ഉരുള്‍ പൊട്ടലിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

Posted on: June 19, 2013 1:26 am | Last updated: June 19, 2013 at 1:26 am

മഞ്ചേരി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ഏറനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ ജില്ലാ കലക്ടര്‍ കെ ബിജു ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറ, പെരകമണ്ണ, എടവണ്ണ വില്ലേജുകളില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍-ചെങ്കല്‍ ക്വാറികള്‍ ജോലി നിര്‍ത്തിവെക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കാറ്റിലും മഴയിലും നിരവധി വീടുകള്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്നു. പയ്യനാട് പിലാക്കല്‍ കിഴക്കെയില്‍ അബ്ദുല്ല കുരിക്കളുടെ മകള്‍ മറിയുമ്മ, പുല്‍പ്പറ്റ സ്രാംബിക്കല്‍ ഖദീജ, പുല്‍റ്റ പാലക്കാട് മുംതാസ് മന്‍സിലില്‍ മുഹമ്മദ് മോയിന്‍ ഹാജിയുടെ മകന്‍ ടി പി മുഹമ്മദാലി, ഒളമതില്‍ പട്ടിലകത്ത് കുണ്ടില്‍ രാമന്‍ മകന്‍ വേലായുധന്‍, പട്ടിലകത്ത് കുണ്ടില്‍ കുഞ്ഞുണ്ണിയുടെ മകന്‍ വേലായുധന്‍, പുല്‍പറ്റ കോട്ടിയോടുപറമ്പില്‍ വെള്ളാരംതൊടി മൊയ്തീന്‍കുട്ടി, ഒളമതില്‍ ആലുങ്ങല്‍ മമ്മദ്കുട്ടിയുടെ മകന്‍ അബ്ദുല്‍ ഗഫൂര്‍, എടവണ്ണ കുണ്ടുതോട് അടങ്ങമ്പുറവന്‍ പരേതനായ രാജന്റെ ഭാര്യ തങ്ക, കുണ്ടുതോട് കിഴക്കെ പുരക്കല്‍ ചന്ദ്രന്റെ മകന്‍ വിനോദ് എന്നിവരുടെ വീടുകളാണ് മരം വീണ് തകര്‍ന്നത്. പുല്പറ്റ പൂന്തോട്ടത്തില്‍ അലവിയുടെ ഭാര്യ പാത്തുമ്മയുടെ വീട്ടിലെ കിണര്‍ താഴ്ന്ന് നല്‍പതിനായിരം രൂപ നഷ്ടം സംഭവിച്ചു.