Connect with us

Kozhikode

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നു; വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ നടപടി

Published

|

Last Updated

വടകര: ദേശീയപാതയില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വടകര ഡി വൈ എസ് പി ജോസിചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി ദേശീയപാതയിലുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ ഏഴ് പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത്.
വടകര പോലീസ് സബ് ഡിവിഷന്റെ കീഴില്‍ അഴിയൂര്‍ മുതല്‍ കോരപ്പുഴ വരെയുള്ള 60 കി. മീറ്റര്‍ ദേശീയപാതയില്‍ രണ്ട് ട്രാഫിക് പോലീസ് യൂനിറ്റും ഒരു ഹൈവേ പോലീസ് യൂനിറ്റും മുഴുവന്‍ സമയവും സ്പീഡ് റഡാര്‍ സംവിധാനത്തോടെ പരിശോധന നടത്തും.
പാര്‍ക്കിംഗ് പെര്‍മിറ്റില്ലാത്ത ബസുകള്‍ വടകര, പയ്യോളി, കൊയിലാണ്ടി, ഉള്ള്യേരി ബസ് സ്റ്റാന്‍ഡുകളില്‍ ദീര്‍ഘനേരം നിര്‍ത്തിയിട്ട് ആളെ കയറ്റുന്നത് നിയന്ത്രിക്കും. ദീര്‍ഘദൂര ബസുകള്‍ ബസ് സ്റ്റാന്‍ഡുകളില്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത് ഉടന്‍ തന്നെ യാത്ര തുടരേണ്ടതാണ്.
വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ രാവിലെ 9.30 മുതല്‍ പതിനൊന്നര വരെയും വൈകീട്ട് മൂന്നര മുതല്‍ അഞ്ച് വരെയും പോലീസ് സാന്നിധ്യം ഈ അധ്യയന വര്‍ഷം മുതല്‍ നിലവിലുണ്ടെന്നും ഡി വൈ എസ് പി പറഞ്ഞു. വിദ്യാര്‍ഥികളുടെ പരാതി സ്വീകരിക്കാനായി വിദ്യാലയങ്ങളില്‍ പരാതി പുസ്തകം വെച്ചിട്ടുണ്ട്. ദേശീയപാതയില്‍ കൈനാട്ടി, പെരുവാട്ടിന്‍താഴ ജംഗ്ഷനുകളില്‍ തകരാറിലായ സിഗ്നല്‍ സംവിധാനം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസുടമകള്‍, സംഘടനാ പ്രതിനിധികള്‍, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ എന്നിവരെ ബോധവത്കരിച്ചതായും ഡി വൈ എസ് പി കൂട്ടിച്ചേര്‍ത്തു.
കാലവര്‍ഷം തുടങ്ങിയതോടെ വാഹനാപകട നിരക്ക് കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാ വാഹന ഉപയോക്താക്കളും കാല്‍നടയാത്രക്കാരും സ്വയം സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ആര്‍ ടി ഒ. എസ് എന്‍ നാരായണന്‍പോറ്റി അറിയിച്ചു.
കാല്‍നടയാത്രക്കാര്‍ ഫുട്പാത്ത്, സീബ്രാലൈന്‍ എന്നിവ കാര്യക്ഷമമായി ഉപയോഗിക്കാത്തതും അപകടകാരണമാണ്. വാഹന ഉടമകളും ഡ്രൈവര്‍മാരും അപകടങ്ങള്‍ കുറക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആര്‍ ടി ഒ അറിയിച്ചു.
തേയ്മാനം വന്ന ടയറുകള്‍ മാറ്റുക, വൈപ്പറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക, ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമാക്കുക, സണ്‍കൂളിംഗ് സ്റ്റിക്കറുകള്‍ ഒഴിവാക്കുക, റിഫഌക്ടറുകള്‍ ഘടിപ്പിക്കുക, കീറിയ സൈഡ് കര്‍ട്ടനുകള്‍ മാറ്റുക, ബ്രേക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക, റിയര്‍വ്യൂമീറ്ററുകള്‍ ഘടിപ്പിക്കുക, ഹെല്‍മെറ്റ് നിര്‍ബന്ധമായും ഉപയോഗിക്കുക, അമിത വേഗത ഒഴിവാക്കുക, സ്പീഡ് ഗവര്‍ണറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക, എയര്‍ഹോണുകള്‍ ഒഴിവാക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആര്‍ ടി ഒ പത്രക്കുറിപ്പില്‍ അറിയിച്ചു.

 

 

രണ്ട് ദിവസത്തിനിടെ  പൊലിഞ്ഞത് ഏഴ് ജീവനുകള്‍

പയ്യോളി: രണ്ട് ദിവസത്തിനിടെ ദേശീയപാതയിലെ പയ്യോളി മേഖലയില്‍ പൊലിഞ്ഞത് ഏഴ് ജീവനുകള്‍. ചൊവ്വാഴ്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് വടകര കോട്ടപ്പള്ളി സ്വദേശികളായ മൂന്ന് സുഹൃത്തുക്കളാണ് മരിച്ചത്.
പയ്യോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമായിരുന്നു അപകടം. ഇതിന്റെ നടുക്കം മാറുംമുമ്പാണ് ബുധനാഴ്ച ഇരിങ്ങല്‍ മണ്ടുന്‍പാറക്ക് സമീപം ഒരു കുടുംബത്തിലെ നാല് ജീവന്‍കൂടി അപകടം കവര്‍ന്നത്.
കീഴരിയൂര്‍ തൈക്കണ്ടി പരേതനായ കണ്ണന്റെ മകന്‍ സുരേഷ്ബാബു (52), മകന്‍ ദേവനാരായണന്‍ (16), സഹോദരി ഗിരിജ (41), ഗിരിജയുടെ മകന്‍ വിഷ്ണു നാരായണന്‍ (22) എന്നിവരാണ് മരിച്ചത്. മഴ തുടങ്ങിയതോടെ റോഡപകടങ്ങള്‍ വര്‍ധിച്ച ഈ മേഖലയില്‍ മൂന്ന് മാസത്തിനിടെ 15 പേരാണ് വാഹനാപകടത്തില്‍ മരിച്ചത്.