സിറിയയിലെ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടത് 93,000 പേരെന്ന് യു എന്‍

Posted on: June 14, 2013 8:33 am | Last updated: June 14, 2013 at 8:33 am
SHARE

syriaന്യൂയോര്‍ക്ക്: രണ്ട് വര്‍ഷം പിന്നിട്ട സിറിയയിലെ ആഭ്യന്തര കലാപത്തില്‍ ഇതുവരെ 93,000 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കാണിത്. ജനുവരി വരെ 59,000 ആളുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍, കൊല്ലപ്പെട്ടവരുടെ യഥാര്‍ഥ സംഖ്യ ഇതിലും അധികമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ മാസം തോറും അയ്യായിരം ആളുകള്‍ കൊല്ലപ്പെടുന്നുണ്ട്. കലാപങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് യു എന്‍ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷണര്‍ നവി പിള്ള പറഞ്ഞു.
കൊല്ലപ്പെടുന്നവരില്‍ എണ്‍പത് ശതമാനം ആളുകളും പുരുഷന്‍മാരാണ്. കുട്ടികള്‍ക്ക് നേരെ അതിഭീകരമായ ആക്രമണമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6,561 കുട്ടികളാണ് ആഭ്യന്തര കലാപത്തിനിരയായത്. ഇതില്‍ 1,729 കുട്ടികള്‍ പത്ത് വയസ്സില്‍ താഴെയുള്ളവരാണ്. വിമതരും സര്‍ക്കാര്‍ സേനയും കുട്ടികളെ ചാവേറുകളായി ഉപയോഗപ്പെടുത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം സിറിയയുടെ കിഴക്കന്‍ ഗ്രാമത്തിലുണ്ടായ വിമത ആക്രമണത്തില്‍ അറുപത് പേര്‍ കൊല്ലപ്പെട്ടിരുന്നു. സുന്നി ഭൂരിപക്ഷ പ്രദേശമായ ഹത്‌ലയിലാണ് സംഭവമുണ്ടായത്. പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പിന്തുണക്കുന്ന ശിയാ വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്.