ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഡിപിഐ ഉത്തരവ് പിന്‍വലിക്കണം -മൈനോറിറ്റി വെല്‍ഫയര്‍ അസോ.

Posted on: June 15, 2013 6:00 am | Last updated: June 14, 2013 at 11:27 pm

കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ക്ക് വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
മുസ്‌ലിംകളുള്‍പ്പെടെ പിന്നാക്കക്കാരെ തൊഴില്‍ പരമായും വിദ്യാഭ്യാസപരമായും ഉയര്‍ത്തിക്കൊണ്ട് മുഖ്യധാരയില്‍ എത്തിക്കാനായി കേന്ദ്ര ഗവണ്‍മെന്റ് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് നടപ്പാക്കിയ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് മുന്‍ വര്‍ഷങ്ങളില്‍ ഇല്ലാത്ത നിബന്ധനകള്‍ വെച്ച് അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണം. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രി ഉടനെ ഇടപെട്ട് പ്രശ്‌ന പരിഹാരം ഉണ്ടാക്കണം. അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സമസ്ത സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. കെ എം.എ റഹീം അധ്യക്ഷത വഹിച്ചു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ഡോ. പി.എ മുഹമ്മദ് കുഞ്ഞി സഖാഫി (കൊല്ലം), സയ്യിദ് പി.എം.എസ് തങ്ങള്‍ (തൃശൂര്‍), ഇ. യഅ്ഖൂബ് ഫൈസി, പി.ടി.സി മുഹമ്മദലി മാസ്റ്റര്‍, ഉമര്‍ മദനി (പാലക്കാട്) പങ്കെടുത്തു.