‍ ഇത് പരിഹരിക്കാന്‍ ബന്ധപ്പെട്ടര്‍ ശ്രമിക്കുന്നില്ല. അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കി പാവപ്പെട്ട പ്രവാസികളെ പിഴിയുന്ന സമീപനത്തിനെതിരെ നടപടിയെടുക്കണം.
ചില രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങള്‍ പ്രവാസികള്‍ക്കുനേരെ മുഖംതിരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രവാസികളുടെ പണം ഫലപ്രദമായി വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
മാസ് പ്രസിഡന്റ് അനില്‍ അമ്പാട് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ജന. സെക്രട്ടറി കെ ബാലകൃഷ്ണന്‍, കൊച്ചുകൃഷ്ണന്‍, എ കെ ബീരാന്‍ കുട്ടി, പി സി അശ്‌റഫ്, മുഹമ്മദ് കുഞ്ഞിക്കൊടുവളപ്പില്‍, അശ്‌റഫ്, ഹസന്‍ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ശ്രീപ്രകാശ് സംസാരിച്ചു.
30-ാം വാര്‍ഷികത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.