കുവൈത്ത്: കയറ്റിയയക്കുന്നവരില്‍ നിരപരാധികളായ മലയാളികളും

Posted on: June 4, 2013 6:00 am | Last updated: June 3, 2013 at 11:56 pm

Protests Indian Embassyകുവൈത്ത് സിറ്റി: നിയമം ലംഘിച്ച് അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരെ കുവൈത്ത് സര്‍ക്കാര്‍ നടപടി തുടരുന്നതിനിടെ, നിരപരാധികളെയും ഈ വിഭാഗത്തില്‍ പെടുത്തി കയറ്റി അയക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസിയും കുവൈത്ത് അധികൃതരും നേരത്തെ ഇത്തരം അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞിരുന്നെങ്കിലും നിരവധി നിരപരാധികളെ ഇതിനകം കയറ്റി അയച്ചുകഴിഞ്ഞു.

കഴിഞ്ഞ 22 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന തിക്കോടി സ്വദേശി സ്വാബിര്‍ ഇങ്ങനെ കയറ്റി അയച്ചവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം 28ന് കുടുംബ സമേതം കുവൈത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയ ഇദ്ദേഹത്തോട്, ഇമിഗ്രേഷന്‍ കൗണ്ടറില്‍ ഫിംഗര്‍ പ്രിന്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥന്‍ കുവൈത്തില്‍ ഇറങ്ങാനുള്ള അനുമതി നിരോധിച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. അതേ വിമാനത്തില്‍ കുടുംബത്തെ തിരച്ചയക്കുകയും ചെയ്തു. പിറ്റേ ദിവസം പരിശോധന പൂര്‍ത്തിയാക്കി ഇദ്ദേഹത്തെയും കയറ്റിയയച്ചു. ഇമിഗ്രേഷന്‍ ആസ്ഥാനത്തും കോടതിയിലും എന്തെങ്കിലും കേസുകള്‍ ഇദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമായിട്ടും തിരിച്ചയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മറ്റൊരു സംഭവത്തില്‍, മലയാളികള്‍ ഏറെയുള്ള അബ്ബാസിയ്യയില്‍ കഴിഞ്ഞ ദിവസം വേസ്റ്റ് കളയാന്‍ പുറത്തിറങ്ങിയ മലയാളി വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു നാടുകടത്തിയതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവും മക്കളും കഴിഞ്ഞ ദിവസം നാട്ടിലേക്കു തിരിച്ചിരിക്കുകയാണ്.
അതിനിടെ ആരോഗ്യ മന്ത്രാലയത്തിലെ 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ വിദേശികളായ നഴ്‌സുമാര്‍ക്ക് അധികൃതര്‍ സര്‍വീസ് അവസാനിപ്പിച്ചുകൊണ്ടുള്ള നോട്ടീസ് നല്‍കിത്തുടങ്ങി. അടുത്ത മാസം മുതല്‍ ശമ്പളം ഉണ്ടാകില്ലെന്നും സര്‍വീസ് സെറ്റില്‍മെന്റ് നടപടികള്‍ ആരംഭിക്കണമെന്നുമാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശത്തില്‍ പറയുന്നത്.
ഇന്ത്യന്‍ എംബസി ഉപരോധിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയിലേക്ക് അഞ്ഞൂറോളം വരുന്ന രാജസ്ഥാന്‍ സ്വദേശികള്‍ മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസത്തെ പോലീസ് റെയ്ഡില്‍, അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച തങ്ങളുടെ സഹപ്രവര്‍ത്തകരെ മോചിപ്പിച്ച് നാട്ടിലേക്കയക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. അറസ്റ്റ് ചെയ്തവരെ ഫിംഗര്‍ പ്രിന്റിന് വിധേയമാക്കരുതെന്നും സ്‌പോണ്‍സര്‍മാരില്‍ നിന്നുള്ള അവകാശങ്ങള്‍ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരുമായി ഉപരോധം നടത്തുന്നവര്‍ സംസാരിക്കുകയും കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പ് ലഭിക്കുകയും ചെയ്തതോടെ ഉപരോധം അവസാനിപ്പിക്കുകയുമായിരുന്നു.