സോഷ്യലിസ്റ്റുകളുടെ കൂട്ടായ്മ 31ന് കൊച്ചിയില്‍

Posted on: May 29, 2013 6:00 am | Last updated: May 29, 2013 at 10:01 am
SHARE

കൊച്ചി: കേരളത്തിലെ സോഷ്യലിസ്റ്റുകളുടെ ഏകോപനം ലക്ഷ്യമിട്ട് അവിഭക്ത ദള്‍ നേതാക്കാളുടെ കൂട്ടായ്മ കൊച്ചിയില്‍ നടക്കും
പാര്‍ട്ടി വിട്ടവരും പല പാര്‍ട്ടികളായി പിരിഞ്ഞു പോയവരുമായ സമാന ചിന്താഗതിക്കാരായ സോഷ്യലിസ്റ്റുകാരെ ഒരുമിപ്പിക്കുക എന്ന ആശയത്തോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി സോഷ്യലിസ്റ്റ് ജനതയില്‍ ഒരു പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നതിനൊപ്പം പുതിയൊരു രാഷ്ട്രീയ കൂട്ടായ്മയും രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍.
പഴയകാല ജനതാദള്‍ നേതാവും മുന്‍ എം പിയുമായ പി വിശ്വംഭരന്‍, എച്ച് എം എസ് ദേശീയ നേതാവും മുന്‍ എം പിയുമായ അഡ്വ. തമ്പാന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഈ മാസം 31ന് എറണാകുളത്ത് നടക്കുന്ന പരിപാടിയില്‍ വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദളിലെ മുതിര്‍ന്ന നേതാക്കളും മുന്‍ എം എല്‍ എമാരുമായ കെ കൃഷ്ണന്‍ കുട്ടി, എം കെ പ്രേംനാഥ്, ജനതാദളി (എസ്)ലെ അഡ്വ. മാത്യൂ ടി തോമസ് എം എല്‍ എ, അഡ്വ. ജോസ് തെറ്റയില്‍ എം എല്‍ എ, മുന്‍ എം എല്‍ എ എം കെ കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജനതാദള്‍ എസ് എറണാകുളം ജില്ലാ പ്രസിഡന്റും മുന്‍ ഡപ്യൂട്ടി മേയറുമായ സാബു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി, പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയോടെ നടത്തുന്ന പരിപാടിയില്‍ സോഷ്യലിസ്റ്റ് ജനത നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കൃഷ്ണന്‍കുട്ടി, പ്രേംനാഥ് എന്നിവരെ പോലുള്ളവരും പാര്‍ട്ടിയില്‍ കലാപക്കൊടി കാട്ടിയതിന് അച്ചടക്ക നടപടി നേരിടുന്നവരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നത് കടുത്ത നടപടിക്ക് നേതൃത്വത്തെ പ്രേരിപ്പിക്കുകയും പാര്‍ട്ടിയില്‍ വന്‍ പിളര്‍പ്പിന് ഇടയാക്കുകയും ചെയ്യും.
ഇതോടെ സോഷ്യലിസ്റ്റ് ജനതയില്‍ നിന്നും പുറത്തുവരുന്നവരെ കൂടി ഉള്‍പ്പെടുത്തി ജനതാദളിനെ ശക്തിപ്പെടുത്തുകയാണ് സംഘാടകരുടെ ലക്ഷ്യം.
31ന് രാവിലെ 10.30ന് എറണാകുളം ഭാരതീയ വിദ്യാഭവന്‍ ഹാളില്‍ അഡ്വ. തമ്പാന്‍ തോമസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി പി വിശ്വഭരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. തമ്പാന്‍ തോമസ് എറണാകുളത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here