ലക്കിടി റെയില്‍വേ സ്‌റ്റേഷന്‍ അവഗണനയില്‍

Posted on: June 9, 2013 8:10 am | Last updated: June 9, 2013 at 8:10 am

ലക്കിടി: പ്രതിദിനം മുന്നൂറോളം ആളുകള്‍ യാത്രചെയ്യുന്ന ലക്കിടി റെയില്‍വേസ്‌റ്റേഷന്‍ അവഗണനയുടെ നടുവിലാണ്. ലക്കിടിയില്‍നിന്ന് ഷൊറണൂര്‍ ഭാഗത്തേക്ക് യാത്രചെയ്യാന്‍ രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ വണ്ടി കാത്തുനില്‍ക്കേണ്ടത് വെയിലും മഴയുമേറ്റ് വേണം.—
പ്ലാറ്റ്‌ഫോമിലെത്തുകയെന്നത് അതിലേറെ ദുഷ്‌കരം. റെയില്‍ മുറിച്ചുകടന്നുവേണം പ്ലാറ്റ്‌ഫോമിലെത്താന്‍. റെയില്‍ മുറിച്ചുകടന്നുള്ള ഈ യാത്ര പലപ്പോഴും വയസ്സായവര്‍ക്കും രോഗികള്‍ക്കും കുട്ടികള്‍ക്കും ധൃതി പിടിച്ചെത്തുന്ന യാത്രക്കാര്‍ക്കും അപകടം വരുത്തിവെക്കാറുണ്ട്.—ഇവിടെ ഒരു നടപ്പാലത്തിന് വേണ്ടിയുള്ള മുറവിളിയുയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മുമ്പ് നടപ്പാലത്തിന് അനുമതി ലഭിച്ചെങ്കിലും പാലം യാഥാര്‍ഥ്യമായത് കുറ്റിപ്പുറത്താണ്. തിരക്കേറിയ ലക്കിടി റെയില്‍വേ ഗേറ്റില്‍ ഒരു മേല്‍പാലമെന്ന നാട്ടുകാരുടെ ആവശ്യവും യാഥാര്‍ഥ്യമാവാതെ കിടക്കുന്നു. സാമാന്യം തിരക്കേറിയ തൃശ്ശൂര്‍ഒറ്റപ്പാലം റൂട്ടില്‍ ലക്കിടിഗേറ്റ് അടച്ചാല്‍ 20 മിനിറ്റോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. അഞ്ചോ ആറോ മിനിറ്റുകളുടെ വ്യത്യാസത്തില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സുകളെയാണ് ഈ കാത്തുനില്‍പ്പ ഏറെ ബാധിക്കുന്നത്. ഫലം മത്സരയോട്ടവും അപകടവും.—
സാമ്പത്തികബാധ്യതവരാത്ത പ്രശ്‌നങ്ങളിലും ലക്കിടിക്ക് കടുത്ത അവഗണനതന്നെ. കുഞ്ചന്‍ നമ്പ്യാരുടെ ജന്മംകൊണ്ട് പ്രസിദ്ധമായ ലക്കിടിയിലെ സ്‌റ്റേഷന് കുഞ്ചന്‍നഗര്‍ എന്ന് നാമകരണം ചെയ്യണമെന്ന നാട്ടുകാരുടെയും കലാസാഹിത്യ പ്രേമികളുടെയും ആവശ്യവും ഫലംകണ്ടില്ല. ലക്കിടിപേരൂര്‍ പഞ്ചായത്ത്, കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം, കുഞ്ചന്‍ സ്മാരകവായനശാല എന്നീ സ്ഥാപനങ്ങള്‍ നല്‍കിയ നിവേദനത്തിനും മറുപടിയുണ്ടായില്ല. തീവണ്ടിനിര്‍ത്തുന്ന കാര്യത്തിലുമുണ്ട് അവഗണന. കണ്ണൂര്‍ ഫാസ്റ്റ്പാസഞ്ചര്‍ വണ്ടിക്ക് താരതമ്യേന തിരക്കുകുറഞ്ഞ പാലപ്പുറത്ത് സ്‌റ്റോപ്പുള്ളപ്പോള്‍ ലക്കിടിയില്‍ സ്‌റ്റോപ്പില്ല.