കണ്ണടയും മുമ്പ് മകനെ കാണാന്‍ കൊതിച്ച്….

Posted on: June 21, 2013 12:51 am | Last updated: June 21, 2013 at 11:43 am
SHARE

biyyu-hajjumma

തിരൂരങ്ങാടിക്കടുത്ത കൊടിഞ്ഞിയിലെ പുത്തുപറക്കാട് ബിയ്യുഹജ്ജുമ്മക്ക് കണ്ണീര് തോര്‍ന്ന നേരമില്ല. അഞ്ച് നേരവും നിസ്‌കാരപ്പായയില്‍ കരങ്ങളുയര്‍ത്തി അവര്‍ പ്രാര്‍ഥിക്കും. പടച്ചവനെ മരിക്കുന്നതിന് മുമ്പ് എന്റെ മോനെ കണ്ണില്‍ കാണിക്കണേ… പ്രിയപ്പെട്ട മകന്‍ ഉമ്മാ എന്ന വിളിയുമായി പടികടന്ന് വരുന്നതും കാത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഈ വൃദ്ധ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം മുപ്പത്തിയാറായി. വീടിന്റെ വരാന്തയിലിരുന്ന് വിദൂരതയിലേക്ക് ഏറെനേരം കണ്ണും നട്ടിരിക്കും. വഴിയിലൂടെ പോകുന്ന ആളുകളുടെ കൂട്ടത്തില്‍ നിന്നൊരാള്‍ വീട്ടിലേക്ക് തിരിയുമെന്നും അത് തന്റെ മകനായിരിക്കുമെന്നുള്ള പ്രതീക്ഷയില്‍…
ബിയ്യുഹജ്ജുമ്മയുടെയും പരേതനായ സൈതുമുഹമ്മദ ്ഹാജിയുടെയും മകന്‍ മുഹമ്മദ്കുട്ടി ദുബൈയിലേക്ക് ലോഞ്ചില്‍ കയറി പോകുമ്പോള്‍ പ്രായം 22. ഭാര്യയെ പോലെ സൈതുമുഹമ്മദ് ഹാജിയും മകനെ അവസാനമായി ഒരുനോക്ക് കാണണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ഒന്‍പത് മാസം മുമ്പ് ഇദ്ദേഹം മരിച്ചതോടെ ബിയ്യു ഹജ്ജുമ്മ സങ്കടങ്ങളെല്ലാം മനസ്സിലൊതുക്കി ജീവിക്കുകയാണ്. നോക്കെത്താ ദൂരത്തേക്ക് മകനെ പറഞ്ഞയക്കാന്‍ മനസ്സ് അനുവദിക്കാതിരുന്നിട്ടും ജീവിത പ്രാരാബ്ധങ്ങളോര്‍ത്തപ്പോള്‍ ഇരുവരും സമ്മതം മൂളുകയായിരുന്നു.

കൊടിഞ്ഞി കോറ്റത്ത് കട നടത്തിയിരുന്ന മുഹമ്മദ് കുട്ടി ഗള്‍ഫെന്ന മരുപ്പച്ച തേടി ആദ്യമെത്തിയത് മുംെബെയിലായിരുന്നു. ഇവിടെ നിന്ന് ലോഞ്ചില്‍ കയറി കടല്‍ കടക്കാമെന്ന പ്രതീക്ഷയുമായാണ് യാത്ര പുറപ്പെട്ടത്. ഇതിനായി മുംബൈയിലെത്തി ചെറിയ കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടു. അതിനിടെയാണ് നാട്ടുകാരുടെ ലോഞ്ചില്‍ ദുബൈയിലേക്കെന്ന് പറഞ്ഞ് യാത്രയായത്. ഒരിക്കല്‍ ലോഞ്ചിന്റെ അടുക്കല്‍ എത്തിയിട്ടും കയറാന്‍ പറ്റാതെ തിരിച്ചുപോന്നതാണ്. പക്ഷെ, ഗള്‍ഫ് മുഹമ്മദ്കുട്ടിയെ വിടാതെ പിന്തുടര്‍ന്നിട്ടുണ്ടാകണം. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മുഹമ്മദ്കുട്ടി ലോഞ്ചില്‍ കയറുന്നതും ഗള്‍ഫില്‍ പോയി പണക്കാരനായി കുടുംബത്തിലേക്ക് മടങ്ങിവരുന്നതുമെല്ലാം എല്ലാ പ്രവാസികളെയും പോലെ അദ്ദേഹവും സ്വപ്‌നം കണ്ടു. ഒടുവില്‍ ചരക്കുമായെത്തിയ ലോഞ്ച് മടക്കയാത്ര ആരംഭിച്ചപ്പോള്‍ മുഹമ്മദ് കുട്ടിയും മറ്റുള്ളവരോടൊപ്പം പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ലോഞ്ചില്‍ കയറിപ്പറ്റി.

എന്നാല്‍ പിന്നീട് മുഹമ്മദ്കുട്ടിയെ കുറിച്ച് നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഒരു വിവരവും ലഭിച്ചില്ല. അന്വേഷണം പലവഴിക്ക് നടന്നെങ്കിലും ഫലമുണ്ടായില്ല. മകന്‍ പോയ ഉടനെ അദ്ദേഹം കൊടുത്തയച്ചതാണെന്ന് പറഞ്ഞ് ഇടക്ക് വസ്ത്രങ്ങളും മറ്റും ചിലര്‍ ഇവരുടെ വീട്ടില്‍ കൊണ്ടുവന്നിരുന്നു. ഇതോടെ മകന്‍ ജോലി ചെയ്തു ജീവിച്ചിരിപ്പുണ്ടെന്ന് കരുതി വീട്ടുകാര്‍ സമാധാനിച്ചു. എന്നാല്‍ പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ആരും മുഹമ്മദ്കുട്ടി കൊടുത്തയച്ചതാണെന്ന് പറഞ്ഞ് സാധാനങ്ങളുമായി വന്നതുമില്ല. ആദ്യം കൊണ്ടു വന്ന സാധനങ്ങള്‍ കുറെക്കാലം വീട്ടില്‍ തന്നെ സൂക്ഷിച്ചു. പിന്നീട് അത് പാവപ്പെട്ടവര്‍ക്ക് നല്‍കുകയായിരുന്നു. ആരോ കൊടുത്തയച്ച സാധനം വിലാസം തെറ്റിവന്നതാണെന്ന് മനസ്സിലായത് ഏറെ വൈകിയാണ്. ഇതോടെ പ്രതീക്ഷയുടെ മേല്‍ വീണ്ടും ഇരുള്‍ പരന്നു.
അന്ന് തുടങ്ങിയതാണ് ബിയ്യു ഹജ്ജുമ്മയുടെ പ്രാര്‍ഥന. കിനാവിലെങ്കിലും മകനെ കണ്ട് കണ്ണടച്ചാല്‍ മതിയെന്നായിരിക്കുന്നു ഇപ്പോഴവര്‍ക്ക്. എത്ര നാള്‍ ആ കാത്തിരിപ്പ് തുടരുമെന്ന് മുഹമ്മദ്കുട്ടിയുടെ സഹോദരങ്ങളായ സൈതലവി, അബ്ദുര്‍റഹ്മാന്‍, സക്കീര്‍ ഹുസൈന്‍, നബീസു, റുഖിയ്യ എന്നിവര്‍ക്കുമറിയില്ല.