കുവൈത്ത് സ്വദേശി വല്‍ക്കരണം:മലയാളികളടക്കം നൂറോളം പേര്‍ ഡല്‍ഹിയില്‍

Posted on: June 1, 2013 6:00 am | Last updated: June 1, 2013 at 9:01 am

b-429937-Kuwait_Cityന്യൂഡല്‍ഹി: സ്വദേശിവത്കരണത്തിന്റെ പേരില്‍ കുവൈത്തില്‍ നിന്ന് തിരിച്ചയച്ച 25 മലയാളികളടക്കം നൂറോളം ഇന്ത്യക്കാര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തി. നാട്ടിലേക്ക് പോകോനോ ഭക്ഷണം കഴിക്കാനോ ഉള്ള പണം കൈവശമില്ലാതെ ഡല്‍ഹിയില്‍ കുടുങ്ങിയ ഇവരെ എംബസി അധികൃതര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിയുണ്ട്. വിമാനത്തില്‍ കയറ്റി അയക്കുക മാത്രമാണ് കുവൈത്ത് അധികൃതര്‍ ചെയ്തത്. നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാന്‍ പോലും കഴിയാതിരുന്ന ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ നോര്‍ക്ക റൂട്ട്‌സ് സഹായവുമായി രംഗത്തുവരികയായിരുന്നു.

കുവൈത്ത് ജയിലുകളില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി 25000 ത്തിലേറെ പേരെ അസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ഡല്‍ഹിയില്‍ എത്തിയവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മലയാളികളെ കേരളാ ഹൗസിലേക്ക് കൊണ്ടുപോകാനും ടിക്കറ്റ് അടക്കം നല്‍കാനും നടപടി സ്വീകരിച്ചതായി സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് പറഞ്ഞു. കുവൈത്തില്‍ ജോലി സ്ഥലത്ത് നിന്നാണ് പലരെയും പോലീസ് അറസ്റ്റ് ചെയ്തതെന്ന് തിരിച്ചെത്തിയ മലയാളികള്‍ പറഞ്ഞു. പലരും ഒന്നും രണ്ടും ആഴ്ചയായി ജയിലില്‍ കഴിയുകയായിരുന്നു. മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തതായും ഇവര്‍ പറയുന്നു.
തടവുകാരെ കുവൈത്തില്‍ നിന്ന് വ്യാഴാഴ്ച ഷാര്‍ജയിലെത്തിച്ചതിനു ശേഷമാണ് ഇന്ത്യയിലേക്കു കയറ്റിവിട്ടത്. എയര്‍ അറേബ്യയില്‍ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. അതേസമയം, ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലില്‍ കഴിയുന്നുണ്ടെങ്കിലും ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇന്ത്യക്കാരെ കയറ്റിവിടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാറിനെ അറിയിക്കാത്ത കുവൈത്ത് അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി കെ സി. ജോസഫ് പറഞ്ഞു. സഊദിയിലെ നിതാഖാത് നടപടികള്‍ക്ക് പിന്നാലെയാണ് കുവൈത്തും സ്വദേശിവത്കരണ പാതയില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു നീങ്ങുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷം വീതം വിദേശികളെ പുറത്താക്കുമെന്ന പുതുതായി ചുമതലയേറ്റ തൊഴില്‍ മന്ത്രി ദകറ അല്‍ റഫീദിയുടെ പ്രഖ്യാപനത്തോടെയായിരുന്നു നടപടികളുടെ ആരംഭം.