ആംവേയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ കോടതി അനുമതി

Posted on: June 9, 2013 2:50 am | Last updated: June 9, 2013 at 2:50 am
SHARE

amwayകോഴിക്കോട്:  ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ സീല്‍ ചെയ്ത ആംവേയുടെ  നാല് ജില്ലകളിലെ ഓഫീസുകളും ഗോഡൗണുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ ജില്ലാ കോടതി ഉത്തരവ്. ഏപ്രില്‍ 24ന് നല്‍കിയ റിവിഷന്‍ ഹരജിയിലാണ് കോഴിക്കോട് ജില്ലാ കോടതിയില്‍ നിന്ന് വിധി വന്നത്.

ആംവേ കമ്പനി മാര്‍ച്ച് 25ന് സി ജെ എം കോടതിയില്‍ നല്‍കിയ ഹരജി തളളുകയായിരുന്നു. തുടര്‍ന്നാണ് കമ്പനി റിവിഷന്‍ ഹരജി ഫയല്‍ ചെയ്തത്. ഒരു കോടി രൂപയുടെ ബേങ്ക് ഗ്യാരണ്ടിയിലാണ് ഓഫീസുകള്‍ തുറന്ന് കൊടുക്കാന്‍ ഉത്തരവായത്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലുള്ള  ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് വിധിയില്‍ പറയുന്നത്.

2012 നവംബര്‍ ഒമ്പതിനാണ് നാല് ജില്ലകളിലെ ഓഫീസുകളും ഗോഡൗണുകളും ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റെയ്ഡ് നടത്തി സീല്‍ ചെയ്തത്. കുന്ദമംഗലം സ്വദേശിനിയായ വിശാലാക്ഷിയുടെ  പരാതിയുടെ അടിസ്ഥാനത്തിലാണ് ആംവേക്കെതിരേ പോലീസ് കേസെടുത്തത്. കുന്ദമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് മണി ചെയിന്‍ തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്ന കോഴിക്കോട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

എസ് പി. പി ഐ വത്സന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് നാല് ജില്ലകളിലെ ഓഫീസുകളും ഗോഡൗണുകളും സീല്‍ ചെയ്തത്. തുടര്‍ന്ന് കേരളത്തിലെ മുഖ്യ ചുമതലക്കാരനായ തമിഴ്‌നാട് സ്വദേശി രാജ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ആംവേയുടെ ചെയര്‍മാനുള്‍പ്പെടെ മൂന്ന് പേരെ കഴിഞ്ഞ മാസം 27ന്  ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ചെയര്‍മാനും സി ഇ ഒ യുമായ  പിക്‌നി കോട്ട് വില്യം, ഡയറക്ടര്‍മാരായ  സഞ്ജയ് മല്‍ഹോത്ര, അന്‍ഷു ബുദ്‌രാജ എന്നിവരെയാണ് അറസ്റ്റ് ചെയതിരുന്നത്.

സി ഇ ഒയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണം ഉത്തരമേഖലാ എ ഡി ജി പി എന്‍ ശങ്കര്‍ റെഡ്ഡി  ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുളള റിപ്പോര്‍ട്ട് അടുത്തയാഴ്ച നല്‍കുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here