സി പി എം നേതാക്കളുമായി പ്രതികള്‍ ഫോണില്‍ സംസാരിച്ചതിന് തെളിവ്

Posted on: June 15, 2013 6:00 am | Last updated: June 14, 2013 at 11:45 pm
SHARE

tp slugകോഴിക്കോട്:ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പറയപ്പെടുന്ന പ്രതികളും കേസില്‍ കസ്റ്റഡിയിലുള്ള സി പി എം നേതാക്കളും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവായി ബി എസ് എന്‍ എല്‍ ഫോണ്‍ രേഖ. കേസിലെ പ്രോസിക്യൂഷന്റെ 158-ാം സാക്ഷി ബി എസ് എന്‍ എല്‍ നോഡല്‍ ഓഫീസര്‍ രമേശ് രാജാണ് ഫോണ്‍ രേഖയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ മൊഴി നല്‍കിയത്.

സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍, ഒഞ്ചിയം ഏരിയാ സെക്രട്ടറിയായിരുന്ന സി എച്ച് അശോകന്‍, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍, സി പി എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി ചാലില്‍ ബാബു തുടങ്ങിയവരുമായി കൊലപാതക സംഘം ഫോണില്‍ സംസാരിച്ചതിന്റെ ഫോണ്‍ രേഖയാണ് ഹാജരാക്കിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം പത്ത് പേരുടെ 2012 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള ഫോണ്‍ രേഖയാണ് പരിശോധിച്ചത്.
കേസിലെ 15-ാം പ്രതി കജൂര്‍ എന്ന പി അജേഷിന്റ പേരിലെടുത്ത് കിര്‍മാണി മനോജ് ഉപയോഗിച്ച നമ്പര്‍, പി മോഹനന്‍, കെ സി രാമചന്ദ്രന്‍, ജ്യോതി ബാബു, സി എച്ച് അശോകന്‍, ട്രൗസര്‍ മനോജ്, പി കെ കുഞ്ഞനന്തന്‍, പടയങ്കണ്ടി രവീന്ദ്രന്‍, ഷനോജ് എന്ന കേളന്‍ എന്നിവരുടെ ഫോണ്‍ നമ്പറുകളാണ് പരിശോധിച്ചത്. ഇതില്‍ കിര്‍മാണി മനോജിന്റെ ഫോണ്‍ നമ്പറാണ് പ്രധാനമായും പരിഗണിച്ചത്. ഇവര്‍ പരസ്പരം എഴുനൂറ് കോളുകള്‍ ചെയ്തതായി രേഖകള്‍ പറയുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ കോളുകളുള്ളത് കുന്നുമ്മക്കരയിലെ സി പി എം പ്രാദേശിക നേതാവ് കെ സി രാമചന്ദ്രന്റെതാണ്. സ്വന്തം ഫോണില്‍ നിന്ന് ചന്ദ്രശേഖരന്‍ വധം ലക്ഷ്യംവെച്ച് വ്യാജ തിരിച്ചറിയല്‍ രേഖ നല്‍കി രാമചന്ദ്രന്‍ എടുത്തതെന്ന് പോലീസ് പറയുന്ന ഫോണില്‍ നിന്നുമായി 370ലധികം കോളുകളാണ് ചെയ്തിരിക്കുന്നത്. ഇതില്‍ വ്യാജ ഐ ഡി ഉപയോഗിച്ച് എടുത്ത ഫോണില്‍ നിന്ന് 38 കോളുകള്‍ ചെയ്തിട്ടുണ്ട്.
കെ സി രാമചന്ദ്രന്‍ വ്യാജ ഐ ഡി പ്രൂഫ് ഹാജരാക്കി എടുത്ത ഫോണിലേക്ക് ജ്യോതി ബാബുവിന്റെ ഫോണില്‍ നിന്ന് ആറ് കോളുകള്‍ പോയിട്ടുണ്ട്. 2012 ഏപ്രില്‍ 24നും 28നും ഓരോ കോള്‍ വീതവും മെയ് ഒന്നിന് നാല് തവണയും കെ സി രാമചന്ദ്രനെ ജ്യോതി ബാബു വിളിച്ചുവെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. ജ്യോതി ബാബു, കൊടി സുനി, എം സി അനൂപ്, ട്രൗസര്‍ മനോജ്, പി മോഹനന്‍, സി പി എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി ചാലില്‍ ബാബു എന്നിവരെ കുഞ്ഞനന്തന്‍ വിളിച്ചതായും ബി എസ് എന്‍ എല്‍ ടവര്‍ ലൊക്കേഷന്‍ വ്യക്തമാക്കുന്നു.
ടി പി കൊലപ്പെട്ട മെയ് നാലിന് വൈകീട്ട് 4.45ന് കൊടി സുനി കുഞ്ഞനന്തനെ വിളിച്ചിണ്ട്. 64 സെക്കന്‍ഡാണ് ഈ കോള്‍. ഒന്നാം പ്രതി എം സി അനൂപിന്റെ ഐഡി പ്രൂഫ് സാക്ഷ്യപ്പെടുത്തി എടുത്ത നമ്പറില്‍ നിന്നാണ് കൊടി സുനി കുഞ്ഞനന്തനെ വിളിച്ചത്. കൊലക്ക് ശേഷം രാത്രി 11.36ന് കിര്‍മാണി മനോജ് അയാളുടെ പേരിലുള്ള ഫോണില്‍ നിന്ന് കുഞ്ഞനന്തനെ വിളിച്ചതായും ഫോണ്‍ രേഖയുടെ കോള്‍ ലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. ഈ സമയം വിളിച്ച നമ്പര്‍ ചൊക്ലി ടവറിനു കീഴിലും കുഞ്ഞനന്തന്റെ പേരിലുള്ള ഫോണ്‍ പാറാട്ട് ടവറിന് കീഴിലുമാണ്.
ഏപ്രില്‍ രണ്ടിന് പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയില്‍ സി എച്ച് അശോകന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ച് ഗൂഢാലോചന നടത്തിയെന്ന് ചില സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധിച്ച ഫോണ്‍ രേഖയില്‍ വൈകീട്ട് 3.16 മുതല്‍ 4.04 വരെ ഓര്‍ക്കാട്ടേരി ടവറിനു കീഴില്‍ സി എച്ച് അശോകന്റെ ഫോണ്‍ പ്രവര്‍ത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതേദിവസം ചൊക്ലിയിലെ കൊടി സുനിയുടെ താമസ സ്ഥലമായ സമീറ ക്വാര്‍ട്ടേഴ്‌സില്‍ ജ്യോതി ബാബു ഉണ്ടായിരുന്നുവെന്നതിന് തെളിവായി വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ ചൊക്ലി ടവറിനു കീഴില്‍ ഇയാളുടെ മൊബൈല്‍ പ്രവര്‍ത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനനെ ഏപ്രില്‍ 24ന് രാവിലെ ഏഴിന് മാത്രമാണ് കുഞ്ഞനന്തന്‍ വിളിച്ചതെന്ന് രേഖകള്‍ പറയുന്നു.