മദ്യം വാങ്ങുന്നതിനുള്ള പ്രായ പരിധി 21 വയസ്സ്

Posted on: June 11, 2013 2:36 am | Last updated: June 11, 2013 at 2:36 am

TODDYതിരുവനന്തപുരം:മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രായപരിധി 18 വയസ്സില്‍ നിന്ന് 21 വയസ്സാക്കി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന കേരള അബ്കാരി ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

മദ്യത്തിന്റെ ഉപഭോഗം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. എക്‌സൈസ് മന്ത്രി കെ ബാബു അവതരിപ്പിച്ച ബില്ല് ചര്‍ച്ചകള്‍ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.
മദ്യത്തിന്റെ ഉപയോഗമോ ഉപഭോഗമോ പ്രദര്‍ശനമോ കാണിക്കുന്ന സിനിമാരംഗങ്ങളില്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാതെ രംഗങ്ങള്‍ കാണിക്കുന്നവര്‍ക്ക് ആറ് മാസം വരെ വെറും തടവോ പതിനായിരം രൂപവരെ പിഴയോ രണ്ടും കൂടിയോയുള്ള ശിക്ഷയോ ലഭിക്കും. അബ്കാരി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ക്ക് ചുമത്താവുന്ന പിഴ 25,000രൂപയില്‍ നിന്ന് 3,00,000 രൂപയായി വര്‍ധിപ്പിക്കും.
മദ്യാസക്തി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും: മന്ത്രി
തിരുവനന്തപുരം: മദ്യാസക്തിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കെ ബാബു അറിയിച്ചു. 2014-15 അധ്യയന വര്‍ഷത്തെ കരിക്കുലം റിവിഷന്‍ വരുമ്പോള്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി മദ്യ ഉപഭോഗത്തില്‍ 2011-12, 2012-13 കാലയളവില്‍ ഒരു ശതമാനം കുറവുണ്ടായി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 62 മദ്യ ഷാപ്പുകള്‍ക്ക് അനുമതി നല്‍കി. ഇതില്‍ 14 ഷാപ്പുകള്‍ അനുവദിച്ചത് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ്. 46 ഹോട്ടലുകള്‍ ബാര്‍ ലൈസന്‍സിനായി അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ നിരസിച്ചു.
നീര ഉത്പാദനം സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും എ പി അബ്ദുല്ല കുട്ടി, പാലോട് രവി, സി പി മുഹമ്മദ്, ലൂഡി ലൂയിസ് എന്നിവരെ മന്ത്രി അറിയിച്ചു.