ലോനപ്പന്‍ നമ്പാടന് വിട

Posted on: June 6, 2013 8:22 pm | Last updated: June 6, 2013 at 8:23 pm

Lonappan-Nambadan-1കൊച്ചി: ഇന്നലെ അന്തരിച്ച മുന്‍ മന്ത്രിയും മികച്ച പാര്‍ലിമെന്റേറിയനുമായിരുന്ന ലോനപ്പന്‍ നമ്പാടന് വിട. നമ്പാടന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

ഇരിഞ്ഞാലക്കുട ടൗണ്‍ ഹാളില്‍ വ്യാഴാഴ്ച രാവിലെ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിച്ചത്. 12.30ഓടെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച മൃതദേഹം മൂന്ന് മണിയോടെ സംസ്‌കാരത്തിനായി സെന്റ് ആന്റണീസ് പള്ളിയിലേക്ക് കൊണ്ടുപോയി.

രാവിലെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ എം മാണി, സി എന്‍ ബാലകൃഷ്ണന്‍ തുടങ്ങി എം എല്‍ എമാര്‍, എം പിമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വൈകീട്ട് പേരാമ്പ്രയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ബുധനാഴ്ച പകല്‍ 2.10ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.