Connect with us

Ongoing News

പ്ലസ്‌വണ്‍ ഏകജാലകം: അപേക്ഷയില്‍ തിരുത്തലിനുള്ള സമയം ഇന്നുകൂടി

Published

|

Last Updated

തിരുവനന്തപുരം: പ്ലസ്‌വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക പരിശോധിച്ച് തിരുത്താനുള്ള സമയം ഇന്നു വൈകീട്ട് നാല് വരെ ദീര്‍ഘിപ്പിച്ചു. പട്ടിക പ്രസിദ്ധീകരിച്ച ആദ്യ ദിനംതന്നെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായതിനെ തുടര്‍ന്ന് ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും പട്ടിക പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉത്തരക്കടലാസ് പുനഃപരിശോധനയില്‍ വന്ന ഗ്രേഡ്മാറ്റം അപേക്ഷയില്‍ തിരുത്താന്‍ ഒട്ടേറെ സ്‌കൂളുകള്‍ അനുമതി നല്‍കിയില്ലെന്ന പരാതിയും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ഇന്നലെ വൈകീട്ട് അഞ്ചിന് അവസാനിക്കേണ്ട തിരുത്തല്‍ സമയം ഇന്ന് വൈകീട്ട് നാല് വരെ ദീര്‍ഘിപ്പിച്ചത്.
തെളിവുസഹിതം മാറ്റം ആവശ്യപ്പെടുന്ന വിദ്യാര്‍ഥികളുടെ ഗ്രേഡുകള്‍ അപേക്ഷയില്‍ മാറ്റിനല്‍കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് ട്രയല്‍ അലോട്ട്‌മെന്റ് ലിങ്കില്‍ അപേക്ഷാ നമ്പറും ജനന തീയതിയും ടൈപ്പ് ചെയ്താല്‍ സാധ്യതാ അലോട്ട്‌മെന്റ് അറിയാന്‍ സാധിക്കും. അപേക്ഷയില്‍ വിദ്യാര്‍ഥിയുടെ അപേക്ഷാ നമ്പറും പേരും എസ് എസ് എല്‍ സി രജിസ്റ്റര്‍ നമ്പരും വിദ്യാര്‍ഥിയുടെയും രക്ഷകര്‍ത്താവിന്റെയും ഒപ്പും തിരുത്തേണ്ട വിവരങ്ങളുടെ വിശദാംശങ്ങളുമുണ്ടായിരിക്കണം.