Connect with us

Kerala

കേരളത്തിന്റെ ആദ്യ ജലവിമാനത്തിന് അഷ്ടമുടിക്കായലില്‍ ടേക്ക് ഓഫ്‌

Published

|

Last Updated

sea_plane_kerala_4_1369986988

കൊല്ലം: വെള്ളച്ചിറകുകളുമായി ജലവിമാനം അഷ്ടമുടിക്കായലിന് മുകളിലൂടെ വലം വെച്ചപ്പോള്‍ തടിച്ചുകൂടിയ പുരുഷാരത്തിന്റെ ആഹ്ലാദം അല തല്ലി. പരുന്തിനെപ്പോലെ താഴ്ന്നു പറന്ന് ജലോപരിതലത്തില്‍ തൊട്ട വിമാനം പിന്നീട് അരയന്നത്തെപ്പോലെ ജലപ്പരപ്പിലൂടെ ഇഴഞ്ഞുനീങ്ങി. കേരളത്തിലെ ആദ്യ ജലവിമാനത്തിന്റെ സാന്നിധ്യം അഷ്ടമുടിക്കായലിന് അവിസ്മരണീയമായ മുഹൂര്‍ത്തമാണ് സമ്മാനിച്ചത്. കേരളത്തിന്റെ ടൂറിസം വികസനത്തിന് നാഴികക്കല്ലാകുന്ന ആദ്യ ജലവിമാനത്തിന് അഷ്ടമുടിക്കായലില്‍ വിജയകരമായ ടേക്ക് ഓഫ്.

പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ജലവിമാന സര്‍വീസ് സമര്‍പ്പിച്ചത്. ജല വിമാനം ആകാശത്ത് നിന്ന് കായലിലേക്ക് വന്നിറങ്ങുന്നതും പറന്നുയരുന്നതുമായ കാഴ്ചക്ക് സാക്ഷികളാകാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കൈരളി ഏവിയേഷന്റെ സെസ്‌ന 206 ആംഫീബിയന്‍സ് വിമാനമാണ് ഇന്നലെ വൈകീട്ട് അഷ്ടമുടി കായലില്‍ നിന്ന് പറന്നുയര്‍ന്നത്.
യാത്ര മുഴുവന്‍ കായലിനു മുകളിലൂടെയാണ്. വളരെ അപൂര്‍വമാണ് ഇത്തരമൊരു വഴിത്താരയെന്നു പൈലറ്റ് പറഞ്ഞു. പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറുവിമാനം 3000- രു4000 അടി ഉയരത്തിലാണ് പറക്കുക. ആശ്രാമം ഇ എസ ്‌ഐ ആശുപത്രിക്കു സമീപമുള്ള ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ ടെര്‍മിനലില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് വാട്ടര്‍ ഡ്രോം സ്ഥാപിച്ചിട്ടുള്ളത്. റണ്‍വേക്കു 200 മീറ്റര്‍ നീളമുണ്ട്.
മഞ്ഞ ബോളുകള്‍ കൊണ്ടാണ് ജലത്തില്‍ വിമാനത്താവളത്തിന്റെ അതിരുകള്‍ വേര്‍തിരിച്ചിട്ടുള്ളത്. വിദേശ വിനോദ സഞ്ചാരികള്‍ എന്ന പോലെ ആഭ്യന്തര വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നതാണ് ടൂറിസം മേഖലയിലെ ഈ നൂതന സംരംഭം. ഇന്ത്യയിലാദ്യമായി ടൂറിസം മേഖലയില്‍ സീ പ്ലെയിനുകള്‍ ചിറക് വിടര്‍ത്തുന്നത് കേരളത്തിലാണെന്നതാണ് പ്രത്യേകത. 11.84 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. കരയിലും കായലിലും ഒരു പോലെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന എന്‍ജിനാണ് സീ പ്ലെയിന്റെ സവിശേഷ ഘടകം. ജലാശയത്തിന്റെ ചെറിയ ഭാഗം മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്.
ആദ്യ ഘട്ടമായി അഷ്ടമുടിക്കായലിനൊപ്പം ആലപ്പുഴയിലെ പുന്നമടക്കായലിലും ജലവിമാനത്താവളം സജ്ജമായിക്കഴിഞ്ഞു. രണ്ടാം ഘട്ടമായി കുമരകത്തും ബേക്കലിലും വാട്ടര്‍ഡ്രോമുകള്‍ സജ്ജീകരിക്കും. നിലവില്‍ ഒരു ജലവിമാനമാണ് എത്തിയിട്ടുള്ളത്.
രണ്ട് മാസത്തിനകം രണ്ടാമത്തെ വിമാനവുമെത്തും. കേരളത്തിലെ മൂന്ന് ആഭ്യന്തര വിമാനത്താവളങ്ങള്‍ക്കൊപ്പം മംഗലാപുരം വിമാനത്താവളവുമായും ജലവിമാന സര്‍വീസിനെ ബന്ധിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ വികസനക്കുതിപ്പേകാന്‍ സീ പ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ടൂറിസം വികസനത്തിന് ഏറെ സാധ്യതയുള്ള ജില്ലകള്‍ കേന്ദ്രീകരിച്ചാണ് സീ പ്ലെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ വായു മാര്‍ഗം ബന്ധിപ്പിക്കുന്നതോടൊപ്പം യാത്രയിലുടനീളം കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും അവസരം ലഭിക്കും.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പവന്‍ഹന്‍സ് ഹെലികോപ്‌ടേഴ്‌സ് നടത്തിയ സാധ്യതാ പഠനത്തിന്റെ പിന്‍ബലത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്.
അതേസമയം, കേരളത്തില്‍ ഇത്തരമൊരു പഠനം നടന്നിട്ടില്ലെന്ന് ആരോപിച്ച് വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ഉള്‍നാടന്‍ മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ പദ്ധതി ദോഷകരമായി ബാധിക്കുമെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.
കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും മൂലം അനുദിനം തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അഷ്ടമുടിക്കായലിലെ ആവാസ വ്യവസ്ഥയുടെ നാശത്തിന് സീ പ്ലെയിന്‍ സര്‍വീസ് വഴിയൊരുക്കുമെന്ന ആശങ്കയും പ്രബലമായിട്ടുണ്ട്. കേവലം ആറ് പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്നതാണ് സീ പ്ലെയിന്‍.
ഇത് ഭൂമിയില്‍ ഇറക്കാന്‍ രണ്ടായിരം അടി നീളവും 800 അടി വീതിയുമുള്ള, അഷ്ടമുടിക്കായലിന്റെ ഭാഗം സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നതോടെ ഈ ഭാഗത്തെ മത്സ്യബന്ധനം അസാധ്യമായിത്തീരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍, സീ പ്ലെയിന്‍ സര്‍വീസ് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെയോ, മത്സ്യസമ്പത്തിനെയോ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്.